Wednesday, February 23, 2011

'എന്‍റെ മാത്രം പൂക്കാലം'

നഷ്ട സ്വപനങ്ങളുടെ ഭാണ്ഡം പേറി വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പേന വീണ്ടും ചലിച്ചു തുടങ്ങുന്നു. ഒരിക്കലും ഞാന്‍ നിനച്ചില്ല. ഇതിങ്ങിനെ വന്നു ഭവിക്കുമെന്ന്. കാരണം, പ്രണയം ഉണ്ടെങ്കിലേ എന്നിലെ എഴുത്താണി ചലിക്കൂവെന്ന മിഥ്യാ ധാരണയില്‍ നിലച്ചു പോയ എന്‍റെ ശ്വാസത്തെ വീണ്ടും തുടിക്കുവാന്‍ പ്രേരിപ്പിച്ചത് ആരാണ്..? "തിട്ടമായൊരുത്തരമില്ലെനിക്കിതിന് " എന്നാല്‍, ഇപ്പോള്‍ എന്‍റെ മനസ്സിനെ വല്ലാതെ വരിഞ്ഞു മുറിക്കുന്ന ഈ നോവോ അതോ, കഴിയും നിനക്കെന്നോതി ആത്മ വിശ്വാസത്തെ എന്നിലൂട്ടിയ എന്‍റെ സുഹൃത്തോ.. അതോ, ഈ മരുഭൂമിയിലെ ഊഷരമായ ജീവിത പരിസരത്തു നിന്നും രക്ഷപ്പെടാന്‍ കൊതിക്കുന്ന ഈ ഭ്രാന്തന്‍ മനസ്സോ..? എന്തുമായിക്കൊള്ളട്ടെ, ഇവക്കുള്ള ഉത്തരമായി ഞാനിതാ എഴുതി തുടങ്ങുന്നു. ഇന്നലെകളിലേക്ക് കണ്ണയച്ചു കൊണ്ട്......

പിറകോട്ട് പിറകോട്ട് ഒരുപാട് പിറകോട്ട്. എന്നിട്ടിപ്പോള്‍ ഞാനെത്തി നില്‍ക്കുന്നു ആ കൊന്നപൂത്ത മരച്ചുവട്ടില്‍. വയ്യ, ഇനിയും പിറകോട്ട് നടക്കാന്‍ എനിക്ക് വയ്യ...!! അല്ലെങ്കിലും പണ്ട് മുതല്‍ക്ക് തന്നെ ഈ 'കണികൊന്ന'യെന്നെ പിടിച്ചു നിര്‍ത്തുമായിരുന്നുവല്ലോ..? ഇവിടെ നിന്നും ഒന്നനങ്ങാന്‍ പോലുമാവാതെ നിന്നിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നുവല്ലോ.?
'എന്‍റെ മാത്രം പൂക്കാലം'.

ഒരടി പിറകോട്ടോ മുന്നോട്ടോ ഓര്‍മ്മയെ നടത്താന്‍ എനിക്കുവയ്യാ.. സാധിക്കുമോ എനിക്കിവിടം വിട്ടു പോവ്വാന്‍..? കാലാന്തരത്തില്‍ മറഞ്ഞു പോയ ആ പൂക്കാലം തിരിച്ചു പിടിക്കാനായെങ്കില്‍ എന്നു ഞാന്‍ വെറുതെ മോഹിച്ചു പോകുന്നു.!!
ഇല്ല. എന്‍റെ ശരീരത്തിന്നാവില്ല. കാരണം, വെള്ളി കണ്ട മുടിയും, ചുളിവു വീണു തുടങ്ങിയ തൊലിയും, ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഈ ജീവിതവും ശേഷിപ്പായുള്ള എനിക്ക് പോയ കാലത്തെ കയ്യെത്തിപ്പിടിക്കാനാകുമോ...?
ഇല്ല..... എന്തിന്, ഇന്നിനെ പോലും കാണാന്‍ എന്‍റെ കണ്ണുകളുടെ കാഴ്ച മങ്ങിയിരിക്കുന്നു. എങ്കിലും എന്‍റെ മനസ്സു വല്ലാതെ വിസമ്മതിക്കുന്നു. ഇവിടംവിട്ടു മുന്നോട്ടു പോകാന്‍.

