Sunday, July 24, 2011

"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...

"നീ  ഒന്ന് വായടക്കുമോ"ഒരു അഞ്ചു മിനിറ്റ് മിണ്ടാതിരുന്നാല്‍ നിനക്കെന്തെങ്കിലും സംഭവിക്കുമോ ? ചെറുപ്പം മുതല്‍ ഞാന്‍ കേട്ട് മടുത്ത വാക്കുകള്‍ എന്‍റെ സംസാരം ഇത്രക്ക് മുഷിപ്പിക്കുന്നുവോ ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു !! ഉത്തരം പലപ്പോഴും ഇറ്റിവീഴുന്ന മിഴിനീര്‍ തുള്ളികള്‍ മാത്രമായിരുന്നു. കാരണം, എന്നെ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കിടയിലെ   ഈ ജീവിതം  എനിക്കെന്നേ മടുത്തിരുന്നു. പിന്നെ അതെനിക്കൊരു ശീലമായി.

                                               പിന്നീട്.. ഒരു പാട് കാലത്തിനുശേഷം എന്നെ കേള്‍ക്കാന്‍ എനിക്കൊരു കൂട്ടുകാരനെ കിട്ടി. ഞാനെത്ര പറഞ്ഞാലും മതിവരാത്ത പോലെ വീണ്ടും ആര്‍ത്തിയോടെ പറയുമ്പോള്‍, എത്ര കേട്ടിട്ടും മതിവരാത്ത പോലെ " എന്നിട്ട് " എന്ന ചോദ്യവുമായി അവന്‍ എന്നെ കേട്ടുകൊണ്ടേയിരുന്നു. എന്‍റെ സന്തോഷത്തിന് അതിരില്ലാതെയായി. ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു. മഴയും ,പൂവും ,മലയും ,പുഴയും എന്ന് വേണ്ട ഈ ഭൂമിയിലെ എല്ലാത്തിനെ കുറിച്ചും ഞങ്ങള്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞപ്പോള്‍ പലപ്പോഴും ഞങ്ങള്‍ രണ്ടു പക്ഷക്കാരായി. അത് പറഞ്ഞു നിര്‍ത്തുന്നിടം മുതല്‍ ഞങ്ങള്‍ വീണ്ടും ഒന്നായി. കഥകള്‍ കവിതകള്‍ എല്ലാം എല്ലാം ഞങ്ങള്‍ ചര്‍ച്ചചെയ്തു.എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി 'മാധവികുട്ടി' മുതല്‍ അവന്‍റെ പ്രിയപ്പെട്ട നേതാവ് വരെ ഞങ്ങളുടെ നാവുകള്‍ക്ക് ശക്തി പകര്‍ന്നു.എന്നിട്ടും എന്‍റെയുള്ളില്‍ വേവലാതിയായിരുന്നു. എന്നെ മുഷിഞ്ഞു കാണുമോ എന്ന ഭയമായിരുന്നെനിക്ക്. എന്നാലവന്‍ സംശയത്തിനൊരു അണുവിട  നല്‍കാതെ  കേട്ട് കൊണ്ടേയിരുന്നു.

                                       ഇടക്കെപ്പോഴോ ശബ്ദം വല്ലാതെ ഇടറി!! കൂടുതല്‍ സംസാരിച്ചിട്ടാണെന്നും പറഞ്ഞു വീട്ടുകാര്‍ വഴക്ക് പറഞ്ഞു (പണ്ടേ അതങ്ങിനെ ആയിരുന്നല്ലോ ) പക്ഷെ, അവന്‍ പറഞ്ഞു : "നിന്‍റെ സ്വരം വല്ലാതെ ഇടറുന്നു നീ ഒന്ന് പോയി ഡോക്ടറെ കാണിക്ക്". അധികം കാത്തിരിക്കേണ്ടി വന്നില്ല. "ശബ്ദത്തിനു വിശ്രമം കൊടുക്കണം "എന്ന ഉപദേശം കിട്ടി. പിന്നെ എനിക്ക് വിരസതയുടെ നാളുകളായിരുന്നു. അസുഖം മാറാതെ സംസാരിക്കേണ്ട എന്നു  പറഞ്ഞവനെന്നെയകറ്റി നിര്‍ത്തി. അതെനിക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു. ഇപ്പോള്‍ അനുഭവിക്കുന്ന വേദനയെക്കാളും അപ്പുറത്തായിരുന്നു അതെനിക്ക്. വീണ്ടും പലതവണ കയറിയിറങ്ങി ആശുപത്രിയുടെ വാതിലുകള്‍. പിന്നെ, താമസം മരുന്ന് മണക്കുന്ന ഇടുങ്ങിയ ഈ നാലു ചുവരുകള്‍ക്കുള്ളിലേക്ക് പറിച്ചു നടപെട്ടു. ഇവിടെ പക്ഷെ ഞാന്‍ എത്ര "ഭാഗ്യവതി ". എനിക്ക് ഇത് വരെ  കാണാന്‍ കഴിയാതെ പോയ ഒരു ലോകം ! പക്ഷെ ഞാന്‍ കാണേണ്ടിയിരുന്ന ഒരു ലോകം. അതാണെനിക്കീ കാന്‍സര്‍ വാര്‍ഡ്‌!!

                                     ചേച്ചി എന്താ വായിക്കുന്നേ ? എന്നെ ചിന്തകളില്‍  നിന്ന് ഉണര്‍ത്തിയത് 'ചിന്നുമോളുടെ' ചോദ്യമായിരുന്നു. ഒരു കഥാപുസ്തകമാണ് മോളു. ഞാന്‍ സ്നേഹത്തോടെ അവളെ എടുത്തു എന്‍റെ കട്ടിലിന്‍റെ അരികിലിരുത്തി. പേവാര്‍ഡ്‌ എടുക്കാം എന്ന് കുറെ പറഞ്ഞതാണ് വീട്ടുകാര്‍. എനിക്ക് പക്ഷെ ഇവിടമായിരുന്നു സന്തോഷം. ഒന്നുമില്ലേലും ഈ മോളുടെ കൂടെ ഇരിക്കല്ലോ..അത്രയേ ഞാന്‍ ഓര്‍ത്തുള്ളൂ. ."എനിക്കും പറഞ്ഞു തരുമോ അതിലെ കഥ "ചിന്നു മോള്‍ വീണ്ടും. എത്ര കഥ പറഞ്ഞാലും മതിവരാത്ത ആളാണീ ചേച്ചി എന്നവള്‍ക്കറിയില്ലല്ലോ.! ഇന്ന് പക്ഷെ ചേച്ചിക്ക് മിണ്ടാന്‍ വയ്യ. വേദന അസഹ്യമാകുമ്പോള്‍ വാവിട്ട് കരയാനല്ലാതെ ഇന്നീ ചേച്ചി വായ തുറക്കാറില്ലെന്നു പാവം കുഞ്ഞിനറിയില്ലല്ലോ.
                             
         സിസ്റ്റര്‍ ചിന്നു മോളെ കൊണ്ടുപോകാനായി വന്നു.  ഇനി അവള്‍ടെ കരച്ചില്‍ കേള്‍ക്കണം.എനിക്ക് വയ്യ. ഞാന്‍ ചെവി പൊത്തിപ്പിടിച്ചു. ഇന്നവള്‍ നാളെ ഞാന്‍..! ഈ ചികിതസകള്‍ എല്ലാം മതിയായിരിക്കുന്നു. വീട്ടില്‍ പോണം. പല തവണ ഡോക്ടറോട്‌ ചോദിച്ചതാണ് ആദ്യമൊന്നും സമ്മതിച്ചില്ല. അവസാനം, വാശി പിടിച്ചു ഞാനത്  നേടിയെടുത്തു.എന്‍റെ വീട്ടില്‍ കിടന്നാകണം എല്ലാം അവസാനിക്കേണ്ടത്.അതാണെന്‍റെ  ഇനിയവശേഷിക്കുന്ന ഒരു മോഹം.

