Saturday, July 2, 2011

ഇത്, അവളുടെ കഥ.

പ്രിയപ്പെട്ടവരെ ......
ഇന്നെനിക്കെന്‍റെ  'നഷ്ട സ്വപ്നത്തിലൂടെ' നിങ്ങളോട്  ഒരു വേദന പങ്കുവെക്കാനുണ്ട്.  മനസ്സ് വല്ലാതെ നീറുമ്പോള്‍ നാം പ്രിയപ്പെട്ടവരെ ഓര്‍ത്തു പോകുന്നു. സന്തോഷത്തിലും ദു:ഖത്തിലും ഒരു പോലെ എല്ലാവരും  കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. നമ്മുടെ ആഗ്രഹങ്ങള്‍ എല്ലാം സംഭവ്യമാകുക എന്നത് അത്യാഗ്രഹമല്ലേ..?എങ്കിലും ഞാന്‍  ആഗ്രഹിച്ചു പോകുന്നു.. എല്ലാം സന്തോഷത്തിലായെങ്കിലെന്ന് .

                             ഒരു മാറാപ്പുകണക്കെ കെട്ടിപ്പൊതിഞ്ഞു വെച്ചിരുന്ന എന്‍റെ  നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടിന്നു  ഞാനഴിച്ചു.! എന്തിനന്നറിയേണ്ടേ? അതിലേക്കൊരു പുതിയ നഷ്ടത്തെക്കൂടെ ചേര്‍ത്തുവെക്കാന്‍. എന്നിട്ട് വീണ്ടുമതിനെ കെട്ടിമുറുക്കി ഭദ്രമാക്കാന്‍... എന്നിട്ടതും പേറിയുള്ള എന്‍റെയീ ജീവിത യാത്ര തുടരാന്‍..!(അതുമറ്റൊരവസരത്തില്‍ ). ഏതായാലും തുറന്നതല്ലേ എന്ന് കരുതി ഞാനതിന്‍റെ  താളുകള്‍ ഓരോന്നായി മറിച്ചു നോക്കാന്‍ തുടങ്ങി.പലതും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. കാലപ്പഴക്കം കൊണ്ടാണെന്ന് തോന്നുന്നു നിറം തീരെ മങ്ങി മിക്കതും ജീര്‍ണ്ണിച്ചു തുടങ്ങിയിരിക്കുന്നു. എനിക്കല്‍പ്പം ആശ്വാസം തോന്നി .കാരണം എന്‍റെ വേദനകള്‍ എനിക്കിന്ന് ഓര്‍ത്തെടുക്കാനാവാത്ത വിധം മായ്ഞ്ഞു കൊണ്ടിരിക്കുന്നുവെന്നതിന്‍റെ  അര്‍ത്ഥം എനിക്കവയില്‍ നിന്നും മോചനം കിട്ടിത്തുടങ്ങിയിരിക്കുന്നു എന്ന് തന്നെയല്ലെ ?

                         മുമ്പ്, വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഞാന്‍ ഹോസ്റ്റല്‍ മുറ്റത്തുള്ള തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത് എന്‍റെ ഡയറിയില്‍ സൂക്ഷിച്ചിരുന്ന റോസാപൂവിന്‍റെ  ഇതളുകള്‍ ഇന്ന് വെറും അസ്ഥിമാത്രമായി മാറിയിരിക്കുന്നു. എന്നാല്‍ അതിന്‍റെ ചുറ്റും പറ്റിപ്പിടിച്ചു കിടന്നിരുന്ന രക്തക്കറ നിറം മങ്ങാതെ അങ്ങിനെ തന്നെ ഉണ്ടല്ലോ.? എന്തേ, അതിന്നു മാത്രം കാലപ്പഴക്കം സംഭവിക്കാത്തെ..... എന്‍റെ  ഓര്‍മയിലെ നോവുകള്‍ക്ക് മരണമില്ലേ??? പലതും എന്നെ നോക്കി കണ്ണീര്‍ വാര്‍ക്കുന്നപോലെ തോന്നിയെനിക്ക്. പരിഭവം പറയാനൊരുങ്ങി ചിലര്‍. കുറേക്കാലം ഒന്ന് തുറന്നു നോക്കാതെ ..പൊടിതട്ടുകപോലും ചെയ്യാതെ അവഗണിച്ചു എന്നതായിരുന്നു പരിഭവത്തിന്നു കാരണം. ഞാന്‍ പറഞ്ഞു : എന്നുമുണ്ടായിരുന്നു  ഞാന്‍.. കൂടെത്തന്നെ...!  നിങ്ങള്‍ക്കെന്നെ കാണാനായില്ല എന്നതല്ലേ സത്യം.? മേല്‍ക്കുമേല്‍വന്നു കുമിഞ്ഞു കൂടിയ പുതിയ നഷ്ടങ്ങളും നൊമ്പരങ്ങളും കൊണ്ട് ഞാന്‍ നിങ്ങളില്‍ നിന്നും മറക്കപ്പെട്ടതാവണം.  

                      ഞാന്‍, താളുകള്‍ ഓരോന്നായി മറിക്കാന്‍ തുടങ്ങി .ഒന്നിന് പിറകെ ഒന്നായി പൊടി പറത്തികൊണ്ടെന്‍റെ  ഓര്‍മ്മയുടെ താളുകള്‍  മറിഞ്ഞു .എന്‍റെ നഷ്ടങ്ങളിലൂടെയുള്ള എന്‍റെ യാത്ര, അലസമെങ്കിലും വേദനയോടെയാണെന്‍റെ ഓരോ താളും മറിയപ്പെട്ടത്. പെട്ടെന്ന് എന്‍റെ കണ്ണുകള്‍ ഒരിടത്തുടക്കി. ചുവന്ന മഷിയാല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു "ഇന്നെനിക്ക് നഷ്ടമായതെന്‍റെ കൂടുകാരിയുടെ കണ്ണിലെ പ്രകാശമാണ്" പ്രസരിപ്പോടെ പുഞ്ചിരിച്ചിരുന്ന അവളിന്ന് എന്നോട് 'ഇളിച്ചു'  കാട്ടിയതായിട്ടാണെനിക്ക് അനുഭവമായത്.! എന്തുപറ്റി  അവള്‍ക്ക്. ? അറിയാനുള്ള ആശ നിങ്ങള്‍ക്കുമില്ലേ,  കേള്‍ക്കാനുള്ള ക്ഷമയുണ്ടോ നിങ്ങള്‍ക്ക് ? സ്വന്തം കാര്യം തന്നെ തീര്‍ന്നിട്ട് ഒന്നിനും നേരം തികയാത്ത നമുക്കെവിടെ അന്യന്‍റെ  വേദന അറിയാന്‍ സമയമല്ലെ..? എങ്കിലും പ്രിയമുള്ളവരെ സമയം കിട്ടുന്നെങ്കില്‍ ഒരിത്തിരി നേരം........  ഞാനൊന്നു പറയട്ടെ എന്‍റെ  വേദന ..പങ്കുവെക്കട്ടെ ഞാന്‍ നിങ്ങളോട്???

                              ഞാന്‍ ഒന്ന് തിരിഞ്ഞു നടക്കുകയാണ് കേട്ടോ .ഒരു 14 വര്‍ഷം പിറകിലേക്ക് ...കൂടെ നിങ്ങളും ഉണ്ടെന്ന വിശ്വാസത്തോടെ !!
                                              