ഇന്നിവിടെ ഞാന്‍ തനിച്ചാണല്ലോ..? വര്‍ഷങ്ങള്‍ക്ക് പിറകിലേക്കുള്ള ഈ യാത്രയുടെ തുടക്കത്തില്‍ ഞാന്‍ ആഗ്രഹിച്ചത്‌ ഈ ഏകാന്തതയായിരുന്നില്ലല്ലോ..? എവിടെ ഇന്നെന്‍റെ സുഹൃത്തുക്കളും, ഒച്ചയും ബഹളവും, പിന്നെ കുറെ നല്ല നിമിഷങ്ങളും.. ആര്‍ത്തു തിമിര്‍ക്കുന്ന മഴയില്‍പ്പോലും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഇന്ന് മഴയുടെ ആരവവും എന്നിലെ ആഘോഷങ്ങളും പെയ്തൊഴിഞ്ഞിരിക്കുന്നു. ഞാന്‍ വീണ്ടും തനിച്ചായി... ഈ കൊന്നപ്പൂമരച്ചുവട്ടില്‍.

ഓര്‍മ്മകളില്‍, ഞങ്ങള്‍ ആമോദത്തില്‍ ജീവിക്കുകയായിരുന്നു. ഞങ്ങളില്‍ 'അവനോ അവളോ' ഇല്ലായിരുന്നു. ഞങ്ങള്‍ ഞങ്ങളായിരുന്നു. ഇതില്‍ ആരും ആരെയും പ്രണയിച്ചില്ല. പരസ്പരം ഉള്ളു തുറന്നു ചിരിച്ചു സ്നേഹത്തോടെ... ഹ്രദയപൂര്‍വ്വം. തമ്മില്‍ പറയാത്തതും അറിയാതതുമായി ഒന്നുമില്ലെന്ന് ഞങ്ങള്‍ അഹങ്കരിച്ചു. പക്ഷെ, ഇടക്കെപ്പോഴോ ഞാന്‍ കൂട്ടത്തില്‍ നിന്നുമല്‍പം മാറി നടന്നു. അതെ, അതൊരു വഞ്ചനയായിരുന്നു. മറ്റുള്ളവരോടോ ഈ എന്നോട് തന്നെയോ ഞാന്‍ ചെയ്ത ഒരു ചതിയായിരുന്നുവത്.

ഞാന്‍ അറിയാതെ നിന്നെ സ്നേഹിച്ചു പോയി. അല്ല പ്രണയിച്ചു പോയി. സ്നേഹമെന്നും നമ്മളില്‍ ഉണ്ടായിരുന്നുവല്ലോ..? അതെ, എനിക്ക് നിന്നോട് പ്രണയം തന്നെയായിരുന്നു. എനിക്കിതൊരു ചതിയായി തോന്നിയെങ്കിലും{?}നിന്നോടുള്ള എന്‍റെ ഇഷ്ടത്തെ/സ്നേഹത്തെ/പ്രണയത്തെ എനിക്ക് ഉപേക്ഷിക്കാനായില്ലാ. കാരണം,നീ എനിക്കത്രമേല്‍ പ്രിയമുള്ളവനായിരുന്നു. അതിനുശേഷമാണെന്ന് തോന്നുന്നു ഞാനീ കൊന്നമരച്ചുവട്ടിലിരിക്കിരിക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പക്ഷെ, അവരാരുമെന്നെയതിനു അനുവദിക്കാറില്ലായിരുന്നു. എന്നാല്‍, അന്ന് ഞാന്‍ കൊതിച്ചതെന്തുവോ അതിന്നു ഞാന്‍ വെറുക്കുന്നു. ഇന്നെനിക്ക് ഇങ്ങനെ ഒറ്റക്കിരിക്കുവാനാകുന്നില്ലാ. മുമ്പെന്നെത് പോലെ എല്ലാവരുമൊന്നൊത്തു കൂടിയിരുന്നെങ്കിലെന്നു ഞാന്‍ വൃഥാ മോഹിച്ചു പോകുന്നു.