                          നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു ഞാന്‍. സമ്മതം കിട്ടി എന്നറിഞ്ഞപ്പോള്‍ തന്നെ ഉടുപ്പുകള്‍ അടുക്കിവെച്ചു. യാത്ര ചോദിയ്ക്കാന്‍ ഒരു പാട് പേരുണ്ട്. ഇന്നലെ അഡ്മിറ്റ്‌ ചെയ്ത ദേവു അമ്മ മുതല്‍, വന്ന അന്ന് മുതല്‍ കൂടെ ഉണ്ടായിരുന്ന വിമല്‍ വരെ..ആരും കരഞ്ഞില്ല. കാരണം, ഇവിടെ ഒരാളും എത്തിപ്പെടല്ലേ എന്ന് തന്നെയാണെല്ലാവരും ആഗ്രഹിക്കുന്നത് എന്നത് തന്നെ.. വിമല്‍ പറഞ്ഞു "സോനു എന്നെങ്കിലും ഒരിക്കല്‍ ഇവിടുന്നു മോചനം ഉണ്ടെങ്കില്‍ ഞാന്‍ വരാം നിന്നെ കാണാന്‍. അന്ന് നിന്‍റെ  കൂടെ നിന്‍റെ കഥകള്‍ എഴുതുന്ന കൂടുകാരനും ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കാം" ഒന്ന് ചിരിച്ചു ..നിര്‍വികാരതയോടെ
                                                      പിന്നെ, തിരിഞ്ഞു നോക്കാതെ നടന്നു.  ഒരു ഒളിച്ചോട്ടം പോലെ വേഗത്തില്‍ അതിവേഗത്തില്‍.. പക്ഷെ, മുന്നിലൂടെ ഒരു സ്ട്രെക്ചെര്‍ കടന്നു പോയപ്പോള്‍ നില്‍ക്കാതെ കഴിഞ്ഞില്ല. പിന്നാലെ കണ്ണിലൂടെ ചോരയൊലിക്കുന്ന രൂപത്തില്‍ നില്‍ക്കുന്ന ചിന്നുവിന്‍റെ അമ്മയെ കണ്ടപ്പോള്‍ തലകറങ്ങി. ആ കുഞ്ഞു മുഖം ഒന്ന് കണ്ടു അവസാനമായി. അഞ്ചു വയസ്സാണ് അവളുടെ പ്രായം. വിരിഞ്ഞു നില്‍ക്കുന്ന റോസാപൂ കണക്കെ അവളെന്‍റെ മുന്നില്‍ ചിരിതൂകി നില്‍ക്കുന്നുവിപ്പോഴും. കഥപറഞ്ഞു തരുമോന്നു ചോദിച്ചു  ചിന്നുമോളിനി വരില്ല. ചേച്ചിയുടെ ദീനം മാറട്ടെ... എന്നിട്ട്  മോളുന് ഒരു നൂറു കഥ പറഞ്ഞു തരാം ഈ ചേച്ചി, എന്നിനി കള്ളം പറയേണ്ടിയും വരില്ല. മനസ്സ്  ഒരു നിമിഷം നിശ്ചലമായി.

                                   കാണാന്‍ വരുന്നവരുടെ തിരക്കായിരുന്നു കുറെ നേരം. ഇപ്പോള്‍ ഞാന്‍ സംസാരിക്കാത്ത സങ്കടമാണെല്ലാവര്‍ക്കും. ഞാനൊന്നു മിണ്ടാതിരിക്കാന്‍ പണ്ടിവരെല്ലാം  ഒള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്നോ ? അറിയാതെ ഒരു ശങ്ക... "ഏയ്‌ ..അങ്ങിനെ ഒന്നും ഉണ്ടാവില്ല " ഞാനെന്നെ തന്നെ സമാധാനിപ്പിച്ചു. ലാപ്ടോപ് ആകെ പൊടിപിടിച്ചു കിടക്കുകയാണ്. എന്‍റെ ഓര്‍മ്മകള്‍ പോലെ..ഈയിടെ  ഒന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറില്ല. എല്ലാം അങ്ങിനെ പൊടിപിടിച്ചു കിടക്കട്ടെയെന്നു കരുതിയെങ്കിലും  നിയന്ത്രിക്കാനായില്ല എനിക്കെന്‍റെ മനസ്സിനെ..
                                സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ് എന്‍റെ മുറിയില്‍ ഞാന്‍ മാത്രമായി. വേഗം ലാപ്ടോപ് ഓണ്‍ ചെയ്തു.അവനുണ്ടാകുമോ.? അറിയില്ല. മനസ് വല്ലാതെ പിടച്ചു.ആശുപത്രിയില്‍ കിടന്നപ്പോള്‍ രണ്ടു തവണ ഞാന്‍ മെസ്സേജ് അയച്ചിരുന്നു. മറുപടി ഒന്നും കിട്ടാതിരുന്നപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ആധിയായിരുന്നു. എന്തെ ഒന്ന് വിളിച്ചില്ല..? പലപ്പോഴും ഓര്‍ത്തു. തിരക്കായിക്കാണും,അങ്ങിനെ സമാധാനിച്ചു ഞാന്‍. അത്രയ്ക്ക് തിരക്കുണ്ടാകുമോ മനസ്സ് പലപ്പോഴും സംശയാലുവായി "എന്‍റെ സോനു നിന്‍റെ കഥകള്‍ കേള്‍ക്കാത്ത ദിവസം എനിക്ക് പൂക്കള്‍ വിരിയാത്ത പ്രഭാതം പോലെ" എന്നെത്ര തവണ പറഞ്ഞിരിക്കുന്നു. എന്നിട്ടുമെന്തേയൊന്നു വിളിച്ചില്ല ?? മനസ്സ് കലുഷമായി. തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങി..ശാന്തമായ കടല്‍ പെട്ടെന്ന് ക്ഷുഭിതമായി. മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഒന്നിച്ചുയര്‍ന്നു !

                           ഉണ്ട്.ആള്‍ ഓണ്‍ലൈനില്‍ ഉണ്ട്. ദൈവമേ നീ എത്ര മഹാന്‍! വേഗം ഒരു ഹായ് അടിച്ചു. കുറച്ചു നേരത്തേക്കൊരു മറുപടിയും കണ്ടില്ല. എന്തേ  തിരക്കിലാണോ.. ? വീണ്ടും ചോദിച്ചു. മറുപടി വന്നു "ബിറ്റ് ബിസി ,ഐ വില്‍ ക്യാച്ച് യു ലെടെര്‍". മനസ്സിന്‍റെ താളം തെറ്റുന്നുവോ..? ഭൂമി കീഴ്മേല്‍ മറിയുന്നുവോ ? തൊണ്ട വരണ്ടു. എന്നിട്ടും കാത്തിരുന്നു. തിരക്കൊഴിഞ്ഞിട്ട് വരാതിരിക്കില്ല. മനസ്സ് കൊച്ചുകുട്ടിയെ പോലെ വാശിപിടിച്ചു. ചിന്നു മോളെ ഓര്‍ത്തു, കാന്‍സര്‍ വാര്‍ഡ്‌ ഓര്‍ത്തു .വേണ്ടിയിരുന്നില്ല .വരേണ്ടിയിരുന്നില്ല ..അവിടെ തന്നെ മതിയായിരുന്നു. അല്ലെങ്കില്‍, ആ കുഞ്ഞു മോള്‍ക്ക്‌ പകരം ദൈവത്തിന് എന്നെ എടുത്തൂടയിരുന്നോ ? പലതും ഓര്‍ത്തു. അവസാനം തിരികെ പോകാമെന്ന് തീരുമാനിച്ചു അവിടെയാകുമ്പോള്‍ ഒന്നും ഓര്‍ക്കില്ല. തന്നെക്കാള്‍ വേദനിക്കുന്ന കുറെ ആള്‍ക്കാര്‍ക്കിടയില്‍  ഒന്നും ഓര്‍ക്കാതെ ..ഒന്നും അറിയാതെ ,സാവധാനം വേദനയില്ലാത്ത ലോകത്തേക്കെനിക്ക് യാത്രയാകാം.