ഹോസ്റ്റലിലെ വരാന്തയിലിരുന്നാല്‍ മഴ നന്നായിക്കാണാം. മുകളിലത്തെ നിലയിലാണിരിക്കുന്നതെങ്കില്‍ മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിന്‍റെ  താളം പോലും വളരെ വ്യക്തമായി കേള്‍ക്കാം. മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഹോസ്റ്റല്‍ വരാന്തയില്‍ മുഴുവന്‍ വെള്ള മായിരിക്കും പുറത്ത് ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഓരോരുത്തരും. മഴയില്‍ അതിന്‍റെ  വശ്യതയില്‍ ലയിച്ചിരുന്ന ഞാന്‍ മാത്രം പക്ഷെ ഒന്നും അറിഞ്ഞിരുന്നില്ല . "നിന്‍റെ  വസ്ത്രമല്ലേ ആ നനഞ്ഞു  കിടക്കുന്നത് എന്തെ എടുക്കുന്നില്ലേ" ഹോസ്റ്റല്‍ വാര്‍ഡന്‍ ആമിനത്തായുടെ ശബ്ദമാണ്. "ഏതായാലും നനഞ്ഞു  ഇനി മഴതോരട്ടെ അപ്പോള്‍ അവിടെ കിടന്നു തന്നെ ഉണങ്ങികൊള്ളും" മനസ്സില്‍ ഉറക്കെ പറഞ്ഞു ഞാന്‍.! മഴയുടെ താളം മനസ്സില്‍ നിറയുമ്പോള്‍ എനിക്ക് മറ്റൊന്നും ഓര്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു. അതിനു  ഭംഗം വന്നതിന്‍റെ  കലിപ്പായിരുന്നുവെനിക്ക്. "വെറുതെ ഇരുന്നു മഴകൊള്ളാതെ പോയി വല്ലതും വായിക്ക് കുട്ടി " വീണ്ടും ആമിനത്തയുടെ വാക്കുകള്‍. ഇപ്പോള്‍ എനിക്ക് ശരിക്കും 'ദേഷ്യം' വന്നു. അമര്‍ത്തി ചവിട്ടി ഞാനവിടുന്നെണീറ്റ് പോയി. നേരെ പോയത് മുകളിലത്തെ നിലയിലേക്കായിരുന്നു . . അവിടെയിരുന്നാല്‍ കൂടുതല്‍ ഭംഗിയോടെ എനിക്ക് മഴകാണാം. മഴയിലങ്ങനെ ലയിച്ചിരിക്കേ ഞാനാ കാഴ്ച കണ്ടു. വസ്ത്രങ്ങള്‍ വിരിച്ചിട്ട ഭാഗത്തേക്ക് കുടയും ചൂടി ആരോ പോകുന്നു. അവിടെ എന്‍റെ  ഡ്രസ്സ്‌ മാത്രമാണ് ബാക്കിയുള്ളത്. ഇതാരാവും? ഞാനേറെ ശ്രദ്ധയോടെ മഴയത്തെക്ക് നോക്കി . ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന ഒരു കുട്ടിയാണ്. എന്നേക്കാള്‍ രണ്ട് വര്‍ഷം മുതിര്‍ന്നത് .ഞാന്‍ നോക്കിയിരുന്നു .എന്താ ചെയ്യുന്നതെന്ന് അറിയണമല്ലോ? വസ്ത്രം എടുത്തു കൊണ്ട് വന്നു പിഴിഞ്ഞ്, കുടഞ്ഞു മഴ യില്ലാത്ത ഭാഗത്തേക്ക് മാറ്റി വിരിക്കുകയാണ് കക്ഷി !! എനിക്കാകെ അത്ഭുതമായിപ്പോയി. എല്ലാവരും അവനവന്‍റെ  കാര്യം മാത്രം നോക്കിപോയപ്പോള്‍, അതുപോലും നോക്കാന്‍ വയ്യാതെ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ ഇവര്‍ക്കിത് എന്തിന്‍റെ സൂക്കേടാ!!! ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്നു!! ഏതായാലും കക്ഷിയെ ഒന്ന് പരിചയപ്പെട്ടിട്ട് തന്നെ കാര്യം...ഞാന്‍ ഒന്നുഷാറായി. കോളേജിലെ കൂട്ടുകാരികളാല്‍ 'കുഴി മടിച്ചി'യെന്ന് നാമകരണം ചെയ്യപ്പെട്ട ഞാന്‍ അവരെ പരിചയപ്പെടണം എന്നാഗ്രഹിച്ചതില്‍ ഒരു തെറ്റും ഇല്ലെന്നു നിങ്ങള്‍ക്ക് അറിയാമായിരിക്കും അല്ലെ ? അങ്ങിനെ ഞങ്ങള്‍ അടുത്തറിയാന്‍ തുടങ്ങി പരസ്പരം അറിയുന്ന നല്ല കൂട്ടുകാരാകാന്‍ ഞങ്ങള്‍ക്കധികം സമയം വേണ്ടി വന്നില്ല. പാടാന്‍ കഴിവുള്ള നന്നായി ചിത്രം വരയ്ക്കുന്ന,സ്നേഹത്തോടെ, വിനയത്തോടെ മാത്രം സംസാരിക്കുന്ന അവളെനിക്ക് വേഗം പ്രിയപ്പെട്ടവളായി. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന, മുഖം നോക്കാതെ തെറ്റുകണ്ടാല്‍ പറയുന്ന കുഴിമടിച്ചിയായ, എല്ലാവരോടും വഴക്കടിക്കുന്ന,എന്നെ അവള്‍ക്കെങ്ങനെ
സ്വീകര്യമായെന്നത് എനിക്കിന്നും ഒരത്ഭുതമായിത്തന്നെ  നിലനില്‍ക്കുന്നു.

പഠനം കഴിഞ്ഞ ഇടവേളകളില്‍ ഞങ്ങള്‍ പസ്പരം സ്നേഹം പങ്കുവെച്ചു. സ്വപ്നങ്ങള്‍ പങ്കു വെച്ചു. ഞാന്‍ തിരിച്ചുവരുന്നത് വരെ കാത്തിരിക്കണമെന്നോതി  പ്രവാസത്തിന്‍റെ  ഊഷരതയിലേക്ക് യാത്രയായ, ഇന്നെന്‍റെ  ജീവിതത്തിനു  നിറം പകരുന്ന എന്‍റെ  പ്രിയപ്പെട്ടവനെ കുറിച്ചായിരുന്നു
എനിക്ക് പറയാനുണ്ടായിരുന്നത്. ഞാന്‍ പറയുന്നതെന്തും ക്ഷമയോടെ കേട്ടിരുന്ന അവള്‍ക്കൊരിക്കലുമെന്നെ മുഷിഞ്ഞിരുന്നില്ല. എന്‍റെ  കഥകള്‍ മുഴുവന്‍ പറഞ്ഞു തീരുമ്പോള്‍ ഞാനവളോട്‌ ചോദിക്കും നിനക്കുമില്ലേ ഇങ്ങനെ മോഹങ്ങള്‍,സ്വപ്നങ്ങള്‍? എന്തെ നീ ഒന്നും എന്നോട് പറയാത്തത്. അതിന്നവളുടെ മറുപടി പലപ്പോഴും ഭംഗിയുള്ള ഒരു ചിരിയായിരിക്കും. ഒരിക്കലവളെന്നോട് അവളുടെ മനസ്സ് തുറന്നു. "എന്‍റെ  ഉമ്മയും ഉപ്പയും ചൂണ്ടി കാണിക്കുന്ന ഒരാള്‍ അതാണെന്‍റെ  സ്വപ്നം. അങ്ങിനെ ഒരാള്‍ എന്‍റെ  ജീവിതത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എന്‍റെ മോഹങ്ങള്‍ക്ക് ചിറകു മുളക്കും. പിന്നെ ഞാനെന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കും." അതുവരെ എനിക്കെല്ലാം നിന്‍റെ  വാക്കിലൂടെയുള്ള സന്തോഷം മാത്രം. അവളതിനായി കാത്തിരുന്നു. ഒരിക്കലുമൊരു പ്രലോഭനവുമവളെ വീഴ്ത്തിയില്ല. ഒന്നിലുമവള്‍ ആകൃഷ്ടയായതുമില്ല. മാതാപിതാക്കള്‍ അവള്‍ക്ക് അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ നല്ലൊരിണയെ കാണിച്ചു കൊടുക്കും എന്നുതന്നെ ഞാനും വിശ്വസിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു... എല്ലാ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കാറില്ലത്രേ .....  ഇത്തിരി പാവത്താന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ പ്രത്യേകിച്ചും..!!!                                                              
                മഴക്കാലം കഴിഞ്ഞു. ചൂട് തുടങ്ങി. മനസ്സിനും ശരീരത്തിനും ഇനി പരീക്ഷ കാലം. എല്ലാവരും 'സ്റ്റഡി ലീവി'നു നാട്ടിലേക്ക് പോയി. ഞാനവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് പോയാല്‍ പഠനം നടക്കില്ല. അവിടെയെത്തിയാല്‍ തീറ്റ മാത്രമേ നടക്കൂ അതുകൊണ്ടാകും ഉമ്മ പറയും: "പഠിപ്പ് തീര്‍ന്നിട്ട് ഇങ്ങോട്ട് വന്നാല്‍ മതി". അതിനിടക്ക് എനിക്കൊരു ഫോണ്‍ വന്നു . അതവളായിരുന്നു എന്‍റെ  കൂടുകാരി. അവള്‍ സന്തോഷത്തിലായിരുന്നു. വല്ലാത്തൊരു ആവേശത്തിലായിരുന്നു അവള്‍. അവള്‍ടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു.വരന്‍   'കംപ്യൂട്ടര്‍ എഞ്ചിനീയര്‍'. നല്ല കുടുംബം. എല്ലാം കൊണ്ടും നല്ല കാര്യം. വീട്ടുകാര്‍ക്ക് എല്ലാം കൊണ്ടും ഇഷ്ടം പിന്നെ എന്തിനു മടിക്കണം എല്ലാം ഉറപ്പിച്ചു. പരീക്ഷ കഴിഞ്ഞാല്‍ കല്യാണം ...!!
                               പിന്നെ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു . കല്യാണത്തിന് ഞാനും എന്‍റെ  കൂട്ടുകാരികളും പോയി. ആര്‍ഭാടത്തോടെയുള്ള  കല്യാണം. ഒന്നിനും ഒരു കുറവുമില്ല .വരന്‍ കാണാന്‍  'മിടുക്കന്‍'. അവളെ പറഞ്ഞയക്കുന്ന വീടാണെങ്കില്‍ ഒരു കൊട്ടാരമാണെന്നേ തോന്നൂ. കണ്ടവരും അറിഞ്ഞവരും കൂടിയവരുമെല്ലാം  പറയുന്നു  "അവള്‍ ഭാഗ്യവതി". അതെ,  ഞാനും അതേറ്റുചൊല്ലി . പിന്നെ കുറച്ചു ദിവസത്തിനു  ശേഷം അവള്‍  കോളേജിലേക്ക് വന്നു. കല്യാണം കഴിഞ്ഞതിന്‍റെ  ട്രീറ്റ്‌ തരാന്‍. അന്ന് പക്ഷെ അവളില്‍ ഞാന്‍ മുമ്പ്  കണ്ട ആവേശം കണ്ടില്ല. മാത്രവുമല്ല, അവളുടെ കണ്ണിലെ പ്രകാശം നഷ്ടമായത് പോലെ എനിക്ക് തോന്നി . എന്തുപറ്റി നിനക്ക്? എന്‍റെ ചോദ്യത്തിനവള്‍ ഉത്തരം തന്നില്ല. പകരം, ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എനിക്കും ആകെ വല്ലാതെയായി . കൂട്ടുകാരൊക്കെയും പറഞ്ഞു:  "ഇവിടുന്നു പോകേണ്ടിവന്നതിലെ സങ്കടമാകും. കുറച്ചു  കഴിയുമ്പോള്‍ മാറിക്കൊള്ളും എന്നൊക്കെ". അങ്ങിനെ പഠിത്തം പാതിവഴിയില്‍ നിര്‍ത്തി അവള്‍ യാത്രയായി അവളുടെ സ്വസ്ഥതയിലേക്ക്... 
                        ഒരു സ്ത്രീയുടെ സ്വസ്ഥത അതവളുടെ കുടുംബജീവിതം തന്നെയാണെന്നാണ് എന്‍റെ വിശ്വാസം. അങ്ങിനെയെങ്കില്‍ അവളും സ്വസ്ഥമായിരിക്കുന്നുണ്ടാകും. അങ്ങിനെ വിശ്വസിച്ചു ഞാന്‍.