പിന്നീടെന്നാണ് നിങ്ങളെന്‍റെ 'കള്ളം' കണ്ടു പിടിച്ചത്..? ഞാനതിനെ ഉച്ചത്തില്‍ പറഞ്ഞിരുന്നില്ലല്ലോ.? എനിക്കതിനെ എന്നോട് തന്നെയും പറയാന്‍ ഭയമായിരുന്നുവല്ലോ..? എന്നിട്ടും, നിങ്ങളത് വായിച്ചെടുത്തു. "മുഖം മനസ്സിന്‍റെ കണ്ണാടിയെന്നു" പറയുന്നതെത്ര ശരി..!! പിന്നീടെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു., അവസാന വര്‍ഷ പരീക്ഷാ ഹാള്‍ ഇന്നുമെന്‍റെ ഓര്‍മ്മയിലുണ്ട്. പൂപ്പലേല്‍ക്കാത്തൊരു ചിത്രം കണക്കെ അതിന്നുമെന്‍റെ മനസ്സില്‍ തിളങ്ങുന്നു. എന്നിട്ടും..... എല്ലാം മതിയാക്കി....... {മതിയായിട്ടായിരുന്നില്ലാ, പക്ഷെ, പിന്നീടവിടം നാം മാറ്റാര്‍ക്കോവേണ്ടി ഒഴിച്ചിടാന്‍ നാം നിര്‍ബന്ധിതരായിരുന്നുവല്ലോ..?} നമ്മള്‍ പിരിഞ്ഞ ആ ദിവസം നീ പറഞ്ഞ വാക്കുകള്‍. അതായിരുന്നുവല്ലോ എന്‍റെ അവസാന 'കവിത'.!!!

"ഓര്‍ക്കും,നിന്നെ ഞാന്‍ എന്നുടലില്‍
ചാരം പൊതിയും നാള്‍ വരെയും.
പക്ഷെ,ഓര്‍ക്കരുതെന്നെനീ നിന്നുടലില്‍
വാര്‍ദ്ധക്യം വന്നണയും വരെയും"

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരാ.... എന്തായിരുന്നു അതിന്‍റെ അര്‍ത്ഥം...?
അന്നതിനെ മനസ്സിലാക്കാന്‍ എനിക്കായില്ലാ... പക്ഷെ, ഇന്നതിനെ ഞാന്‍ ഇങ്ങിനെ കൂട്ടി വായിക്കുന്നു. നിന്‍റെ ഓര്‍മ്മയില്‍ ഞാനുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. നിന്നെ ഞാന്‍ ഓര്‍ക്കാതെ ആയതെന്നെന്നോ അതുമെനിക്കറിയില്ല. എന്നാല്‍ നിന്നെ ഞാനിന്നോര്‍ക്കുമ്പോള്‍ എനിക്കുറപ്പായി എന്നില്‍ വാര്‍ദ്ധ്യക്യത്തിന്‍റെ അടയാളങ്ങള്‍ പ്രകടമായിയെന്ന്‌. ഞാന്‍ നിന്നെ ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്നു ഞാന്‍ അനുഭവിക്കുന്നതും ഈ നിമിഷം തന്നെ...! അല്ലായിരുന്നുവെങ്കില്‍, നിന്‍റെയാ അവസാന വാക്ക് ഞാനിത്ര കണ്ടു അനുസരിക്കില്ലായിരുന്നുവല്ലോ...? എനിക്കിവിടം വിടാന്‍ സമയമായെന്നറിയിച്ചു കൊണ്ട് സമയ സൂചിക അതിവേഗത്തില്‍ ചലിക്കുന്നു..... വാര്‍ദ്ധക്യത്തിന്‍റെ മരുന്ന് മണക്കുന്ന ഇടുക്കത്തിലേക്ക് മടക്കയാത്രയാകുമ്പോള്‍, ഞാന്‍ വീണ്ടുമാശിച്ചു പോകുന്നു. "നിന്‍റെ 'വാക്കിനെ' മനസ്സാ വരിച്ച എന്നെയും തേടി ആ വാക്കിനെ സത്യമാക്കാന്‍ നീ വരുമെന്ന്".

പ്രിയമുള്ളവനെ... ഇന്നെന്നുടലില്‍ വാര്‍ദ്ധക്യം കടന്നാക്രമിച്ചു കഴിഞ്ഞു. ഇനി നിന്‍റെ സമ്മതത്തോടെ തന്നെ ഞാന്‍ നിന്നെ ആഗ്രഹിച്ചു കൊള്ളട്ടെ...!! എന്‍റെ കാത്തിരിപ്പിന്നൊടുവില്‍ നമ്മുടെ കൊന്നപ്പൂമരം വീണ്ടും പൂ പൊഴിക്കുമായിരിക്കുമല്ലേ.......???????