                         ലാപ്‌ ടോപ്‌ അടക്കുവാനൊരുങ്ങുമ്പോള്‍ ഒരു മെസ്സേജ് കണ്ടു "സോനു ശബ്ദത്തിന്‍റെ ലോകമാണിത്  ചാറ്റിങ്.  ഇവിടെ സ്നേഹത്തിനോ  ആത്മാര്‍ത്ഥതക്കോ  സ്ഥാനം കുറവാണ്. ശബ്ദമില്ലാതെ നീ എങ്ങിനെ എന്നോട് സംസാരിക്കും..? ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്നെ ഓര്‍ത്തു ഞാനെന്തിനെന്‍റെ സമയം കളയണം..? .നീ എനിക്ക് കൂടെ ഉണ്ടായിരുന്നപ്പോള്‍ പ്രിയപ്പെട്ടവളായിരുന്നു. അന്ന് പക്ഷെ, നിന്നെയായിരുന്നില്ല നിന്‍റെ  ശബ്ദത്തെയായിരുന്നു ഞാനിഷ്ടപ്പെട്ടത് . ഇന്ന് നിനക്കത് നഷ്ടമായിരിക്കുന്നു.  നിന്നോടുള്ള എന്‍റെ  ഇഷ്ടവും മരിച്ചിരിക്കുന്നു.

                     ‍"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...,
                      ഓര്‍ക്കാതിരിക്കുക നീ ഇനിയുമീ എന്നെ ...."

                              മരുന്ന് മണക്കുന്ന ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാനിന്നു സ്വസ്ഥ. ആരോടും പരാതിയില്ല പരിഭവമില്ല. വേദന അസഹ്യമാകുമ്പോള്‍ പോലും ഇന്ന് ഞാന്‍ വാവിട്ട് കരയാറില്ല. അതിനായ് പോലും ഞാനെന്‍റെ  നാവ് ചലിപ്പിക്കാറില്ല. ഇന്നെനിക്ക് നന്ദി ദൈവത്തോട് മാത്രം.. ഇങ്ങനെ ഒരു രോഗം എനിക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ സ്നേഹിച്ചു സ്നേഹിച്ചവസാനം ഞാനെന്‍റെ  ജന്മം വെറുതെ ആക്കിയേനെ .....കളഞ്ഞേനെ ഞാനെന്‍റെയീ  ജന്മമൊരു പാഴ്ജന്മമായ് !
                        അവധി കാത്തിരിക്കുന്ന കുറ്റവാളിയെ പോലെ ജീവിതം മടുപ്പായി തുടങ്ങിയപ്പോള്‍ ഞാനിതിനെ എങ്ങിനെ ജീവിച്ചു തീര്‍ക്കാം എന്നാലോചിച്ചു.  പിന്നെ , തീരുമാനിച്ചു. കാന്‍സര്‍ വാര്‍ഡില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങള്‍..!! അവര്‍ക്കൊരു കൈ താങ്ങാവാനായാല്‍ ഈ ജന്മം സഫലമാക്കാം.. എന്നൊരു തോന്നല്‍. പിന്നെ സിസ്റ്റര്‍മാരുടെ കൂടെ അതിനുള്ള ശ്രമമായി.ആര്‍ക്കുമൊരു ഭാരമാവാതെ ഇതൊന്നു തീരുന്നവരെ ഇങ്ങനെ പോണം..ശേഷം, പൂക്കളുടെ ലോകത്തേക്ക് യാത്രയാവണം അതുവരേക്കും എല്ലാവര്‍ക്കും നല്ലതു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ....സ്നേഹത്തോടെ ...

43 comments:

വയ്കിയാണെങ്കിലും വന്നു,വായിച്ചു.
മുന്‍ പോസ്റ്റുകളും കുറച്ചു വായിച്ചു.
വളരെ നല്ല എഴുത്ത്‌ ശയിലി.ഇഷ്ട്ടപ്പെട്ടു.ആശംസകള്‍.
 
ഈ പോസ്റ്റ്‌ വല്ലാത്ത ഒന്ന് തന്നെ.
എന്തെഴുതണമെന്നു അറിയുന്നേയില്ല..!?
 
ബോറോന്നു മായില്ല ഇഷ്ട്ടപ്പെട്ടു
ഒരു പഴം ചൊല്ല് ഓര്‍ത്തു പോയി
ഉര്‍വശി ശാപം ഉപകാരം

സ്നേഹിച്ചു സ്നേഹിച്ചവസാനം ഞാനെന്‍റെ ജന്മം വെറുതെ....
ഇത് ഒത്തിരി ഇഷ്ട്ടായി ട്ടോ ;
 
എന്താ ഇത്...വിഷമിപ്പിക്കുവാണോ. ഒരു സമസ്യ ഇട്ടുതന്നിട്ട് മിണ്ടാതിരിക്കുവാണോ
 
@പ്രിയപ്പെട്ട ~ex-pravasini* ,
ഇവിടെ കാണാന്‍ കഴിഞ്ഞതിനെ ഒരു ഭാഗ്യമായി കരുതുന്നു ..സന്തോഷം .ഒന്ന് നേരില്‍ കാണണം എന്നാഗ്രഹിചിട്ടുണ്ട് ഇയാള്‍ടെ ബ്ലോഗ്‌ വായിച്ചപ്പോഴെല്ലാം .അത്രക്കിഷ്ട്ടമായിട്ടുണ്ട് അതിലെ എല്ലാ പോസ്റ്റുകളും .പ്രോത്സാഹനതിന്നു നന്ദി .കൂടെ ഇനിയും കാണാം എന്ന ആഗ്രഹവും .പ്രാര്‍ത്ഥനയോടെ ..ഒരുപാടിഷ്ടത്തോടെ ..സൊണെററ്
@Pradeep paima
ഈ വരവിനേയും വായനയും സന്തോഷത്തോടെ കാണുന്നു .സന്തോഷം നല്‍കുന്ന അഭിപ്രയതിന്നു നന്ദി .ഉര്‍വശി ശാപം ......ഹും ഒരു തരത്തില്‍ പറഞ്ഞാല്‍ അങ്ങിനെ തന്നെ ...ഇന്ന് ഞാന്‍ ദൈവത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നു .മരണം അടുത്ത് എന്നത് കൊണ്ടല്ല ..ഒരു പിടി നല്ല സുഹ്രത്തുക്കള്‍ കൂടെ ഉണ്ടെന്ന അനുഗ്രഹത്തിന്നു
പ്രാര്‍ത്ഥനയോടെ സൊണെററ്
@അജിത്‌
പ്രിയപ്പെട്ട ഏട്ടന്,
ഈ വരവിനേയും വായനയും എന്റെ ഭാഗ്യമായി കാണുന്നു ..വിഷമിപ്പിച്ചോ ഞാന്‍ ?എങ്കില്‍ മാപ്പ് ...പൂരിപ്പിക്കനാവാത്ത ഒരു സമസ്യ പോലെ തോന്നുന്നോ!ജീവിതം ഇങ്ങനെ ഒക്കെ അല്ലെ.! പിന്നെ കുറെ നാള്‍ കഴിഞ്ഞു ചിലപ്പോള്‍ പുതിയ പോസ്റ്റുകള്‍ ഒന്നും കാണാതെ ആകുമ്പോള്‍ ഒരു പക്ഷെ നമ്മുടെ "സുന്ദര്‍ രാജ് "സര്‍പോലെ ഓരോര്മാമാത്രമാകുന്ന വേളയില്‍ ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും .കാത്തിരിക്കാം ...
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സോന്നെറ്റ്
 
ഒന്നു മിണ്ടിയാൽ കൊള്ളമെന്നുണ്ട് :(
 
വെറും കിനാവും കണ്ണീരും മാത്രമേ നിറെയ്‌ ബ്ലോഗ്‌ ഇല്‍ ഉള്ളു?ഇടക്കൊക്കെ ഒന്ന് ചിരിക്കാനുള്ളത് വല്ലതും പോസ്റ്റ്‌ ചെയ്യെടോ....