                              എന്‍റെ  പ്രീ ഡിഗ്രി കഴിഞ്ഞു .ഞാനും യാത്രയായി എന്‍റെ സ്വസ്ഥതയിലേക്ക് .തിരികെ വരുവോളം  കാത്തിരിക്കണമെന്നോതി പോയ എന്‍റെ  പ്രിയപ്പെട്ടവന്‍ തിരികെ എത്തി. ഞങ്ങളൊന്നായൊഴുകാന്‍ തുടങ്ങി .രണ്ടു മാസത്തെ സന്തോഷത്തിനു ശേഷം എന്നെ വീണ്ടും ഹോസ്റ്റലിലേക്കയച്ചു എന്‍റെ പ്രിയപ്പെട്ടവന്‍ യാത്രയായി പ്രവാസത്തിന്‍റെ  പൊള്ളുന്ന ചൂടിലേക്ക്. ഞാന്‍ പുതിയ കോളേജില്‍, പുതിയ ഹോസ്റ്റലില്‍, പുതിയ കൂട്ടുകാരികള്‍ക്കിടയില്‍ എന്‍റെ  ഡിഗ്രി പഠനം ആരംഭിച്ചു. പുതിയത് വന്നു ചേരുമ്പോള്‍ നാം സ്വാഭാവികമായും പഴയതിനെ മറന്നു പോകും.. എന്‍റെ  പ്രിയപ്പെട്ട കൂട്ടുകാരിയെ ഞാന്‍ മറന്നു എന്നല്ല. എങ്കിലും, ഞങ്ങള്‍ രണ്ടാളും രണ്ടു ലോകത്തായിത്തീര്‍ന്നു എന്നെതായിരുന്നു സത്യം. ഇടക്ക് മഴ കനത്തു പെയ്യുമ്പോള്‍ അവളെന്‍റെ  ഓര്‍മ്മയിലേക്കോടിയടുക്കാറുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവാത്ത വിധം അവളെന്നില്‍ ഉറച്ചു പോയിരുന്നു .
                                           അന്നും ഒരു പെരുമഴക്കാലമായിരുന്നു. ഞാന്‍ ഉപ്പാടെ കൂടെ ഹോസ്പിറ്റലില്‍ പോയതായിരുന്നു .എന്‍റെ കണ്ണ് ടെസ്റ്റ്‌ ചെയ്യണം ,കണ്ണട മാറ്റണം .ഡോക്ടറുടെ റൂമിനു  മുന്നില്‍ ഊഴം കാത്ത് ഇരിക്കുകയായിരുന്നു ഞാന്‍ .പെട്ടെന്നാണ് തൊട്ടപ്പുറത്തെ സീറ്റില്‍ ഇരിക്കുന്ന ആളെ ശ്രദ്ധിച്ചത്. എന്‍റെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച ശബനയായിരുന്നുവത്. അവളെന്നെ കണ്ടതും വേഗമെഴുന്നേറ്റ് എന്‍റെ  അടുത്ത് വന്നിരുന്നു. സംസാരത്തിനിടയില്‍ 'അവളുടെ' വിഷയവും വന്നു. ശബന ഒരു നിമിഷം മൌനിയായി. എന്തേ..?? എനിക്കാകെ ആകാംക്ഷയായി.! അവളുടെ കാര്യമൊന്നുമൊറിയാതെ ഞാനും വിഷമിച്ചിരിക്കുകയായിരുന്നു. പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം അവള്‍ മന:പൂര്‍വം ഒഴിഞ്ഞു മാറിയതായി എനിക്ക് തോന്നിയിരുന്നു. എന്തേലും തിരക്കാകും കാരണം എന്ന് ഞാനും സമാധാനിച്ചു.! പക്ഷെ ഇന്ന് ശബനയുടെ മൌനം അതെന്നെ വല്ലാതെ ആശയകുഴപ്പത്തിലാക്കി. എനിക്ക് ആകാംക്ഷ  കൂടിക്കൂടി വന്നു. പിന്നീടവള്‍ പറഞ്ഞ കാര്യം ഞാനൊരിക്കലും അവളെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത... എന്താണോ സംഭവിക്കരുതെന്നു ദിവസവും പ്രാര്‍ത്ഥിച്ചിരുന്നത്. അത് തന്നെ കേട്ടിരിക്കുന്നു. എനിക്ക് ഒന്നുറക്കെ കരയനാണ് തോന്നിയത്. അപ്പോഴേക്കും എന്‍റെ  നമ്പര്‍ വിളിച്ചു ഞാന്‍ ഡോക്ടറുടെ  മുറിയിലേക്ക് കയറിപ്പോയി. പരിശോധന കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ശബ്നയെ കണ്ടതുമില്ല .

                                  തിരികെയുള്ള യാത്രയില്‍ നല്ല മഴയായിരുന്നു. ബസിന്‍റെ സൈഡ് സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. മഴത്തുള്ളികള്‍ എന്‍റെ  മുഖത്തേക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു. പക്ഷെ  ആ സമയമെനിക്ക് മഴയുടെ വശ്യഭംഗി ആസ്വദിക്കാനായില്ല. പകരം മനസ്സിലത്രയും ശബന പറഞ്ഞിട്ടു  പോയ വാക്കുകളായിരുന്നു.  അതിലൂടെ ഞാന്‍ അവളിലേക്ക് സഞ്ചരിക്കുകയയിരുന്നു. എന്താണവള്‍ക്ക് സംഭവിച്ചത് ? അതറിയാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു. ശബ്ന പറഞ്ഞതനുസരിച്ചാണെങ്കില്‍ കോടതി പറഞ്ഞ ദിവസത്തിനു  ഇനി നാലു ദിവസമേ ബാക്കിയൊള്ളൂ. അതിനു മുമ്പ് എനിക്കവളെ കാണണം സംസാരിക്കണം. കോടതിയില്‍ പോയി വിവാഹ മോചനം തേടാന്‍ മാത്രം എന്താണവളുടെ ജീവിതത്തില്‍ സംഭവിച്ചത് ? ഒരു കാരണവുമി ല്ലാതെ അവള്‍ അങ്ങിനെ ചെയ്യില്ല. അതെനിക്കുറപ്പാണ്.പക്ഷെ അവള്‍ മാത്രമാണ് കാരണക്കാരി എന്നാണല്ലോ ശബ്ന പറഞ്ഞത് !!! അത് എങ്ങിനെ സംഭവിച്ചു ? എനിക്കൊന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.
                               എത്ര ശ്രമിച്ചിട്ടും ഒന്ന് സംസാരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല. മനുഷ്യര്‍ ഇത്രക്ക് മാറുമോ? എനിക്കവളോടല്‍പ്പം ദേഷ്യം പോലും തോന്നി. അവളുടെ ഭാഗത്ത് എന്തേലും കുഴപ്പം സംഭവിച്ചു കാണും. അല്ലെങ്കില്‍ പിന്നെന്തിനെനിക്ക് മുഖം തരാതെ ഇങ്ങനെ മാറിനില്‍ക്കണം ?

                                 ദിവസങ്ങള്‍ കടന്നു പോയി .എനിക്കവള്‍ ഒരു വേദനയായി ഉള്ളില്‍ വിങ്ങി നിന്നു. ഒരിക്കല്‍ അവളെ എന്‍റെ  മുന്നില്‍ കിട്ടി .വളരെ യാദൃശ്ചികമായണെങ്കിലും അതെന്നെ വല്ലാത്ത സന്തോഷത്തിലാക്കി. ഞാന്‍ അവളോട്‌ വളരെ 'പരുഷ'മായിത്തന്നെയാണ് സംസാരിച്ചത്. എനിക്കതിനേ  ആവുമായിരുന്നുള്ളൂ. കാരണം അവളെയോര്‍ത്തു ഞാന്‍ അത്രമേല്‍ വേദനിച്ചിരുന്നു ഈ കഴിഞ്ഞു പോയ കുറെ ദിവസങ്ങള്‍ക്കിടയില്‍. പക്ഷെ, അവള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ലജ്ജിച്ചു.! കാര്യമറിയാതെ ഞാന്‍ അവളെ പഴിച്ചതിനു എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. അവള്‍ പറയുകയായിരുന്നില്ല എന്‍റെ മുന്നില്‍ ആര്‍ത്തു കരയുകയായിരുന്നു . "വിവാഹമോചനം പോലും കിട്ടാതെ ഇങ്ങനെ നരകിക്കാന്‍ മാത്രം എന്ത് തെറ്റാണു ഞാനീ ഭൂമിയില്‍ ചെയ്തത്" എന്ന അവളുടെ ചോദ്യം ഇന്നുമുണ്ട് എന്‍റെയുള്ളില്‍ ഒരു നേരിപ്പോട് പോലെ. "നിനക്കറിയോ, ഞാന്‍ മരിക്കാതെ ഇങ്ങനെ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന്..?  എന്‍റെ  മാതാപിതാകള്‍ക്ക് ഞാന്‍ കാരണം അപമാനം ഉണ്ടാകരുതെന്ന് കരുതി മാത്രമാണ്." അല്ലെങ്കില്‍ ഞാന്‍..? വിവാഹത്തിന്‍റെ അന്ന് രാത്രി തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു എനിക്ക് തെറ്റിപ്പോയെന്നു. നീ പറഞ്ഞ പോലെ പരസ്പരം അറിഞ്ഞും   ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്നും  ഉറപ്പാക്കിയതിനു ശേഷമുള്ള വിവാഹം തന്നെയാണ് നല്ലത്. അങ്ങിനെ പരസ്പരം മനസ്സിലാക്കിയ രണ്ടാളുകളുടെ ഇടയിലേക്ക് പണത്തിന്‍റെ  ശക്തികൊണ്ട് എത്തപ്പെട്ടവളാണ് ഈ ഞാന്‍. "എന്നെ സ്നേഹിക്കാന്‍ ആവില്ല" എന്ന് തുറന്നു പറയുമ്പോഴെല്ലാം ഞാന്‍ കാത്തിരുന്നത്  ഒരിക്കല്‍, ഒരിക്കലെല്ലാം നേരയാകും എന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അയാള്‍ക്ക് ഒരു കുഞ്ഞുണ്ടായി എന്ന അറിവ് അതെന്നെ തളര്‍ത്തി. എന്നെ ഒഴിവാക്കി തന്നേക്കൂ...  ഞാനൊരിക്കലും നിങ്ങള്‍ക്കൊരു ബാധ്യതയാവില്ല എന്ന എന്‍റെ അപേക്ഷക്കുള്ള ഉത്തരം എന്തായിരുന്നു എന്നറിയേണ്ടേ  നിനക്ക് ?. "നീ എനിക്കൊരു മറയാണ് എന്‍റെ  കുടുംബക്കാര്‍ക്കും ഈ വൃത്തികെട്ട സമൂഹത്തിനും ഇടക്കുള്ള ഒരു മറ. ഞാന്‍ കാലുപിടിച്ചു പറഞ്ഞതായിരുന്നു എന്‍റെ മാതാപിതാക്കളോട് എനിക്കുള്ള പെണ്ണിനെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവളെയല്ലാതെ  വേറെ ഒരു പെണ്ണിനേയും സ്നേഹിക്കാനാവില്ല എന്ന്. പക്ഷെ, പണം സമൂഹത്തിലെ 'നിലയും വിലയും', മതം  അങ്ങിനെ പലതും പറഞ്ഞവരെന്നെ/എന്‍റെ ഇഷ്ടത്തെ വിലക്കി. എന്നിട്ടും ഞാന്‍ വഴങ്ങില്ലെന്ന് മനസ്സിലാക്കിയ അവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അവസാനം ഞാന്‍ സമ്മതിച്ചു. പക്ഷെ, ഞാനവരോട് പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടിയല്ല ഈ 'വിവാഹ'മെന്ന്. ഇനി നീ വിവാഹമോചനം നേടിപ്പോയാല്‍ അവര്‍ എന്നെ വീണ്ടും ഏതെങ്കിലും കുരുക്കില്‍ ചാടിക്കും അതിലും നല്ലത് നീ തന്നെയാണ് ഒന്നുമില്ലേലും ആരോടും ഒന്നും പറയാതെ ഇങ്ങനെ കഴിഞ്ഞു കൂടിക്കൊള്ളുമല്ലോ" ...!!!!! 