35 comments:

വീണ്ടും എഴുത്ത് തുടങ്ങിയത് വര്‍ഷങ്ങള്‍ക്കു ശേഷം ആണെങ്ങിലും നല്ല തുടക്കം..

പ്രിയമുള്ളവനെ... ഇന്നെന്നുടലില്‍ വാര്‍ദ്ധക്യം കടന്നാക്രമിച്ചു കഴിഞ്ഞു. ഇനി നിന്‍റെ സമ്മതത്തോടെ തന്നെ ഞാന്‍ നിന്നെ ആഗ്രഹിച്ചു കൊള്ളട്ടെ...!! എന്‍റെ കാത്തിരിപ്പിന്നൊടുവില്‍ നമ്മുടെ കൊന്നപ്പൂമരം വീണ്ടും പൂ പൊഴിക്കുമായിരിക്കുമല്ലേ......
ഇഷ്ട്ടപെട്ടു..
 
ഇഷ്ട്ടപെട്ടു.
 
തിരിഞ്ഞു നൊകിയപ്പോള്‍ കണ്ട ഒര്‍മയില്‍ തളിരിട്ട പൂക്കാലം വര്‍ണ്ണവിസ്മയമാകട്ടെ...
എഴുതിലൂടെ വാര്‍തക്യം മേയുന്ന മനസ്സിനെ യൊവ്വനതിലേക്ക് ആനയിക്കം
എഴുതിയതില്‍ പലതും മറഞ്ഞിരിക്കുന്നു, എഴുതാന്‍ ഇനിയും ഒരുപാട് ഉണ്ട്....

വസന്തമേ നിന്‍ കുളിരില്‍
പ്രണയമാം നിന്‍ വീധിയില്‍
തളിരിട്ട പൂമൊട്ടുകള്‍
പൂകട്ടെ ഒനിയും ഒരുപാട്
 
എഴുത്ത് ആകര്‍ഷണീയമാണ്
പക്ഷെ വായന കണ്ണിനു തീര്ത്തും ആയാസം ഉണ്ടാക്കുന്നുണ്ട്.
ബാക്ക്ഗ്രൗണ്ട് മാറ്റിയാല്‍ നന്നാവും.
ആശംസകള്‍
 
ഇഷ്ട്ടപെട്ടു.ആശംസകള്‍
 
എല്ലാ നിര്‍വ്വചനങ്ങള്‍ക്കും അതീതമാണ് പ്രണയം.
വളരെ വിശാലാര്‍ത്ഥത്തില്‍ പറഞ്ഞു വെക്കാവുന്ന ഒരു സ്വകാര്യാനുഭൂതി തന്നെയാണ് പ്രണയം. ചിലപ്പോള്‍ വ്യക്തിയോട് അയാളിലെ ഗുണങ്ങളോട്, ചില വിഷയങ്ങളോട് അതിലെ കൌതുകത്തോട്, ചില വസ്തുക്കളോട് അതിന്‍റെ മനോഹാരിതയോട്, ഒക്കെ തോന്നുന്ന വര്‍ദ്ധിതാഭിനിവേശമാണ് പ്രണയം.....

'എന്‍റെ മാത്രം പൂക്കാലം' വായിക്കുമ്പോള്‍ അതിന്‍റെ സുഗന്ധവും അതിന്‍റെ മര്‍മ്മരവും ഒരു പ്രത്യേക ഘട്ടത്തില്‍ വിസ്മൃതിയിലേക്കാണ്ട് പോവുകയും ശേഷം, പെട്ടെന്നൊരുനാള്‍ എകാന്തമായൊരു തീരത്തേക്ക് ഓര്‍മ്മയുടെ കപ്പലടുത്തപ്പോള്‍ ബോധപൂര്‍വ്വം തമസ്കരിച്ചൊരു 'ചിത്രം' അത് മുമ്പുള്ളതിനേക്കാള്‍ വര്‍ദ്ധിതവേഗത്തില്‍ ശോഭ പരത്തുന്നു. നൈരാശ്യത്തില്‍ മറഞ്ഞ കാഴ്ചകളില്‍ അത് ദീപ്തവുമാകുന്നു.
ഒരു പക്ഷെ, അത്യാപത്തിലാണ് പ്രണയം ഏറ്റവും ഉദാത്തവും മഹത്വമുള്ളതുമായി അനുഭവപ്പെടുക... ഇത്, ഈ എഴുത്ത് അത്തരം ഒരനുഭവത്തിന് സാക്ഷയം നില്‍ക്കുന്നു.
അത് കൊണ്ട് തന്നെ, ഈ പ്രണയം കാലത്തെയും ജയിച്ചിരിക്കുന്നു. ഇതില്‍ ത്യാഗത്തെയും കാണുവാനാകുന്നു. കൂടെ, കരുതലിനെയും....!!