ഇത് എന്തായാലും അടിപൊളി ആയിട്ടുണ്ട്
 
പോസ്റ്റ് വായിച്ചു,
ഇത് വായിച്ചപ്പോള്‍ എനിക് ഓര്‍മ വന്നത് മെഡിക്കല്‍ കോളേജില്‍ ഒരിക്കല്‍ ഞാന്‍ ഈ കാന്‍സര്‍ വാര്‍ഡില്‍ പോകാന്‍ കാരണമായി, അവിടെ നില്‍ക്കാനും
അന്ന് എന്റെ മനസ്സില്‍ ഞാന്‍ കണ്ട ഒരു ഇരുപത്തി അഞ്ചുകാരന്‍, ഇന്നും മനസ്സില്‍ നിന്ന് മറനിട്ടില്ലാ, അയാളുടെ ചെറിയ ഒന്നുമറിയാത കുട്ടിയും ഭാര്യയും അടുത്തിരിക്കുന്ന ആ ചിത്രം എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ലാ......

ജീവിതം, അത് ദൈവം തന്നു, ദൈവം ഒരു പരീക്ഷണത്തിന് വേണ്ടി പടച്ച് നാം ഈ ജീവിതം അവന്റെ കാരുണ്യമാണെന്ന് കരുതുക,
അവന് കടപെട്ടിരിക്കുന്നു,
ജീവിതത്തിലുടനീളം അവനോട് അപേക്ഷിക്കാം
 
നന്നായി, നല്ല ഒഴുക്കുള്ള കഥ. ആശയം പഴയതാണെങ്കിലും ഒരിക്കലും മടിക്കില്ല ഇങ്ങനെയുള്ള കഥകള്‍. എപ്പോളും ഒരു സൌന്ദര്യം ഉണ്ടിതിനു
 
ഹൃദയത്തെ വല്ലാതെ ആകുലത പെടുത്തുന്ന എഴുത്ത്
സ്വാര്‍ത്ഥതയുടെ പുതിയ ലോകത്തിന്‍റെ വേദന തരുന്ന ഒരു ചിത്രം
നന്നായിരിക്കുന്നു ആശംസകള്‍
 
@ഇട്ടി മാളു ,എന്റെ നഷ്ടസ്വപ്നതിലേക്ക് സ്വാഗതം .സംശയമെന്താ നമുക്ക് മിണ്ടാല്ലോ!(ദൈവം അനുഗ്രഹിച്ചാല്‍ )
@zameel ,പ്രിയപ്പെട്ട സുഹ്രത്തെ..വായനക്ക് ആദ്യമേ നന്ദി അറിയിക്കാതെ (നമുക്കിടയില്‍ നന്ദി പറച്ചില്‍ എന്തിനാ അല്ലെ ?
വാക്കുതരുന്നു.എന്റെ പ്രിയസുഹ്രതിന്നു..അടുത്ത പോസ്റ്റ്‌ ഒരു യമഗണ്ടന്‍ തമാശ തന്നെ
"മനസ്സില്‍ സന്തോഷം തോന്നാതെ എങ്ങിനെ ഞാനതിനെ എഴുത്തും "എനിക്കറിയില്ല .((മനസ്സില്‍ വരുന്നതിനെ കുറിച്ച് വെക്കുബോഴാണ് എന്റെ ഓരോ പോസ്റ്റും ജനിക്കുന്നത് ..സങ്കടങ്ങള്‍ക്ക് കൂട്ടിരിക്കാനായിരിക്കും എന്റെ നിയോഗം .വിധിയെ തിരുത്താന്‍ ആര്‍ക്കാണ് ആവുക ?))
@ഷാജു അത്താണിക്കല്‍
ഈ വരവിനേയും വായനയും സന്തോഷത്തോടെ കാണുന്നു .ഷാജു പറഞ്ഞതെത്ര ശെരി .ചില മുഖങ്ങള്‍ നമുക്ക് മറക്കാനാവില്ല .പ്രതേകിച്ചു ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ നിന്നും കണ്ടുമുട്ടുന്നവരെ .ചില മുഖങ്ങള്‍ നാം എത്ര ശ്രമിച്ചാലും മറന്നു പോകില്ല .ഓര്‍ക്കനിഷ്ടപെടാതിരുന്നാല്‍ പോലും.ചില മറവികള്‍ നമുക്ക് സ്വസ്ഥത തരും .ചിലത് നമ്മുടെ സ്വസ്ഥത നശിപ്പിക്കും
@സിവില്‍ എഞ്ചിനീയര്‍
സ്വാഗതം എന്റെ ഈ വേദനകളുടെ ലോകത്തേക്ക് ..ഇവിടം വേഗം മുഷിയും ഇയാള്‍ക്ക് കാരണം ഇവിടെ നര്‍മം കാണാനൊക്കില്ല.സങ്കടം കൂടുതലായുണ്ട് താനും .
ഒഴുക്കുള്ള കഥ പോലെ തോന്നി അല്ലെ ?നല്ലത് ഇനി ഞാനൊരു കഥാകാരിയുടെ വേഷമടാം ....ആടിയാടി മതിവന്നാല്‍ പിന്നെ ............................
നന്ദി ഈ വരവിനും വായനക്കും
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊണെററ്
 
@കൊമ്പന്‍
സത്യം പറയട്ടെ .ഞാനിപ്പോള്‍ ഓര്‍ത്തു കണ്ടില്ലല്ലോ എന്ന് .പറഞ്ഞ വാക്ക് പാലിക്കാനായില്ല .ക്ഷമിക്കുക .വീണ്ടും ഇവിടെ കാണാനായതില്‍ സന്തോഷം ഉണ്ട്.ഇത്ര അടുതുണ്ടായിട്ടും ഒരുപാട്അകലെ അല്ലെ?ഇപ്പോള്‍ സ്വയം ഉള്വലിയുകയാണ്.കാരണം നിസ്സാരം ..ഞാന്‍ വെറുതെ ഒരു കുരിശാകരുതല്ലോ ആര്‍ക്കും !ഓഹോ അപ്പോള്‍ ഞാനും തമാശയൊക്കെ പറയും .(ഇപ്പോള്‍ ഞാന്‍ പെരു മഴയത്താണ് അതുകൊണ്ട് എന്റെ കണ്ണുനീര്‍ ആരും കാണില്ല .)
നന്ദി ഈ വരവിനും വായനക്കും ..പ്രാര്‍ത്ഥനയോടെ സൊണെററ്
 
പലപ്പോഴും പറഞ്ഞുകേട്ട ആശയമാണെങ്കിലും എഴുത്തില്‍ വ്യത്യസ്തതയുണ്ട്. സാമാന്യം നല്ല ഒഴുക്കുണ്ട്. തുടരുക.
 
കഥയാണെന്ന് വിചാരിച്ച് വായിച്ചു. മറ്റൊന്നും വിചാരിയ്ക്കാനുള്ള ധൈര്യമില്ലെനിയ്ക്ക്.
 