ഇങ്ങനെ പറയുന്ന ഒരാളില്‍ നിന്നും ഞാനെന്താണ്  പ്രതീക്ഷിക്കേണ്ടത് ? അങ്ങിനെയാണ് എനിക്ക് കോടതിയെ ആശ്രയിക്കേണ്ടി വന്നത്. രണ്ടു പേരും കൂടി ഒന്നിച്ചു ഒപ്പിടണം പോലും. എന്നാലേ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നുള്ളൂ...  അത് നടന്നില്ല. ജഡ്ജി എന്നോട് പറഞ്ഞതെന്തെന്നറിയാണോ നിനക്ക് ? "കുട്ടിയുടെ ഭര്‍ത്താവിന്നു വിവാഹമോചനത്തിന്  താല്പര്യമില്ലാത്തനിലക്ക് ഒരു 'ഒത്തു തീര്‍പ്പിന്' ശ്രമിച്ചു കൂടെ..?"  എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. മിണ്ടാതിരുന്ന എന്നെ നോക്കി ജഡ്ജി  ചോദ്യമാവര്‍ത്തിച്ചു..  കോടതിമുറിയില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. മൂന്നു വര്‍ഷം  'കന്യക'യായി ഭര്‍ത്താവിന്‍റെ  കൂടെ കഴിയേണ്ടി വന്ന എനിക്ക് എന്ത് തരം  ഒത്തുതീര്‍പ്പാണ് കോടതിക്ക് നിര്‍ദേശിക്കാനുള്ളത്..?‌ പക്ഷെ എന്‍റെ  ആ വാദം വിപരീത ഫലം ചെയ്തു. ഒരു പുരുഷന്‍റെ  ബലഹീനതയെയും അതിന്‍റെ  ചികിത്സയുടെ ആവശ്യകതയെയും കുറിച്ചായിരുന്നു കോടതിക്ക് പറയാനുണ്ടായിരുന്നത്. അയാളുടെ വികൃത മുഖം പിച്ചിച്ചീന്താന്‍ ഞാനാഗ്രഹിച്ചു. പക്ഷെ, ഞാനതിനു  അശക്തയാണെന്ന അറിവ് എന്നെ നിശബ്ദയാക്കി. വീണ്ടും ആ വീട്ടില്‍...... എല്ലാവരുടെയും മുന്നിലിന്ന് ഞാന്‍ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ  ക്രൂരയായ 'ഭാര്യ'യാണ് . എന്നെ മനസ്സിലാക്കാന്‍ ആരുമില്ല... എനിക്കൊരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍.! ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ  മുമ്പിലവള്‍  ഏങ്ങലടിച്ചു കരഞ്ഞു ആശ്വ സിപ്പിക്കാന്‍ ഒരു വാക്കുപോലും കിട്ടാതെ ഞാന്‍ തരിച്ചിരുന്നു. എന്‍റെ  തൊണ്ട വരളുന്നത്‌ പോലെ എനിക്കനുഭവമായി! "ഇല്ല, എനിക്കൊന്നും വിധിച്ചിട്ടില്ല"എല്ലാം സഹിക്കാന്‍ ഞാനിപ്പോള്‍ പഠിക്കുകയാണ്. 'വിധി' എന്ന് കരുതി ഞാന്‍ സമാധാനിച്ചു കൊള്ളാം ... അവള്‍ പറഞ്ഞു നിര്‍ത്തി.

                                   മഴ വീണ്ട്ടും പെയ്തു. കാലം വീണ്ടും ഒഴുകി അതിന്‍റെ കുത്തൊഴുക്കില്‍ ഞാനും കുറെ ദൂരം നീന്തി. തുഴഞ്ഞുതുഴഞ്ഞു മടുത്തുകാണുമോ  അവള്‍ക്കിന്ന്..? ഇവിടെ ഈ മരുഭൂമിയില്‍ ഇങ്ങനെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്നു മടുത്തപ്പോള്‍ എന്‍റെ  പ്രിയപ്പെട്ടവന്‍ എന്നെയും കൂടെ കൂട്ടി . ഞങ്ങള്‍ വീണ്ടും ഒന്നായിയൊഴുകാന്‍ തുടങ്ങി.  അതിന്നിടയില്‍ നാല് മക്കള്‍ ഞങ്ങള്‍ക്ക് കൂട്ടായെത്തി. ഇന്നും ഒരു ശാന്തമായ പുഴ കണക്കെ ഒഴുകുന്നു ഞങ്ങള്‍.. ഒന്നായി ചേര്‍ന്ന്...
                                പക്ഷെ,  നഷ്ടങ്ങളുടെ  കണക്കുപുസ്തകത്തില്‍ അവളിന്നും ഒരു നോവായി അവശേഷിക്കുന്നു. ഒരു  നെരിപ്പോട് കണക്കെ അവളിന്നുമെന്നില്‍ നീറിപ്പുകയുന്നു.
 
                            ചില സമയത്ത് നാം  ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാറില്ലേ  വെറും  കാഴ്ചക്കാര്‍  മാത്രമായി.! അങ്ങിനെ ഒരവസ്ഥയിലൂടെ ഞാനും കടന്നു പോയി. അവളുടെ കാര്യത്തില്‍ പിന്നെ  സൗകര്യ പൂര്‍വ്വം ഞാനെന്നെ ന്യായീകരിച്ചു. 

                           ഇന്നവള്‍ എവിടെയാണെന്നെനിക്ക് നിശ്ചയമില്ല . ഒരു പക്ഷെ എല്ലാം നേരെയായി സ്വസ്ഥയായി... അങ്ങിനെയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഇന്നെന്‍റെ  കൂടെ നിങ്ങളും ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിച്ചോട്ടെ..?  അതിനായി നമുക്ക് ചെവിയോര്‍ക്കാം. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍  മഴ പെയ്യുന്നതിനൊപ്പം മഴയത്ത്  നനയാന്‍ ഞാനും പോകുന്നു.. അതിലൂടെ എനിക്ക് നഷ്ടമായ പലതിനെയും വീണ്ടെടുക്കാന്‍ കൂടെ ഈ പെരുമഴക്കാലത്ത് എനിക്കവളെയും തിരിച്ചു കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പഴയപോലെ ഞങ്ങളൊന്നിച്ചു ചിരിച്ചുല്ലസിച്ച്‌ ജീവിതം പറയും, ജീവിതത്തെ പറയും. 

ആ നല്ല മനസ്സുള്ള എന്‍റെ പ്രിയപ്പെട്ട  കൂട്ടുകാരിക്ക് വേണ്ടി ഈപോസ്റ്റ് സമര്‍പ്പിച്ചു കൊണ്ട്   തല്‍ക്കാലം  ഞാന്‍  വിട പറയട്ടെ .എന്‍റെ  സ്വസ്ഥതയിലേ ക്ക്.......!!
              പ്രാര്‍ത്ഥനയോടെ .....

35 comments:

നന്നായിട്ടുണ്ട്..ജീവിതത്തിനൊന്നും ഒരു വിലയുമില്ല..നഷ്ടങ്ങളും വേദനയും അവരവര്‍ക്ക് മാത്രം സ്വന്തം.... :)
 
അല്പം സുദീര്‍ഘമായ പോസ്റ്റ്. എങ്കിലും വായന മുഷിപ്പിച്ചില്ല. വിവാഹം സ്ത്രീക്കും പുരുഷനും ഒരു ഭാഗ്യ പരീക്ഷണമാണ്. തീര്‍ത്തും അത്ജ്ഞാതമായ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കു വിധി ഒരുക്കി വെച്ചെതെന്തെന്നു മുന്‍കൂട്ടി അറിയാതെയുള്ള അനിവാര്യമായ പ്രയാണത്തില്‍ ചിലര്‍ക്ക് ജീവിതം മുന്തിരിച്ചാറാകുന്നു. മറ്റു ചിലര്‍ക്ക് അതു കൈപ്പുനീരാകുന്നു. ഇവിടെ ഒരാളുടെ ചിന്താവൈകല്യം രണ്ടു പേരയും ബാധിക്കുന്നു.