ഈ പ്രണയാക്ഷരങ്ങളുടെ മനോഹാരിതയില്‍ കൌതുകം.. അതിലുമപ്പുറം ഇഷ്ടം സ്നേഹം..... നന്ദി ഒരിക്കല്‍ കൂടെ... ഇതിനെ ഇങ്ങനെ ഞങ്ങള്‍ക്കായി പങ്കു വെച്ചതിന്
 
ഒരു വീണ്ടെടുപ്പാണ് ഈ എഴുതെങ്കില്‍ ഇത് നിര്‍ത്തരുത്.
കാരണം സ്വപ്നങ്ങളുടെ ഒരു പൂക്കാലം ഇതില്‍ വായിക്കാന്‍ കഴിഞ്ഞു.
പിടിച്ചിരുത്തിയ അവതരണം.
തുടരുക .
ആശംസകള്‍
 
ചലിച്ചു തുടങ്ങിയ പേനയിലെ മഷിക്കു കാലപ്പഴക്കം ബാധിച്ചിട്ടില്ല. അതിൽ നിന്നും പൊഴിയുന്നതു വർണ്ണങ്ങളാണു.. കടുത്ത വർണ്ണങ്ങൾ..
 
നിങ്ങളെ എനിക്ക് അറിയില്ല. നിങ്ങള്ക്ക് എന്നെയും. എന്‍റെ മുന്നില്‍ നിങ്ങളുടെ നഷ്ടസ്വപ്നങ്ങള്‍ തീര്‍ത്ത മഞ്ഞ പൂക്കളം മാത്രം.
നഷ്ടസ്വപ്നങ്ങളുടെയും തീവ്ര വിരഹത്തിന്‍റെ യും കഥകള്‍ കാലങ്ങളായി നാം വായിക്കുക യും മറക്കുകയും വീണ്ടും വായിക്കുകയും ചെയ്യുന്നു.
എന്നാല്‍ സോനാ ( ശരിയായ പേര് അതല്ലെങ്കിലും ) നിങ്ങളുടെ വാക്കുകളിലെ അസാധാരണമായ അത്മാര്‍ത്തത തിരിച്ചറിയപ്പെടുന്നു ..നിങ്ങളുടെ
നീറുന്ന മനസ്സ് ഒരു കണ്ണാടിയില്‍ എന്നപോലെ വായിച്ചെടുക്കാന്‍ എളുപ്പം കഴിയുന്നു..... നിങ്ങള്‍ മാര്‍ക്കെസിനെ വായിച്ചിട്ടുണ്ടോ എന്നെനിക്കു അറിയില്ല.
മനസ്സില്‍ ഒളിപ്പിച്ച പ്രണയം വെളിപ്പെടുത്താന്‍ കഴിയാതെ വിങ്ങുന്ന മനസ്സുമായി ഒരു പുരുഷായുസ്സു മുഴുവന്‍ അലയേണ്ടിവന്ന ഒരു കഥാപാത്രമുണ്ട്
മാര്‍ക്കെസി ന്‍റെ തായി.. . പണ്ടെന്നോ വായിച്ച ആ ക്ലാസ്സിക് നോവലും ആ കഥാപാത്രവും ഈ വൈകിയ രാത്രിയില്‍ എന്നെ തേടി വീണ്ടും വന്നു.
എല്ലാ ഊഷര കാലത്തിനും അപ്പുറം ഒരു പൂക്കാലം ഉണ്ടായിരിക്കാം.....വേനലില്‍ പൂക്കുന്ന കൊന്ന മരത്ത ണലില്‍ തന്നെ നമുക്ക് അതിനായി കാത്തിരിക്കാം
വീണ്ടും എഴുതുക ....അക്ഷരങ്ങളുടെ ലഹരിയില്‍ സ്വയം സമര്‍പ്പിക്കുക ...
 