എഴുത്തിന്റെ ലളിതവും വശ്യവുമായ രീതി മുഴുവായനയെ പ്രേരിപ്പിക്കുന്നു.
ഇന്ന് നമ്മളെ ഓരോന്നായി വീതിച്ചു കൊടുത്തിരിക്കുന്നു. നോക്കൂ ഡോക്ടര്‍മാരെ തന്നെ..ഓരോ വിരലിനു വരെ പ്രത്യകം സ്പെഷളിസ്റ്റുകള്‍ !!!
അതുപോലെ,സ്നേഹതിനെയും നാം വീതിച്ചു നല്‍കി.
ഇന്ന് എല്ലാവരും ശബ്ദം, എഴുത്ത്, സൌന്ദര്യം, ശരീരാവയവങ്ങള്‍ .... മുതലായവയെയാണ് മിക്കവാറും ഇഷ്ടപ്പെടുന്നത്. പക്ഷെ 'മനുഷ്യനെ'ഇഷ്ടപ്പെടുന്നവര്‍ ഇന്ന് വിരളമാണ്.
 
സ്നേഹത്തിലെ ആതാമാര്‍ത്ഥത അറിയുക അതിലൊരാള്‍ പ്രതിസന്ധികളില്‍ അകപ്പെടുംബോഴാണ്. ഇവിടെ ശബ്ദം നഷ്ടപ്പെട്ടവളുടെ സൗഹൃദം നിഷേധിക്കുന്ന സുഹൃത്ത് മനുഷ്യരിലെ
സ്വാര്‍‍ത്ഥക്ക് നല്ല ഉദാഹരണമാണ്.

കാന്‍സര്‍ വാര്‍ഡിലെ നിശ്ശബ്ധത അമ്പരപ്പിക്കുന്നതാണ്. ഓരോരുത്തരും ജീവിതത്തിന്‍റെ പുറമ്പോക്കില്‍ മരണത്തിന്‍റെ കാലൊച്ചക്കായി കാതോര്‍ക്കുകയാണോ എന്ന് തോന്നിപ്പോകും. സ്നേഹം നിഷേധിക്കപ്പെട്ട നായിക തുല്യ ദു:ഖിതര്‍ക്കിടയിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കഥ അനുവാചകരുടെ മനസ്സിനെ ഏറെ നൊബരപ്പെടുത്തുന്നു.

ഒഴുക്കുള്ള ആഖ്യാനത്തിലൂടെ അടുക്കോടെ പറഞ്ഞു വെച്ച കഥയുടെ Ending അല്പം നീണ്ടുപോയി എന്ന് തോന്നി. എങ്കിലും പ്രമേയത്തിലും അവതരണത്തിലും കഥ മികച്ച നിലവാരം പുലര്‍ത്തി.
 
നന്മ കാംക്ഷിക്കുന്ന ഒരു മനസ്സിന് അവിശ്വസനീയമാണ് ഈ ലോകം.
അത് കൊണ്ട് തന്നെ, ഇത്തരം കേവല സ്വാര്‍ത്ഥ രൂപങ്ങള്‍ അസ്വീകാര്യവും ആകുന്നു. കഥ, പല ജീവിതങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. { നാട്ടിലായിരുന്ന സമയത്ത് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ചു പ്രവര്‍ത്തിച്ച നാളുകള്‍.. അതിനെ എങ്ങനെയാ വിശേഷിപ്പിക്കുക എന്നെനിക്കറിയില്ലാ..!!!} കഥയിലെ ദീനം സമൂഹത്തിന്‍റെ ദൈന്യതയുടെ മുഖം കൂടെയാണ്. പക്ഷെ, പലപ്പോഴും നാം നിസ്സഹായരുമാണ്.
കഥയിലെ വരികളില്‍ കണ്ണീരുപ്പ്‌ പടരുന്നു.

ഇനിയുള്ള സന്ദര്‍ശനത്തില്‍ കൂടെ ചിരിക്കാനുള്ള അവസരമൊരുക്കുമെന്ന് പ്രതീക്ഷ.
 
വായിച്ചു എന്തു പറയണം എന്നറിയില്ല വായിച്ചപ്പോള്‍ സങ്കടമായി .. ഒതുക്കതോടെയുള്ള എഴുതു ലളിതമായ ശൈലി ... പക്ഷെ ഹ്രദയ ത്തെ നൊമ്പരപ്പെടുത്തി .. ആരെയും സ്നേഹിക്കരുത് സ്നേഹിച്ചാല്‍ തന്നെ ഒന്നും തിരിച്ചു പ്രതീക്ഷിക്കൌര്‍ത്തു ഒരു സ്വന്തന വാക്ക് പോലും ... എന്നു മനസിലായി .... ദൈവം നല്ലത് വരുത്തട്ടെ .... ഇതൊരു കഥ മാത്രം ആകട്ടെ ... പ്രാര്‍ത്ഥനയോടെ ...
 
കഥ നന്നായിരിക്കുന്നു.നല്ല അക്ഷരങ്ങള്‍.ഇത് ഏത് ഫോണ്ടാണ്?
 
നൊമ്പരപ്പെടുത്തുന്ന വരികൾ
പക്ഷെ, ശബ്ദത്തെ മാത്രം സ്നേഹിച്ച ഹൃദയമില്ലാത്തവരും ......
എനിക്കെന്തോ അതു വിശ്വസിക്കാൻ അല്പം പ്രയാസം തോന്നി. എങ്കിലും നീയിങ്ങനെ മരണത്തെ സ്വപ്നംകാണുന്നതിനോടെനിക്കത്രയോജിപ്പില്ല. ജീവിതം പ്രതീക്ഷകളുടേതാണ്. പ്രതീക്ഷകളുടേത് മാത്രം...
 
സൊണറ്റ്
നിങ്ങളുടെ വാക്കുകളില്‍ മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്നുണ്ടോ .മനുഷ്യര്‍ പലവിതം പരസ്പ്പരം ഹ്രടയം കൈമാര്ന്‍ പറ്റില്ലല്ലോ അതുകൊണ്ട് കാണാത്ത കുട്ടുകാരിയുടെ ശബ്ദത്തെ പ്രണയിച്ചു അത് യാത്ര്ത്യം ..ക്യാന്‍ സാറും ആ നിശബ്ദതയും മരണം മുന്നില്‍കണ്ടു ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലോതോക്കി ജീവിക്കുന്നവര്‍ .....വളരെ ന്നലൊരു മെസ്സേജു ഇതിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചതില്‍ അഭിനതനങ്ങള്‍.ഇനിയും പ്രതീക്ഷിക്കുന്നു
 
"കഥകളേക്കാള്‍ ഭാരമില്ല ഈ ഭൂമിക്ക്ക്കുമെണ്നറിയുക.. ഭാരമില്ല ഒരു സമുദ്രത്തിനും..." കഥകള്‍ അങ്ങിനെ തുടരട്ടെ... എന്നെ ഡിഗ്രിക്ക്‌ പടിപ്പിച്ച നാരായണന്‍ മാഷ് പറയാറുള്ളത്‌ പോലെ 'എത്ര കഥകള്‍ നമ്മുടെ മനസ്സിലുണ്ടോ അത്രയും വിശാലമായിരിക്കും നമ്മുടെ മനസ്സ്‌...'

സങ്കടം എഴുതാനായി എടുത്തതാണീ പേന അല്ലേ? സാരമില്ല..സങ്കടങ്അള്‍ പറയാതെ എന്തു എഴുത്ത്... ഈ തീക്ഷണമായ ശൈലി കാത്തുസൂക്ഷിക്കുക...
 