അത്തരം ഒരവസ്ഥയിലൂടെ കടന്നു പോകുന്ന കൂട്ടുകാരിയുടെ ജീവിതത്തിലെ പ്രശ്ന സങ്കീര്‍ണതകളെ വിശകലനം ചെയ്യുന്ന ഈ പോസ്റ്റ് സമാനതകളുള്ള ഒട്ടേറെ പരിസര ജീവിതങ്ങളിലേക്ക് വായനക്കാരുടെ ചിന്തയെ നയിക്കും.

കലാപകലുഷിതമായ ജീവിതങ്ങള്‍ നാം അറിയാറുണ്ട്. എന്നാല്‍ അവര്‍ക്കും സ്വപ്നങ്ങളെ താലോലിച്ചു നടന്ന ഒരു പൂര്‍വ്വകാലം ഉണ്ടാവും. സ്വപ്നങ്ങളുടെ സ്വര്‍ഗീയ ഉദ്യാനത്തിലേക്ക്‌ മുല്ലപ്പൂ ചൂടി എത്തിയവരാണ് അവരും. പക്ഷെ ജീവിതം ഒരുക്കി വെച്ചത് പട്ടു മെത്തയോ ശരശയ്യയൊ എന്നു തിരിച്ചറിയുന്നിടത്തു നിന്നും അതു ഗതിമാറി ഒഴുകുന്നു. ഒന്നുകില്‍ പ്രക്ഷുബ്ധം. അല്ലെങ്കില്‍ ശാന്തം.

നന്നായി എഴുതി. ആശംസകളോടെ.
 
ചില സമയത്ത് നാം ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാറില്ലേ വെറും കാഴ്ചക്കാര്‍ മാത്രമായി.
വളരെ ശെരിയാണ് ഈ വരികള്‍

നല്ല എഴുത്
 
@മഞ്ഞുതുള്ളി ,വായിച്ചതിനും .സന്തോഷം തരുന്ന അഭിപ്രായം നല്‍കിയതിനും നന്ദി .
പ്രാര്‍ത്ഥനയോടെ സൊ ണെറ്റ്.
@അക്ബര്ക,ആദ്യമേ ഇക്കയുടെ ഈ വരവിലെ സന്തോഷം അറിയിക്കട്ടെ .എന്റെ എഴുത്ത് വായിച്ചു മുഷിഞ്ഞില്ല എന്നറിയാല്‍ കഴിയുക എന്നതിനെ ഞാന്‍ ഒരു ഭാഗ്യമായി കരുതുന്നു.കാരണം ഇത് പോസ്റ്റ്‌ ചെയ്യുമ്പോള്‍ എനിക്കും ഉണ്ടായിരുന്നു ആ ഭയം.വായനക്കര്‍ക്ക് ഇതൊരു ബുദ്ധിമുട്ടായി മാറുമോ എന്ന് ഞാന്‍ ശെരിക്കും ഭയന്നു ..ചുരുക്കണം എന്ന് കരുതി ഞാന്‍ കുറെ പരിശ്രമിച്ചു .പക്ഷെ ജീവിതം പറയാന്‍ തുടങ്ങിയപ്പോള്‍ ഏതിനെ വെട്ടിച്ചുരുക്കും എന്നാറിയാതെ ഞാന്‍ കുഴങ്ങി .പിന്നെ ഞാന്‍ സമാധാനിച്ചു ;"എന്റെ കൂടുകരല്ലേ വായിക്കാന്‍ വരുന്നവര്‍ .ഞാന്‍ എഴുതിയതും ഒരു കൂട്ടുകാരിയെ കുറിച്ച് .അപ്പോള്‍ അവര്‍ക്ക് മനസ്സിലാക്കാനാകും എന്റെ മനസ്സ് ".എന്ന് .എന്നെ മനസ്സിലാക്കിയതില്‍ എന്റെ എഴുത്തിനെ സ്വീകരിച്ചതില്‍ അതിയായ സന്തോഷം ഉണ്ട് .കൂടെ നന്ദിയും.സ്നേഹത്തോടെ ..പ്രാര്‍ത്ഥനയോടെ .സൊണെറ്റ്
@ഷാജു അത്താണിക്കല്‍
ഈ വരവിനേയും അഭിപ്രായത്തെയും സന്തോഷത്തോടെ കാണുന്നു ."ആരെങ്കിലും ഇത് മുഴുവന്‍ ഇരുന്നു വായിക്കുമോ" എന്ന ചിന്ത ഉണ്ടായിരുന്നു ഇന്നലെ മുഴുവന്‍ .രാവിലെ വന്നു നോക്കിയപ്പോള്‍ മൂന്നു കമെന്റ് വന്നു എന്നുകണ്ടപ്പോള്‍ ശെരിക്കും സന്തോഷം .തോന്നി .നന്ദിയുണ്ട് വായനക്കും പ്രോത്സാഹനത്തിനും...പ്രാര്‍ത്ഥനയോടെ സൊണെറ്റ്
 
പണ്ടെന്നോ നഷ്ടപ്പെട്ട് പോയ കൂട്ടുകാരിയെ ഇപ്പോഴും ഓര്‍ത്തു വേദനിക്കുന്നു എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നു .കാരണം ഈ വേഗതയുടെ നൂറ്റാണ്ടില്‍ ഓര്‍മകള്‍ക്ക് സ്ഥാനം ഇല്ലന്നായിരുന്നു എന്റെ വിചാരം .എന്നാല്‍ എനിക്കിവിടെ തെറ്റ് പറ്റി.സ്നേഹമുള്ള മനസ്സിനെ ഇങ്ങനെ ഓര്‍ത്തെടുക്കാനും വേദനിക്കാനും കഴിയൂ ...
സ്നേഹമുള്ള ഈ മനസിന്‌ എന്റെ സ്നേഹാശംസകള്‍
സ്നേഹത്തോടെ .....
 
സുദീര്‍ഘമായ എഴുത്ത് വായിച്ച് എന്തെഴുതണമെന്നറിയാതെ ഇരിക്കുന്നു ഞാന്‍.
 
വിധി എന്ന സാധനത്തെ പഴിച്ച്‌ ഒരു സമൂഹത്തിന്റെ കെട്കാര്യസ്ഥതയ്യെ ന്യായീകരീക്കാന്‍ ആവില്ല.നമ്മുക്ക് വേണ്ടി ഒന്നും എഴുതപ്പെട്ടിട്ടില്ല.... പ്രകൃതിയുടെ അഗോചരമായ ചലനങ്ങള്‍ നമ്മുടെ പ്രവര്‍ത്തികളാല്‍ സ്വാധീനിക്കപ്പെടുന്നു. അങ്ങിനെ നമ്മുടെ ചുറ്റുമുള്ള ഒരുപാടു പേരുടെ പ്രവര്‍ത്തികള്‍ നമ്മുടെ 'വിധി' ആയി മാറുന്നു. ഇതില്‍ ആരെങ്കി ലും ഒരാള്‍ മാറി ചിന്തിച്ചിരുന്നെങ്കില്‍ ഈ പെണ്‍കുട്ടി ഇന്നു കഷ്ടപ്പെടെണ്ടി വരില്ലായിരുന്നു. കൂടാതെ വിവാഹത്തിനു മുന്‍പ്‌ അയാള്‍ കാര്യങ്ങള്‍ പെണ്‍കുട്ടിയോട് തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍വങ്ങിയേനെ..!! എന്തായാലും സ്വന്തം സ്വപ്നങ്ങള്‍ പോലും വീട്ടുകാര്‍ക്ക് തീറെഴുതിക്കൊടുക്കുന്ന പെണ്‍കുട്ടിയാള്‍ക്ക് ഒരു മുന്നറിയിപ്പാണ്‌ ഈ പോസ്റ്റ്. ഒപ്പം അവരുടെ സ്വപ്നങ്ങള്‍ തീറെഴുതി വാങ്ങുന്ന വീട്ടുകാര്‍ക്കും. മക്കളുടെ 'സെലേക്ഷനേ' ക്കാ ള്‍ വിവേകത്തോടെ അവര്‍ക്ക് വേണ്ടി സെലെക്ട് ചെയ്യാന്‍ വീട്ടുകാര്‍ക്കകുമോ? പണവും ,പ്രതാപവും, മതവും, തറവാട്റ് മഹിമയും നോക്കാതെ മകന്‍ / മകള്‍ ക്ക്‌ വേണ്ടി 'പാര്‍ട്നേര്‍' കണ്ടെത്താന്‍ വീട്ടുകാര്‍ക്കാവുമോ? എങ്കില്‍ മാത്രം അവരുടെ സ്വപ്നങ്ങള്‍ക്ക് വില പറയൂ....
 
This comment has been removed by the author.
 
nannayittundu iniyum ithu pole pratheekshikkunnu
 
@മുസ്തഫ,ഈ വരവിലും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും നന്ദി .എനിക്ക് എന്റെ കൂട്ടുകാര്‍ എന്നും പ്രിയപെട്ടവരാണ്.അവരെ മറന്നു കളഞ്ഞിട്ടൊരു തുടര്‍ ജീവിതം എനിക്കില്ല .അന്നും ഇന്നും എന്നും ....
@അജിത്‌ ,ഈ വരവിനെ വിലപ്പെട്ടതായി കാണുന്നു ഞാന്‍ .എന്തെ ഒന്നും എഴുതാനില്ലാതെ ഇരുന്നു പോയത് .എഴുത്ത് മനസ്സിലായില്ല എന്നുണ്ടോ?അതോ ഇതിലെ കണ്ടെന്റ് ഇഷ്ടമായില്ലേ ?ഇതുതന്നെ ആയാലും വായിച്ചല്ലോ അതുതന്നെ എനിക്ക് വലുതാണ് ..നന്ദി
@ഷാനിദ് ഈ വരവിലും അഭിപ്രായത്തിനും നന്ദി ...ജീവിതം നമ്മെ പലതും പഠിപ്പിക്കുന്നു ..അനിയന്റെ അഭിപ്രായത്തോട് ഞാന്‍ യോചിക്കുന്നു .ആശംസകളോടെ ...
 