പ്രണയം ..ഒരിക്കലും ജരാനരകൾ ബാധിക്കാത്ത സ്വപ്നസാക്ഷാത്കാരം....പ്രിയ ചങ്ങാതി നിന്റെ മനസ്സിന്റെ നോവറിയുന്നു....ഓരോ ഹൃദയവും ഒരുപാടു തുന്നിക്കൂട്ടിയ ഒരു തുകൽസഞ്ചിപോലെയാണ്‌.....ചില ഓർമ്മകൾ വന്ന് ചിലപ്പോഴെങ്കിലും തുന്നിയ നൂലടർത്തിമാറ്റും അപ്പോൾ കിനിഞ്ഞിറങ്ങുന്ന നോവിന്റെ കണങ്ങളിൽ നിന്നും ആരുമറിയാതെ തേങ്ങലുകളുയരുന്നുണ്ടാകും.......എങ്കിലും പ്രണയമെന്ന മാസ്മരികത നുണയാത്തവർക്കൊരിക്കലും അതിന്റെ വസന്തത്തേക്കുറിച്ചോ......പ്രളയത്തേക്കുറിച്ചോ എഴുതാനാവില്ല...ഒരിക്കൽ ഒരാൾക്കുവേണ്ടി ഇടമുറിയാതെ ത്രസിച്ച ഹൃദയത്തിന്റെ താളങ്ങളെ മറവിയെന്ന ചുടപ്പറമ്പിൽ ദാരുണമായി ഒരുപിടിചാരമാക്കേണ്ടിവരും...അതെ ഇതൊരു യാത്രയാണ്‌......തിരസ്കാരത്തിന്റെ.....ചിതയൊരുക്കത്തിന്റെ..........മൃതമനസ്സിൽ വായ്ക്കരിയിടാൻ വെമ്പുന്ന വാത്മീകങ്ങളിൽ നിന്നും പുനർജ്ജനിക്കാൻ കഴിയണം... പ്രണയത്തിന്റെ കണിക്കൊന്ന പൂത്തുലഞ്ഞ മനസ്സിനെ വീണ്ടും കരുതിവെക്കുക........നന്മകൾ......
...............................കണ്ണൻ....
 
എഴുത്ത് നന്നായിട്ടുണ്ട്, വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം എഴുത്തില്‍ സജീവമായ ബൂലോകത്തിലെ പുതിയ അംഗത്തിന് എല്ലാ ആശംസകളും..
 
നന്നായി.....
 
"ഓര്‍ക്കും,നിന്നെ ഞാന്‍ എന്നുടലില്‍
ചാരം പൊതിയും നാള്‍ വരെയും.
പക്ഷെ,ഓര്‍ക്കരുതെന്നെനീ നിന്നുടലില്‍
വാര്‍ദ്ധക്യം വന്നണയും വരെയും"
..വാര്ധക്ക്യം പ്രണയത്തിനു സ്വതത്ര്യം നല്‍കുന്നുവെങ്കില്‍
ഈ നരയും ചുളിവും യവ്വനമാക്കി എഴുതാന്‍ തുടങ്ങുക
വായിക്കാന്‍ മാത്രം അറിയുന്ന.. .എഴുതാന്‍ മോഹമുള്ളവരുണ്ടിവിടെ...
" പ്രണയികള്‍ പരസ്പ്പരം
കണ്ടുമുട്ടണമെന്നില്ല.
എന്തെന്നാല്‍ അവര്‍
എന്നേ ഒന്നായലിഞ്ഞവര്‍ "
ആശംസകള്‍ സോനറ്റ്
 
പ്രണയത്തിന്റെ നൊമ്പരം..... അതിന്റെ തണുപ്പ് ........കണ്ണുള്ളപ്പോള്‍ കണ്ണിനെ തിരിച്ചറിയാന്‍ മടിക്കുന്ന മനസ്സ് എന്റെതും കൂടിയാണെന്ന് എന്നെ ഓര്‍മിപ്പിച്ചതിനു നന്ദി കൂട്ടുകാരി...നല്ല ഭാഷ.... അന്നൊരിക്കല്‍ ഏതോ വനിതയില്‍ വായിച്ചതോര്‍ക്കുന്നു , ഒരു പെണ്‍കുട്ടി എയിഡ്സ് രോഗിയായ ഭര്‍ത്താവിനെ മരണത്തിന്റെ തലേന്ന് കാണുമ്പോള്‍ .... "അന്ന് ചേട്ടന്‍ എന്നെ ചേര്‍ത്ത് അണച്ച് പിടിച്ചു പണ്ട് പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്തിരുന്നത് പോലെ...."പിറ്റേന്ന് അയാള്‍ മരിച്ചു എന്റെ മനസ്സില്‍ ഇന്നും നീറിക്കിടക്കുന്നു ആ വാക്കുകള്‍ "പണ്ട് പ്രണയിക്കുമ്പോള്‍ .." ഒന്ന് മനസ്സിലായി പ്രണയം ഏതു കാലത്തും നമ്മള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിയും പക്ഷെ കാലം നമ്മെ അത് പഠിപ്പികുംബോഴേക്കും....ഏറെ..............വീണ്ടും പ്രണയത്തിന്റെ മരതനുപ്പും പൂകളും അനുഭവിപ്പിച്ചതിനു നന്ദി.... ..
 