@- സോണി -
പ്രിയപ്പെട്ട സോണി ..ഇവിടെ എത്തി നോക്കാന്‍ തോന്നിയ നല്ല മനസ്സിന്നു നന്ദി .സന്തോഷം നല്‍കുന്ന അഭിപ്രായം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു .നന്ദിയുണ്ട് ..പുകയുന്ന കഥകള്‍ വായിച്ചു കേട്ടോ ..നന്നായിട്ടുണ്ട് വീണ്ടും കാണാം
സ്നേഹത്തോടെ പ്രാര്‍ത്ഥന യോടെ സൊണെറ്റ്
@Echmukutty
പ്രിയപ്പെട്ട കൂട്ടുകാരി ..ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ..കഥ തന്നെ യാണ് കേട്ടോ .സങ്കടംവേണ്ട ..പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടണം .മറക്കരുത്
സ്നേഹത്തോടെ ..ഇഷ്ടത്തോടെ സൊ ണെ റ്റ്

@ഇസ്മായില്‍ കുറുമ്പടി (തണല്‍)
സന്തോഷം ...വീണ്ടും വന്നല്ലോ ഇങ്ങോട്ട് .എന്റെ മാത്രം പൂക്കാലത്തില്‍ കണ്ടിരുന്നു .പിന്നെ കണ്ടില്ല ..എന്റെ എഴുത്ത് കൊള്ളാത്തതിനാലാവും എന്നായിരുന്നു വിചാരിച്ചത് ..ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു അഭിപ്രായം !എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല .നന്ദിയുണ്ട് വരവിനും വായനക്കും ആത്മവിശ്വാസം നല്‍കുന്ന അഭിപ്രായത്തിനും .വീണ്ടും വരണം ..വേഗംമടുക്കും ഇവിടം എനിക്കറിയാം ..സങ്കടം എത്ര നേരംകേട്ടിരിക്കും അല്ലെ ?
..സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊ ണെ റ്റ്

@Akbar
ഇക്കാടെ വരവിനെ,വായനയെ അഭിമാനത്തോടെയാണ്ഞാന്‍ കാണുന്നത് .അത്രക്ക് സന്തോഷംനല്‍കുന്നു കൂടെ ആത്മവിശ്വാസവും.
"സ്വാര്‍‍ത്ഥ" അതല്ലാതെ എന്തുണ്ട് ഇന്നോരോരുത്തരുടെയും മനസ്സില്‍ .ഞാനടക്കം എല്ലാരും അങ്ങിനെ തന്നെ ..കാന്‍സര്‍ വാര്‍ഡിലെ നിശബ്തത അത് ഭയാനകം തന്നെ ..എന്നെയും അത് പേടിപ്പെടുത്തുന്നു ..ദൈവത്തിലേക്ക് ഞാന്‍ കൂടുതല്‍ അടുക്കുന്നു .അതും "സ്വാര്‍‍ത്ഥ" യുടെ ഭാഗംതന്നെ .
ചുരുക്കിപറയാന്‍ ശ്രമിക്കുമ്പോഴെല്ലാം ഞാന്‍ വീണ്ടും പരാജിതയാകുന്നു ..ഇനിശ്രദ്ധിക്കാം.
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ..സ്നേഹത്തോടെ .പ്രാര്‍ത്ഥനയോടെ
സൊ ണെ റ്റ്

@ നാമൂസ്
പ്രിയപ്പെട്ട കൂട്ടുകാരാ ,
ഈ വരവിനേയും വായനയും വിലമതിക്കാനാവാത്ത അഭിപ്രായത്തെയും അഭിമാനത്തോടെ കാണുന്നു ..നന്ദി എല്ലാത്തിന്നും ..."നന്മ കാംക്ഷിക്കുന്ന ഒരു മനസ്സിന് അവിശ്വസനീയമാണ് ഈ ലോകം"ആശയം മനസ്സിലായി .കൂടുതല്‍ കാട്കയറണോ ഈ ഞാന്‍ ?
"അത് കൊണ്ട് തന്നെ, ഇത്തരം കേവല സ്വാര്‍ത്ഥ രൂപങ്ങള്‍ അസ്വീകാര്യവും ആകുന്നു. "ഇവിടെ എന്റെ ചിന്തകള്‍ വീണ്ടും കാട്കയറ്റത്തിന്നു തയ്യാറെടുക്കുന്നു !ചിത്രം വിചിത്രം അല്ലെ !!!ദൈവമേ നീ തുണ !!!
ഇനി സങ്കടങ്ങള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിക്കാം...
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ.. സൊ ണെ റ്റ്

@ഉമ്മു അമ്മാര്‍
വീണ്ടും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ..വായനക്ക് ഒരു പാട് നന്ദിയുണ്ട് .ഭയമായിരുന്നു ഇതെഴുതുമ്പോള്‍ ..ആരും വായിക്കില്ലേ എന്റെ "പയ്യ്യാരം"പറച്ചില്‍ എന്നായിരുന്നു ചിന്ത ..സന്തോഷമായി .വായിച്ചല്ലോ ..കൂടെ സന്തോഷം നല്‍കുന്ന അഭിപ്രായവും തന്നു ...പിന്നെ എന്റെ പ്രിയ കൂട്ടുകാരീ :ആരെയും സ്നേഹിക്കരുത് എന്ന് പറഞ്ഞില്ല കേട്ടോ .അങ്ങിനെ ധരിക്കുകയും അരുത് !സ്നേഹിക്കാം നമുക്കെല്ലരെയും ..നമുക്കാവുന്ന വിധം ..പക്ഷെ തിരികെ ഒന്നും പ്രതീക്ഷിച്ചു കൊണ്ടാവരുത് എന്ന് മാത്രം ..പിന്നെ കഥ തന്നെയാണ് കേട്ടോ .പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടണം എന്നപേക്ഷ
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊ ണെ റ്റ് .
 
@vettam
നന്ദി ഈ വരവിനും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും ...ഇനിയും കാണാം എന്ന് പ്രതീക്ഷിക്കുന്നു ..പിന്നെ "ഫോണ്ട് ".ഞാന്‍ epic ഇല്‍ആണ് എഴുതുന്നത് .അതില്‍ ഇങ്ങനെതന്നെയാണ് വരുന്നത് .
പ്രാര്‍ത്ഥനയോടെ സൊ ണെ റ്റ്

@ഫസലുൽ Fotoshopi
പ്രിയപ്പെട്ട നിഷ്കൂ ..നന്ദി വായനക്കും,അഭിപ്രായതിന്നും ..നിനക്ക് അവിശ്വസനീയ മായി തോന്നുന്നു എന്നതെനിക്കവിശ്വസനീയം !!!പിന്നെ മരണത്തെ ഞാന്‍ ചുറ്റിപറ്റുന്നതല്ല.മരണം എന്നെയാണ് ചുറ്റിപറ്റുന്നത് .നിനക്കൊരു നിവേദനം എഴുതി തയ്യാറാക്കിയിട്ടുണ്ട് കേട്ടോ ..വൈകാതെ കിട്ടും !പിന്നെ പ്രതീക്ഷ !എനിക്കിനിയെന്തു പ്രതീക്ഷ ..ഇങ്ങനെ അങ്ങ്തീരും ....നിര്‍ത്തട്ടെ തല്‍ക്കാലം
സ്നേഹത്തോടെ സൊ ണെ റ്റ്

@മണി-മുത്ത്
പ്രിയപ്പെട്ട സുഹ്രത്തെ,
നന്ദി വായനക്കും അഭിപ്രായതിന്നും .മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്നുവോ ?ഈ ചോദ്യം അപ്രസക്തം കാരണം മരണം നമ്മുടെ ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്തത് ..അതെന്നും നമ്മുടെ കൂട്ടുകാരന്‍ ..വാക്ക് തെറ്റിക്കാത വിശ്വസ്തന്‍ ...
ഇനിയും പ്രതീക്ഷിക്കാം ..അള്ളാഹു അനുഗ്രഹിച്ചാല്‍ ..പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടണം എന്നപേക്ഷ ..സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സോനെറ്റ്