@കൊമ്പന്‍,വായനക്കും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും നന്ദി .പിന്നെ താങ്കള്‍ സൂചിപ്പിച്ചത് പോലെ വരികള്‍ക്കിടയില്‍ കണ്ട സാമ്യത തികച്ചും തോന്നല്‍ മാത്രം .പിന്നെ ഞാന്‍ എഴുത്തില്‍ പൂര്‍ണയല്ല.പിന്നെ താങ്കള്‍ പറഞ്ഞ കൂടുകാരന്റെ എഴുത്ത് ഞാനും വായിച്ചിരിക്കാം ..നല്ല എഴുത്തുകള്‍ നമ്മെ സ്വാധീനിക്കല്‍ സ്വാഭാവികം അല്ലെ ?ചിലപ്പോള്‍ താങ്കളുടെ കൂട്ടുകാരന്റെ എഴുത്ത് എന്നെ സ്വാധീനിച്ചിരിക്കാം ..എന്ത് തന്നെ ആയാലും എനിക്ക് സന്തോഷം തോന്നുന്നത് മറ്റൊന്നിലാണ് .."താങ്കള്‍ സസൂഷ്മം വായിച്ചിരിക്കുന്നു എന്റെ എഴുത്ത് ..അതുകൊണ്ടാണല്ലോ അതിലെ വരികള്‍ക്കിടയിടെ ശൈലി ,അതിലെ സാമ്യത എല്ലാം ഇത്രക്ക് മനസ്സിലാക്കിയെടുത്തത്..ഒരിക്കല്‍ കൂടെ നന്ദിപറയുന്നു .ആവേശത്തോടെ ഉള്ള ആ വായനക്കുംഅഭിപ്രായത്തിനും പ്രാര്‍ത്ഥനയോടെ
 
@സുനീര്‍ ബാവ ,നന്ദി വായനക്കും അഭിപ്രായത്തിനും ..ഇനിയും എഴുതാം നാഥന്‍ അനുഗ്രഹിച്ചാല്‍ ..അപ്പോഴും ഇത് വഴി വന്നേക്കണം .മറക്കരുത് ..സ്നേഹത്തോടെ ..
 
...ഒന്നാം വര്‍ഷം പഠിക്കുന്ന ഒരു കുട്ടിയാണ്. എന്നേക്കാള്‍ രണ്ട് വര്‍ഷം മുതിര്‍ന്നത് .ഞാന്‍ നോക്കിയിരുന്നു .എന്താ ചെയ്യുന്നതെന്ന് അറിയണമല്ലോ? വസ്ത്രം എടുത്തു കൊണ്ട് വന്നു പിഴിഞ്ഞ്, കുടഞ്ഞു മഴ യില്ലാത്ത ഭാഗത്തേക്ക് മാറ്റി വിരിക്കുകയാണ് കക്ഷി !! എനിക്കാകെ അത്ഭുതമായിപ്പോയി. എല്ലാവരും അവനവന്‍റെ കാര്യം മാത്രം നോക്കിപോയപ്പോള്‍, അതുപോലും നോക്കാന്‍ വയ്യാതെ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ ഇവര്‍ക്കിത് എന്തിന്‍റെ സൂക്കേടാ!!! ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്നു!! ഏതായാലും കക്ഷിയെ ഒന്ന് പരിചയപ്പെട്ടിട്ട് തന്നെ കാര്യം......
"ഒരാള്‍ പ്രണയിക്കുന്നത്‌ തന്റെ സൌന്ദര്യത്തെ മറ്റേ ആളില്‍ നിക്ഷേപിച്ചുകൊണ്ട്‌. "ഇവിടെ സൌധര്യം എന്നത് ഒരു വാക്കോ പ്രവര്‍ത്തിയോആകാം.ഇതുരിച്ചറിയുന്നിടതപുതിയസൌഹ്ര്തംതുടങ്ങുന്നു .....നന്നായിട്ട് എഴുതി......പ്രശ്നങ്ങളെ അതിജീവിച്ച കൂട്ടുകാരിയെ കാണാന്‍ ഇടവരുത്തട്ടെ ......
 
വളരെ ഹൃദയകാരി ആയ ഓര്‍മ ആര്‍ക്കും ഈ ഗതി വരാതിരിക്കട്ടെ ഒരു ഒഴുക്കോടെ വായിച്ചു എനിക്കിഷ്ട്ടപെട്ട ഒരു കയ്യൊപ്പുകള്‍ വരികളില്‍ വെക്തം ചിലപ്പോള്‍ എന്റെ തോന്നലുകള്‍ ആവാം

(നേരെത്തെ ഇട്ട കമെന്റ് മാഞ്ഞു പോയി )
 
ഈ അനുഭവകഥയെ {അവളുടെ കഥയെ} ഒരു മഴക്കാലത്തിന്‍റെ ഓര്‍മ്മയിലൂടെ മഴക്കാഴ്ച്ചയുടെ വകഭേദങ്ങളിലേക്ക് ശ്രദ്ധയെ ക്ഷണിച്ചു ഒട്ടും വിരസമല്ലാത്ത വായന സമ്മാനിച്ചു പറഞ്ഞു വെച്ച സോണെറ്റിന് അഭിനന്ദനം.

തന്‍റെ എല്ലാം ഓഹരിക്കപ്പെടുന്ന ഒരു കൂട്ടുകച്ചവടം തന്നെയാണ് വിവാഹം.നന്മയുടെ സ്നേഹത്തിന്‍റെ സത്യത്തിന്‍റെ ത്യാഗത്തിന്‍റെ അര്‍പ്പണത്തിന്‍റെ എല്ലാം നിക്ഷേപം തുല്യമാവുകയും അതിന്‍റെ ലാഭ_നഷ്ട കണക്കുകളില്‍ തുല്യാവകാശം അനുവദിക്കപ്പെടുകയും അത് പാലിക്കപ്പെടുകയും ചെയ്യുന്ന നീതിയുടെ കച്ചവടം. അത് കൊണ്ട് തന്നെ അതിന്‍റെ സൂക്ഷ്മതയില്‍ ദമ്പതികള്‍ ഗൌരവപകൃതര്‍ തന്നെ..! എന്നാല്‍, ഇതിന്‍റെ നടത്തിപ്പില്‍ ഒരു നിയതമായ ഒരു നിയമം ഉണ്ടോ?
അതോ അവസരോചിതമായ ഇടപെടലും പരിഗണന എന്ന സാംസ്കാരികവും അല്ലാതെ..?

എന്നാലിവിടെ, ധന മോഹമൊന്ന് മാത്രം ലക്ഷ്യമാക്കി മകന്‍റെ ഇഷ്ടാനിഷ്ടങ്ങളെ നിരാകരിച്ച മാതാപിതാക്കളെയാണ് ആദ്യം കുറ്റത്തിന് വിധിക്കേണ്ടത്. തന്‍റെ പ്രിയപ്പെട്ടവളെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ക്കൊപ്പം 'മറു കളി' കളിക്കാന്‍ തീരുമാനിച്ചുറച്ച ആ അവസരത്തില്‍ ഈ മകനും കൂട്ടുപ്രതിയായി വരുന്നു. ശേഷം, ഒരു സമയം പോലും തന്‍റെ ഭാര്യയായൊരുവളെ പരിഗണിക്കാതെ അവളോട്‌ നീതികേട്‌ തുടര്‍ന്ന് പോന്ന ഭര്‍ത്താവ് അയാളുടെ ക്രൂര മുഖം നിരന്തരം പ്രകടമാക്കുക തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍, ഒരുകൂട്ടമാളുകള്‍ ഏകപക്ഷീയമായി തങ്ങളുടെ താത്പര്യ പൂര്‍ത്തീകരണത്തിനു വേണ്ടി ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതത്തെ കരിച്ചു കളയുകയാണ് ചെയ്തത്. ഇത്തരമോരവസരത്തില്‍ വിടുതല്‍ തേടുക തന്നെയാണ് അവള്‍ക്ക് ഏറ്റം കരണീയമായിട്ടുള്ളത്. പക്ഷെ, അവിടെയും നമ്മുടെ നീതി ക്ഷേത്രം അവളോട്‌ നീതി കാട്ടിയില്ല. തുടര്‍ന്നും, ഈ നിരന്തരവഗണനയും ഒരു കൂരക്കുള്ളില്‍ തന്നെ അപരിചിതത്വവും അനുഭവിച്ചു ഈ കടുത്ത നീതി നിഷേധനത്തിന് വിധേയയായി ജീവിക്കാന്‍{?} അവളെ നിര്‍ബന്ധിക്കുന്ന ഏതൊരു സാഹചര്യത്തെയും നമുക്കെങ്ങനെയാണ് ന്യായീകരിക്കാരനാവുക..? അല്ലെങ്കില്‍, ഈ ഗതികേടിനുള്ള ഉത്തരമെന്ത്..? മതിയായ പരിഹാരമെന്ത്...?. ഇവിടെ, അവളുടെ തുടര്‍ ദിവസങ്ങളെ കുറിച്ചുള്ള ആകാംക്ഷയില്‍ കൂട്ടുകാരിക്കൊപ്പം നാമൂസും കൂടുന്നു. സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടൊരു മഴനൂലിനെ പ്രതീക്ഷിച്ച് ഈ ഒഴിവുകാലത്തെ ഞാനും അനുഗമിക്കുന്നു.

ഞാന്‍ കുറെയേറെ പറഞ്ഞുവെന്നു തോന്നുന്നു. വിസ്താര ഭയമെന്ന ഒന്നെനിക്കില്ല. കാരണം, ഇത്രയും കേട്ടിട്ട് അല്പമെങ്കിലും പറയാതെ പോകുന്നത് ഒരു ശരികേടല്ലോ.? അപ്പോള്‍, ഒരിക്കല്‍ കൂടെ അഭിനന്ദങ്ങള്‍...!!
 