@Shanid
എന്റെ പൊന്നനിയന്നു,
സന്തോഷം ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ ..സന്തോഷം എന്റെ വാക്കുകള്‍ക്കതീതം ....കൂടെ നന്ദി യും .നല്ല വാക്കുഓതിയതിന്നു.മനസ്സിലാക്കാന്‍ ശ്രമിച്ചതിനു ..മുമ്പേ വളരെ മുമ്പേ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഏതെന്ന ചോദ്യത്തിനെ ഉത്തരം നിന്റെ പേരായിരുന്നു ..കാലം വളരെ മാറി എല്ലാം മാറിമറിഞ്ഞു ..എന്റെ മനസ്സ് മാത്രം ഇന്നും നിലനില്‍ക്കുന്നു മാറാതെ മാറ്റം കൊതിക്കാതെ ..പഴയ ചോദ്യത്തിനുള്ള ഉത്തരം ഇന്നും പഴയത് തന്നെ ....
കഥകള്‍ പലതും മനസ്സിലുണ്ട് ..എല്ലാം സങ്കട കഥകള്‍ .".സങ്കടങ്ങള്‍ എഴുതാതെ എന്തെഴുത്ത്‌"ഈ വരികള്‍ തെല്ലൊന്നുമല്ല ആവേശം നല്‍ക്കുന്നത് ...നന്ദി പറഞ്ഞു ഞാന്‍ അതിന്റെ വില കുറക്കുന്നില്ല ..കാണാനുള്ള കൊതി കലശമാകുന്നു..എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ എന്നപ്രാര്‍ത്ഥനയോടെ ..
സ്നേഹത്തോട ഒരുപാടിഷ്ട്ടതോടെ സ്വന്തം കൂടപ്പിറപ്പ്.
 
എഴുത്ത് നിര്‍ത്തരുത്, വായനക്കാര്‍ക്ക് മടുക്കുവോളം....ആശംസകള്‍
 
ഹ്മം....... അത്രേം വേണ്ടാരുന്നു,
അങ്ങനൊരു സുഹൃത്ത് എല്ലാം അറിഞ്ഞിട്ടും ആ ഒരു ഡയലോഗ് പറഞ്ഞെന്ന് കേട്ടാല്‍‍ വിശ്വസിക്കാന്‍ ചെറുതിനൊരു ബുദ്ധിമുട്ടുണ്ട്. ചിലപ്പൊ പിന്നീടൊരിക്കലും ബന്ധപ്പെടാതെ അവോയ്ഡ് ചെയ്തേക്കാം, പക്ഷേ ഇത്................ ക്രൂരമായി പോയില്ലേ

കഥയും, അഭിപ്രായങ്ങള്‍ക്ക് കൊടുക്കുന്ന മറുപടിയും കാണുമ്പോള്‍ എച്ചുമുകുട്ടിയുടെ അഭിപ്രായം തന്നെ!

പ്രാര്‍‍ത്ഥനകള്‍‍,
ആശംസകള്‍‍!
 
@പരപ്പനാടന്‍,
പ്രിയപ്പെട്ട മാഷിനു ..സന്തോഷം ഈ വരവിനും അഭിപ്രായത്തിനും.വായനക്കാര്‍ക്ക് മടുത്താലും എന്റെ സങ്കടങ്ങള്‍ തീരുന്ന ലക്ഷണം ഇല്ല ..എന്നാലും മടുത്തു എന്നൊരു സൂചന കിട്ടിയാല്‍ നിര്‍ത്താന്‍ ശ്രമിക്കാം
പ്രാര്‍ത്ഥനയോടെ സൊണെറ്റ്.

@ചെറുത്* ,
പ്രിയപ്പെട്ട ചെറുതെ,ഇവിടെ കാണാനായതിനെ തന്നെ എന്റെ ഭാഗ്യായി കരുതട്ടെ .അവിശ്വസനീയം അല്ലെ ??ചിലതിങ്ങനെ ആണ് നമുക്കങ്ങു ദഹിക്കില്ല !!ചെറുതിനും തോന്നിയത് അത് തന്നെയല്ലേ ??!!!പേടിക്കേണ്ട ചെറുതെ വെറും കഥ തന്നെ ..ഒരു സങ്കല്‍പ്പ കഥ !!
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊണെറ്റ്
 
ഫാഗ്യോ??? ഹ്ഹ്ഹ്ഹ്
പേടിച്ചേനെ. സങ്കല്പകഥ എങ്കില്‍ മുന്‍ അഭിപ്രായത്തോട് ചേര്‍ന്ന് കൊള്ളാം എന്നുകൂടി ചേര്‍ക്കുന്നു :)
 
എന്താ ഞാന്‍ പറയുക..? കഥ ഇഷ്ട്ടായി എന്ന് പറഞ്ഞാല്‍ തീരെ ചെറുതായി പോകില്ലേ..? അതിനെക്കാളും ഏറെ വളരെ വളരെ വളരെ ഇഷ്ട്ടപ്പെട്ടു.
ഇങ്ങനെയൊരു ബ്ലോഗ്‌ കണ്ടതില്‍, ഇങ്ങനെയൊരാളെ പരിചയപ്പെട്ടതില്‍ സന്തോഷം
 
"ഒരു അഞ്ചു മിനുട്ട് മിണ്ടാതിരിക്കുവാന്‍ നിനക്കെന്തു തരണം" എന്ന് വീട്ടില്‍ എല്ലാവരും എന്നോട് ചോദിക്കുമായിരുന്നു പണ്ട്, വലുതായപ്പോ ആ സ്വഭാവം എങ്ങനെയോ മാറി ! അതാണോ എന്നറിയില്ല , ഇത് വായിച്ചപ്പോ മനസ്സില്‍ ഒരു വിങ്ങല്‍ .... അവസാനം ലേബല്‍ കഥ എന്ന് കണ്ടപ്പോള്‍ ആണ് കുറച്ചെങ്കിലും ആശ്വാസം ആയതു ....
 
Hi Sonnet,
Orupadishtamayi ellam.. Ithaye kure nalukalkk mumpe parichayappedamayirunnenn thonnunnu ippol.. Prarthikkunnu, ella nanmayum undavan..

Snehathode
Fairu
 
പ്രിയ സൊണറ്റ്,
നേരില്‍ കാണാതെയുള്ള ഈ സ്നേഹത്തിന് ഒരു പാട് നന്ദിയുണ്ട്.എന്‍റെ എഴുത്തുകള്‍ ഇഷ്ടപ്പെട്ടതിനും..
എന്നാലും ഒക്കെ വായിച്ചു വല്ലാത്തൊരു സന്ദേഹത്തിലകപ്പെട്ടിരിക്കയാണ്.
പോസ്റ്റ് വായിച്ച ശേഷമുള്ള സന്ദേഹം കഥ എന്ന ലേബല്‍ കണ്ടപ്പോള്‍ കുറഞ്ഞു.
പക്ഷെ ചില കമന്റുകള്‍,അവക്കുള്ള മറുപടികള്‍..
വീണ്ടും എന്നെ പഴയ സന്ദേഹത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നല്ലോ സഹോദരീ..
ഞാനിപ്പോ എന്താ ചെയ്യേണ്ടത്‌..
തല്‍ക്കാലം പ്രാര്‍ത്ഥനയോടെ മടങ്ങുന്നു.
 
പ്രിയ സൊണറ്റ്,
ഇപ്പോഴും ഞെട്ടല്‍ മാറിയില്ല ..ഇത്ര സങ്കടമായ ഒരു പോസ്റ്റ്‌ !! ഇത് ജീവിതമല്ല വെറും കഥയാണ്‌ എന്ന് വിശദീകരണം വന്നപ്പോഴാണ് ശ്വാസം നേരേ വീണത്.അത് സത്യമാണ് എന്ന് തന്നേ വിശ്വസിക്കട്ടേ..സുന്ദ്രരാജ്‌ സാരിന്റെ വാക്കുകള്‍ എടുത്ത് പറഞ്ഞത് കൊണ്ട് പറഞ്ഞുപോയതാ ...
-----------------------------
കഥ യെങ്കില്‍ എനിക്ക് പറയാനുള്ളത് ,
"ഇക്കപട ലോക്തിലാത്മാര്തമായൊരു ,
ഹ്രദയമുണ്ടായതാണെന്‍ പരാജയം "
എന്ന ആ പ്രശസ്ത വരികളാണ്.
 
നന്നായിരിക്കുന്നു. ആശംസകള്‍
 
മരണം എന്ന യാഥാര്‍ത്ഥ്യത്തെ ആസ്വദിക്കാന്‍ .... നമ്മള് തിരെഞ്ഞെടുത്ത ജീവിതക്രമം നമ്മെ അനുവദികുന്നില്ല..
മരണം അസ്വദ്യകരമാകുന്ന ഒരു ലോകത്ത് ജീവിക്കാന്‍ ആശംസിക്കുബോഴും ....അവിടെ പ്രണയം മരിക്കുമോ എന്ന ആശങ്കയുണ്ട്...............
....തമ്മില്‍ തേടാന്‍ ഉള്ള ഈ അലച്ചില്‍ തുടരട്ടെ ....
 
@niyas ,നന്ദി സ്നേഹത്തോടെ ഉള്ള ഈ വാക്കുകള്‍ക്ക് ..
@Lipi രണ്ഞു
പ്രിയപ്പെട്ട ലിപി .സന്തോഷം ഈ വരവിലും അഭിപ്രായത്തിലും ...അപ്പോള്‍ ഞാന്‍ മാത്രം ആയിരുനില്ല അല്ലെ വായാടി ..സന്തോഷം ഒരു കൂട്ട് കിട്ടിയല്ലോ .വീണ്ടും കാണാം .
@fairu
പ്രിയപ്പെട്ട fairu ,എങ്ങിനെ ഞാന്‍ നന്ദി പറയും ഈ സ്നേഹത്തിന്നു .അറിയില്ല എനിക്ക് ...എന്നും ഇതങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
@~ex-pravasini*
പ്രിയപ്പെട്ട കൂട്ടുകാരി ,ഭയം വേണ്ട ..ഞാന്‍ ഒരു കഥ എഴുതിയത് തന്നെ .എനിക്കിപ്പോള്‍ ഇത്രയേ പറയാനൊക്കു .ബാക്കി പിന്നെ ഇന്ശഹ് അല്ലഹ്.നന്ദി യുണ്ടാകും എന്നും ഈ സ്നേഹത്തിന്നു .
@faisalbabu
നന്ദി ഈ വായനക്കും അഭിപ്രായത്തിനും .പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടുമല്ലോ അല്ലെ .അങ്ങിനെ പ്രതീക്ഷിച്ചോട്ടെ .വീണ്ടും കാണാം
@കോമൺ സെൻസ്
നന്ദി വരവിനും വായനക്കും .ഞാന്‍ വന്നിരുന്നു കേട്ടോ അവിടെ .എനിക്കൊന്നും തിരിഞ്ഞില്ല .അതിനാല്‍ ഞാന്‍ കുറെ നട്ടം തിരിഞ്ഞു .
@ദേവന്‍
വന്നു അല്ലെ ??ഓര്‍ത്തു ഞാന്‍ പലവട്ടം .എന്തെ വന്നില്ല എന്ത് ചിന്തിച്ചിരുന്നു .സന്തോഷം വീണ്ടും ഇവടെ കാണാന്‍ കഴിഞ്ഞതില്‍ .വായനക്കും വരവിനും നന്ദി പറഞ്ഞു ഞാന്‍ കടപ്പാട് തീര്‍ക്കുന്നില്ല.
 
എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും എന്റെ റംസാന്‍ മുബാറക്ക്‌ !!ഈ മാസം പുണ്യത്തിന്റെ ത്യാഗത്തിന്റെ മാസം .നമുക്കോരോരുത്തര്‍ക്കും അതിനെ നല്ലനിലയില്‍ ഉപയോകപ്പെടുത്താനാവട്ടെ ..നല്ല മനസ്സോടെ ,സ്നേഹത്തോടെ ജീവിക്കാന്‍ കഴിയട്ടെ ..പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുന്ന മാസം .പ്രാര്‍ത്ഥനക്ക് ഉത്തരം ഉറപ്പുള്ള മാസം ..എന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ഓരോരുത്തരും ഉണ്ടാകും( ഇന്ശഹ് അല്ലഹ്) .എന്നെയും കുടുംബത്തെയും നിങ്ങളും ഉള്പ്പെടുത്തില്ലേ ???പ്രതീക്ഷയുടെ ..നന്മയുടെ നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ വിടവാങ്ങുന്നു ..ഇനി പെരുന്നാളിന് കാണാം
അതുവരേക്കും സലാം
സ്നേഹത്തോടെ ഇഷ്ട്ടതോടെ പ്രാര്‍ത്ഥനയോടെ സൊണെറ്റ്
 
‍"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...,
ഓര്‍ക്കാതിരിക്കുക നീ ഇനിയുമീ എന്നെ ...."
..
..
വളരെ നന്നായിരിക്കുന്നു......
 
പ്രിയ സൊണറ്റ്,
ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. ശ്രദ്ധിച്ചിരുന്നുവെങ്കിലും വിശദമായ വായനക്ക് മാറ്റി വെച്ചതായിരുന്നു ഇത്. പിന്നെ അവധിക്കാലവും.
ഇന്ന് അല്‍പം വൈകി ഈ കഥയിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സില്‍ ഒരു പാട് നൊമ്പരങ്ങള്‍ കുടിയേറുന്നു.
ആശുപത്രി , അവിടെ കണ്ടു മറയുന്ന മുഖങ്ങള്‍, അവരുടെ വേദന , നൊമ്പരങ്ങള്‍, പ്രാര്‍ത്ഥന എല്ലാം ഒരു കണ്മുമ്പില്‍ വരച്ചിട്ടപോലെ. അത്രക്കും ഹൃദ്യമായി കോറിയിട്ടിട്ടുണ്ട് കാര്യങ്ങളെ ഇതില്‍.
സ്വയം സേവനത്തിനു സമര്‍പ്പിക്കുന്ന ജീവിതം. ആ ക്ലൈമാക്സ് വളരെ നന്നായി. ഒപ്പം നൊമ്പരവും.
മികച്ച കഥ പറഞ്ഞതിന് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കട്ടെ
 
പ്രിയ സോനെറ്റ്‌ .
നമ്മള്‍ ഒരു പരിചയവുമില്ല .എന്നാലും ഈ പോസ്റ്റിട്ടു പിന്നെ യാതൊരു വിവരവുമില്ല ,,എന്നാല്‍ ഇന്ന് നമൂസിന്റെ ബ്ലോഗില്‍ കണ്ട കമന്റ് ഒരു പാട് സന്തോഷമായി,,സുഗാമായിരിക്കുന്നു എന്ന് തന്നെ ഉറച്ചു വിശ്വസിക്കട്ടെ ...പ്രാര്‍ഥനയോടെ ...
 
എവിടെ ആയിരുന്നു ചേച്ചി..സുഖമായോ ? തിരിച്ചു വന്നതില്‍ സന്തോഷം നമൂസിന്റെ പോസ്സ്ടിലെ കമെന്റ് കണ്ടാണ്‌ വന്നത് .പുതിയ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു..
 
തൊട്ടു മുകളില്‍ കാണുന്ന രണ്ടു കമന്റുകള്‍ ഭയപ്പെടുത്തുന്നു. കഥ തന്നെയെന്നു വിചാരിക്കട്ടെ?
 
ചിന്താത്മകം..നല്ലെഴുത്തിന് നന്ദി.
 

Post a Comment

വല്ലതും പറയണമെന്ന് തോന്നുവോ.? എങ്കില്‍ {?}