പ്രണയത്തെക്കുറിച്ച് ബ്ലോഗില്‍ എഴുത്ത് സുലഭം. പക്ഷെ എല്ലാ പ്രണയവും വിവാഹത്തിന് മുമ്പായിരുന്നു.എന്തുകൊണ്ട് വിവാഹത്തിന് ശേഷമുള്ള ജീവിത പങ്കാളികള്‍ തമ്മിലുള്ള അനശ്വര പ്രണയത്തെക്കുറിച്ച് എഴുതുന്നില്ല.‌‍ഞാന്‍ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ അതും വിവാഹത്തിന് ശേഷം ജീവിത പങ്കാളിയുമായി.ഇപ്പോഴും തുടരുന്നു.

എഴുത്തിലെ ശൈലി എനിക്ക് നന്നായി ബോധിച്ചു. അഭിനന്ദനങ്ങള്‍... നാമൂസിന്റെ കമ്മന്റിനോട് എനിക്ക് പൂര്‍ണ്ണമായും യോജിക്കാനാവില്ല. എങ്ങിനെ മാതാപിതാക്കള്‍ കുറ്റക്കാരാകും? മകളുടെ നല്ല ഭാവി ലക്ഷ്യം വെച്ച് നടത്തുന്ന വിവാഹത്തില്‍ അപൂര്‍വമായി ഇങ്ങനെയും സംഭവിക്കാം. പ്രണയിച്ച് വിവാഹം കഴിച്ചവരില്‍ ബഹുഭൂരിപക്ഷം പേരും പരാജയപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കുരുത്.
 
സൊണറ്റ്...
ഇരുന്നങ്ങു വായിച്ചു....
ഒന്നല്ല രണ്ടു പ്രാവശ്യം...
വായിക്കുമ്പോൾ അകാക്ഷ ഉണ്ടാക്കുന്നതിൽ വിജയിച്ചിട്ടുണ്ട് കേട്ടോ
നന്നായിരിക്കുന്നു എന്നു പറയാമോ...? വായിച്ച് സങ്കടമായി....
സോണറ്റിന്റെ കൂട്ടുകാരിയെ ഓർത്ത്...
 
ആ കുട്ടി ഒരു വേദനയായി മനസ്സില്‍ നില്‍ക്കുന്നു... അതുപോലെ എത്രയോ പെണ്‍കുട്ടികള്‍, താല്പര്യമില്ലാഞ്ഞിട്ടും ഭര്‍ത്താവിന്‍റെ കൂടെ കഴിയുന്നു.... കാരണങ്ങള്‍ പലതാണെന്നു മാത്രം. എല്ലാം സഹിക്കാന്‍ ആ കുട്ടിക്ക് ദൈവം ശക്തി കൊടുക്കട്ടെ.... നന്നായി പറഞ്ഞു...
 
നന്നായിട്ടുണ്ട്.. ഇതിന്റെ പൊരുള്‍ മനസ്സിലാക്കിയാല്‍ എന്ത് നല്ലത്..പരസ്പര സ്നേഹം, സഹനത, സത്യസന്ധത, സാവകാശം, ഇതൊക്കെയുണ്ടെങ്കില്‍ ഒരു പരിധി വരെ നമുക്ക് ഇക്കാണുന്നതൊക്കെ ഒഴിവാക്കാമല്ലോ.. ആശംസകള്‍
 
ithu vaayikkumpol manassil vallatha oru nombaram undakunnu...ethayaalum thangalude aa priyappetta koottukaarikk nallathu mathram varatte ennu prarthichu kond...
Rajeena Sidhique.
 
ഇത് നീ എഴുടിയതാണോ.........!!!!?ശരിക്കും ഇഗിനേ ഒരു കഥ ഉണ്ടായിട്ടുണ്ടോ.........കണ്ണ് നിറഞ്ഞു പോയി ഇട് മുഴുവന്‍ വായിച്ചു തീര്‍ന്നപോഴേക്കും..........

അവന്‍ എഗിനേ ഇത്ര ക്രൂരന്‍ അവന്‍ കഴിഞ്ഞു...അവന്‍ എന്തിനു ഒരു പെന്നിന്റെയ്‌ ജീവിതം നശിപ്പിച്ചു..........ഒരിക്കല്‍....ഒരിക്കല്‍ അവനു ഇടില്‍ പശ്ചാതപ്പിക്കും ...............

എനിക്കിഷ്ടായി ഈ പോസ്റ്റ്‌ ട്ടോ ശാലീ ...................
 
പ്രിയപ്പെട്ട സൊണറ്റ് ,
പെരുമഴ പോലെ കുറെ സങ്കടങ്ങള്‍..കൂട്ടുകാരിയുടെ ജീവിതം അറിഞ്ഞു മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നു!ഇങ്ങിനെയും സംഭവിക്കാം! വിദ്യ തന്നെയാണ് ധനം!വിവാഹം കഴിഞ്ഞാലും വിദ്യാഭ്യാസം പകുതിക്ക് വെച്ചു നിര്‍ത്തരുത്!
മറ്റാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ....നാട്ടില്‍ വരുമ്പോള്‍ കൂട്ടുകാരിയെ കാണണം,കേട്ടോ!സ്വാന്തനവും സ്നേഹവും ജീവിക്കാന്‍ പ്രേരിപ്പിക്കും!
വളരെ നന്നായി തന്നെ എഴുതി...ശബനം മനസ്സിന്റെ വിങ്ങലാകുന്നു!
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
 
@ദേവന്‍,വായനക്കും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും നന്ദി .ഇവിടെ ഒക്കെ ഉണ്ടല്ലേ!! .ഞാന്‍ വിചാരിച്ചു നാട്ടില്‍ പോയെന്നു ....സുഖമായിരിക്കുന്നോ?സങ്കടങ്ങള്‍ എല്ലാം മാറി സന്തോഷത്തോടെ ഇരിക്കുന്ന എന്റെ കൂട്ടുകാരിയുടെ മുഖം എന്റെ കണ്മുന്നില്‍ കാണാന്‍ കഴിയട്ടെ എന്നാശിക്കുന്നു ഞാന്‍ .പ്രാര്‍ത്ഥിക്കുന്നു .....
 
@നമൂസ് ,വായനക്കും അഭിപ്രായത്തിനും നന്ദി .
@അദൃശ്യന്‍,വിവാഹശേഷം ഉള്ള പ്രണയം തന്നെ ഏറ്റവും മികച്ചത് ..വിവാഹത്തിന് മുന്പ് തുടങ്ങി അത് ശേഷവും നിലകുന്നെങ്ങില്‍ അത് കൂടുതല്‍ സന്തോഷകരം തന്നെ അല്ലെ ???ഇവിടം സന്ദര്‍ശിക്കാനും ,അഭിപ്രായം പറയാനും ഉണ്ടായ നല്ല മനസ്സിന് നന്ദി ..ഇനിയും വരണം ...ശെരിക്കുമുള്ള പേരില്‍ തന്നെ വരണം കേട്ടോ .അതാകുമ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷം ....പ്രാര്‍ത്ഥനയോടെ ....
@ജാനകി ,സന്തോഷം ..ഈ വരവിലും സന്തോഷം തരുന്ന അഭിപ്രായത്തിനും ....സങ്കടം ആയി അല്ലെ ??????അപ്പോള്‍ എന്റെ സങ്ങടം ഒന്നോര്‍ത്തു നോക്കിക്കേ !!!അവളെകുരിചോര്‍ത്ത് ഞാന്‍ നീരുപുകയാരുണ്ട് പലപ്പോഴും !!!പ്രാര്‍ത്ഥിക്കുന്നു ,ഇന്നവള്‍ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിയാന്‍ .....
 
സ്വപ്നമൊരുവഴിയേ, സത്യമൊരുവഴിയേ...
അവയെ കണ്ണും കെട്ടിനടത്തും
കാലം മറ്റൊരു വഴിയേ...

നേരം കുറച്ചായി എന്തെഴുതുംന്ന് ചിന്തിച്ചിരിക്കണു
ഒന്നും കിട്ടണില്ല, അതോണ്ട് ഈ വരികളിവ്ടെ ഇട്ടേച്ചും പോണു
 
@ലിപി ,സന്തോഷം ..ഈ വരവിനും,അഭിപ്രായത്തിനും ...ഞാന്‍ വായിച്ചു കേട്ടോ ലിപിയുടെ ബ്ലോഗ്‌ ..നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് മതിയാവില്ല അര്‍ഥം ഉള്‍കൊള്ളാന്‍ ..കൂടുതല്‍ എഴുതുക ..ഞാനും പ്രാര്‍ഥിക്കാറുണ്ട്... ജോലിയിലും ,എഴുത്തിലും തിളങ്ങട്ടെ എന്ന് .പ്രാര്‍ത്ഥനയോടെ ...
.................................................
@Pranavam Ravikumar a.k.a. Kochuravi ,ഈ വരവിനും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും നന്ദി ..സ്നേഹത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ ഇപ്പോള്‍ ആര്‍ക്കാ ഇവിടെ സമയം ??എല്ലാരും അവനവന്റെ കാര്യം നോക്കി നെട്ടോട്ടം ഓടുകയല്ലേ !!!അതിന്നിടയി സ്നേഹം സഹിഷ്ണുത എല്ലാം നഷ്ടാമാകുന്നു ...
................................................

@റെജീന ,ഈ വരവിലും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും നന്ദി .പ്രാര്‍ത്ഥനയില്‍ എന്നും കൂടെ ഉണ്ടാകും
@സമീല്‍ ,ഈ വരവിലും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും നന്ദി .പിന്നെ സംശയം വേണ്ട കേട്ടോ ..ഇത് ഞാന്‍ എഴുതിയത് തന്നെ ആണ് കേട്ടോ !!!കഥയല്ലിത് ജീവിതം !!!
................................................

@പ്രിയപ്പെട്ട അനു,
നന്ദിയുണ്ട് ..ഈ വരവിനും സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും ....പഠനം പകുതിവെച്ച് നിര്ത്തിപോകരുത്..അത് തന്നെയായിരുന്നു ഇത് പകര്‍ത്തുമ്പോള്‍ എന്റെയും മനസ്സിലുള്ള മെസ്സേജ് !!അതെത്രമാത്രംവിജയിച്ചു എന്നെനിക്കറിയില്ല ...
പിന്നെ ,അനൂ..ശബ്നയുടെ കഥയല്ല കേട്ടോ ഞാന്‍ പറഞ്ഞത് ..ശബ്ന ഞങ്ങളുടെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച വേറെ ഒരു കുട്ടിയാണ് .ഈ എഴുത്തിലെ കൂടുകാരിയുടെ പേര് ഞാന്‍ എഴുതിയിട്ടില്ല !!മറ്റുള്ളവരുടെ മുന്നില്‍ വെറുതെ ആ കുട്ടിയുടെ പേര് വെളിപ്പെടുത്തേണ്ട എന്ന് കരുതി .. എന്റെ കൂടെ പഠിച്ച പലരും ഇത് വായിക്കുന്നുണ്ട് ..
"സ്വാന്തനവും സ്നേഹവും ജീവിക്കാന്‍ പ്രേരിപ്പിക്കും!"ഈ വാക്കുകള്‍ എനിക്കും ഊര്‍ജം നല്‍കുന്നു ...
സ്നേഹത്തോടെ സൊനെറ്റ്.
 
@ചെറുത് ,സ്വാഗതം ..ഇവിടേക്ക് വന്നതിന്നു ആദ്യം നന്ദി ...എന്തിന്നു അധികംഎഴുതുന്നു ചെറുതെ?ഈ എഴുതിയ വാക്കുകള്‍ തന്നെ ധാരാളം അല്ലെ?അത്രമേല്‍ ഉള്‍കൊണ്ടിരിക്കുന്നു എന്റെ എഴുത്തിനെ ഈ ചെറുത് ...പേര് ചെറുതെങ്കിലും എഴുത്ത് കൊള്ളാം !ആശംസകള്‍
പ്രാര്‍ത്ഥനയോടെ ..സോനെറ്റ്
 
ithu oru puthiya sailiyanu ketto
nallarasmundayirunnu
 
സോനെറ്റ് നന്നായി എഴുതി അഭിനന്തങ്ങള്‍ വായനക്കാരുടെ മനസ്സില്‍ ഒരു വിങ്ങല്‍ ഇട്ടുകൊണ്ടാണ് അവസാനിപ്പിക്കുന്നത് ......ഈ പെണ്‍കുട്ടി സമൂഹത്തിനു മുന്നില്‍ ഒരു ചോദ്യചിന്നം ഇവളുടെ നൊമ്പരം ....ഇവല്ക്കുമില്ലേ ആഗ്രഹങ്ങളും പ്രതീക്ഷകളും ബഷീര്‍ക്ക (വൈക്കം )പറഞ്ഞപോലെ ഇവളും ഒരു പെണ്ണല്ലേ ..?ഇവളുടെ ആ ദുസ്വപ്നങ്ങള്‍ ആമഴയത് ഒഴുകിപോയിട്ടുണ്ടാകും .....എഴുത്ത് നന്നാവുന്നുണ്ടേ ....
 
This comment has been removed by the author.
 
പലപ്പോഴും സംഭവിക്കുന്ന, അതേ സമയം വിധിവിലക്കുകളും നിസ്സഹായാവസ്ഥയും വിലങ്ങാകുന്ന പുറത്തറിയാത്ത ഇത്തരം സംഭവങ്ങള്‍ കുറെയേറെ കാണും. ആ മഴ നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ തന്നെ മനസ്സില്‍ നന്മയുള്ള ആ സുഹൃത്തിനെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. അവരുടെ ജീവിതത്തിലെ ദുരന്തം അതുകൊണ്ട് തന്നെ എന്‍റെ കൂടി നൊമ്പരമായി. ലളിതമായ ആഖ്യാന ശൈലി ഈ സംഭവത്തെ അതേ ഫീലോടെ പറയാനും സാധിപ്പിച്ചു .
കാലം ആ മുറിവുകള്‍ മായ്ച്ചു കഴിഞ്ഞെന്നു ഞാനും വിശ്വസിക്കുന്നു. അതിനായി പ്രാര്‍ഥിക്കുന്നു.
എഴുത്തിന്‍റെ വഴികളില്‍ പലപ്പോഴും ഇടവേളകള്‍ വരുന്നലോ സൊണറ്റിന്. നല്ല ഭാഷയും നന്നായി പറയാനും കഴിവുണ്ടെന്ന് " എന്‍റെ മാത്രം പൂക്കാലം " എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ഇടവേളകളെ മാറ്റി നിര്‍ത്തി എഴുത്തിന്‍റെ ലോകത്തേക്ക് സജീവമായി വരാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
 
"എന്‍റെ ഉമ്മയും ഉപ്പയും ചൂണ്ടി കാണിക്കുന്ന ഒരാള്‍ അതാണെന്‍റെ സ്വപ്നം. അങ്ങിനെ ഒരാള്‍ എന്‍റെ ജീവിതത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എന്‍റെ മോഹങ്ങള്‍ക്ക് ചിറകു മുളക്കും. പിന്നെ ഞാനെന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കും." .......അങ്ങനെ ചിന്തിക്കുന്ന എത്രയോ പേര്‍ ഉണ്ട് ...എല്ലാവര്‍ക്കും ഇങ്ങനെ ആവണം എന്നില്ല ....ഇതേ പോലെ ദു:ഖം അനുഭവിക്കുന്ന ഇതേ സ്വഭാവം ഉളള പണക്കാരിയായ കാണാന്‍ തെറ്റില്ലാത്ത ഒരു പാവം പെണ്‍കുട്ടി എന്ടെ കണ്‍മുന്‍പില്‍ തന്നെ ഉണ്ട് ...കോടതിയില്‍ ഇപ്പോള്‍ കയറി ഇറങ്ങുകയാണ് അവള്‍ ....ജീവിതം എന്ടെന്നറിയാത്ത ഒരു പാവം പെണ്ണ് ,സമൂഹത്തിനു മുന്നില്‍ നില്‍ക്കാന്‍ വേണ്ടി മാത്രം ഭാര്യ എന്ന പദവിയുമായി നടന്നവള്‍ ...വര്‍ഷങ്ങളായി ചതിയില്‍ പെട്ട് പോയവള്‍ ...യെണ്ടാവും അവളുടെ വിധി എന്ന് ഉറ്റു നോക്കി ഇരിക്കുന്നവര്‍ ഏറെ പേര്‍ ഉണ്ട് ... ഒരു സ്ത്രീയുടെ സ്വസ്ഥത അതവളുടെ കുടുംബജീവിതം തന്നെയാണ് ...അതാണ്‌ ശെരി ഇതിലെ ഓരോ വാക്കും എന്നെ ഓര്മ പെടുത്തുന്നത് അവളെ ആണ് ... ചില സമയത്ത് നാം ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാറില്ലേ വെറും കാഴ്ചക്കാര്‍ മാത്രമായി.! അങ്ങിനെ ഒരവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് .... ചെറിയ മാറ്റം മാത്രം അവള്‍ എല്ലാ സ്ത്രീകളിലും ഒരാള്‍ മാത്രം ആയിരുന്നു അവളുടെ ഭര്‍ത്താവിനു ...വീട്ടുജോലിക്കാരിയും ഏറ്റവും വൃത്തികെട്ട രീതിയില്‍ നടക്കുന്ന മോശപ്പെട്ട സ്ത്രീകളും ഒക്കെ ഒരേ കണ്ണില്‍ കാണുന്ന ആ മനുഷ്യന്ടെ കൂടെ വര്‍ഷങ്ങളോളം ഒന്നുമറിയാതെ ജീവന്‍ടെ ജീവനായി സ്നേഹിച്ച അവള്‍ എന്ടെ കണ്ണില്‍ നിന്നും മായാതെ കിടപ്പുണ്ട് ...സ്നേഹം എന്തെന്ന് അവള്‍ അറിഞ്ഞില്ല ഇനി അവള്‍ക്ക് അതു കിട്ടുമോ അറിയില്ല ...എന്നോട് പലപ്പോഴും ചോദിക്കുന്ന ചോദ്യം യെണ്ടിനു ഇനി ഞാന്‍ ജീവിക്കണം എന്ന് ആശ്വസിപ്പിക്കാന്‍ ചിലപ്പോള്‍ വാക്കുകള്‍ കിട്ടാറില്ല ....ഇവര്‍ക്ക് എല്ലാം നല്ലത് മാത്രം കൊടുക്കട്ടെ എന്ന് നമുക്ക് ദൈവത്തിനോട് പ്രാര്‍ഥിക്കാം .എല്ലാം സഹിക്കാന്‍ അവര്‍ക്ക് ശക്തി കൊടുക്കാട്ടെ.... സൊണറ്റിന് ഇതു എഴുതാന്‍ സാധിച്ചല്ലോ വളരെ നന്നായി ....മൂസാഇക്ക ആണ് ഈ ലിങ്ക് തന്നത് നന്ദി മൂസാഇക്ക
 
അടുത്തിരുന്നൊരാൾ പറയുന്നതുപോലെ.. എവിടെയൊക്കെയോ ഓർമ്മകളിൽ പോയും വാക്കുകളിൽ നൊന്തും. ഒഴുക്കും ഒതുക്കവുമുള്ള എഴുത്ത്. ഭാവുകങ്ങൾ.
 
ആദ്യമായാണ് ഈ "നഷ്ട സ്വപ്നനങ്ങളില്‍" എത്തുന്നത്. ശരിക്കും നമ്മുടെ ചുറ്റുപാടില്‍ മരിക്കാതെ ജീവിക്കുന്നവരുടെ നഷ്ടപ്പെടലുകളുടെയും വേദനകളുടെയും ഒരേട്‌ നിങ്ങളുടെ ഈ അനുഭവവും. കുറച്ചു ദീര്ഘിച്ചെങ്കിലും നല്ല ശൈലിയിലൂടെയുള്ള എഴുത്ത് അനുകൂലമായിരുന്നു വായനയുടെ ആസ്വാദനത്തിനു. നന്മകള്‍ നേരുന്നു ....
 
ഇഷ്ടങ്ങൾക്ക് എല്ലാം നഷ്ടങ്ങളുടെ കഥയുണ്ട്
 

Post a Comment

വല്ലതും പറയണമെന്ന് തോന്നുവോ.? എങ്കില്‍ {?}