പ്രിയമുള്ളവനെ... ഇന്നെന്നുടലില്‍ വാര്‍ദ്ധക്യം കടന്നാക്രമിച്ചു കഴിഞ്ഞു. ഇനി നിന്‍റെ സമ്മതത്തോടെ തന്നെ ഞാന്‍ നിന്നെ ആഗ്രഹിച്ചു കൊള്ളട്ടെ...!! എന്‍റെ കാത്തിരിപ്പിന്നൊടുവില്‍ നമ്മുടെ കൊന്നപ്പൂമരം വീണ്ടും പൂ പൊഴിക്കുമായിരിക്കുമല്ലേ.......

ആശംസകള്‍
 
ഇത്ര തീവ്രമായി പ്രനയിച്ചിരുന്നെങ്കില്‍ എന്തിനാണ് അന്ന് ഒഴിഞ്ഞു മാറിയത്...പ്രണയം അത് അനുഭവിച്ചാല്‍ അതില്‍ നിന്നും ഒളിചോടരുത്..ഒളിചോടിയാല്‍ പിന്നെ അതിനെ വീണ്ടും ഒര്മിക്കരുത്..ജീവിതം നമുക്ക് എല്ലാം തരികയില്ലാ..ആശിച്ചതിനേക്കാള്‍ ആശിക്കാതതാണ് നമുക്ക് ലഭിക്കുക..നല്ല ഭാവിയുണ്ട് ഇനിയും എഴുതുക...
 
തുരുമ്പെടുത്തു തുടങ്ങിയ എന്‍റെ തൂലികത്തുമ്പിലെ നിറമില്ലാത്ത വാക്കുകളെ കടുത്ത വര്‍ണ്ണങ്ങളാക്കിയ പ്രിയ സുഹൃത്തുക്കളെ നന്ദി ...............
ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത നിങ്ങള്‍ എനിക്ക് തന്ന പ്രോത്സാഹനം അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി ....എനിക്ക് തോന്നിയ ഒരു കാര്യം ഞാനിവിടെ കുറിക്കട്ടെ.'എന്‍റെ മാത്രം പൂക്കല'ത്തിനേക്കാള്‍ എനിക്ക് മനോഹരമായി തോന്നിയത് നിങ്ങളുടെ മറുപടി എഴുത്തുകളായിരുന്നു .സത്യം, എത്ര മനോഹരമായി നിങ്ങള്‍ എഴുതി.
ഇപ്പോള്‍ എനിക്ക് ഒരു ആവേശം ഒക്കെ തോന്നുന്നുണ്ട് ...വീണ്ടും എഴുതണം എന്നൊരു ഉള്‍വിളി അതാണെന്നെ വീണ്ടും ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് ...അപ്പോള്‍ എനിക്ക് എഴുതാന്‍ തോന്നുന്ന ആദ്യത്തെ വാക്കും ഇത് തന്നെ നന്ദി.
പ്രിയസുഹൃത്തുക്കളെ നിങ്ങള്‍ക്ക് നന്ദി..!!
 
ഇന്നലെയിലേയ്ക്ക് കണ്ണയച്ച് എഴുതുമ്പോള്‍ നാളെയേപ്പറ്റിയുള്ള പ്രത്യാശകളും നിറയട്ടെ, “തൌദാരം നാമൂസ്” ഈ ലിങ്ക് അയച്ചുതന്നാണ് ഇവിടെയെത്തിയത്. നല്ല എഴുത്ത്. തുടരുക
 
Eniyum pranayikku thulika chalichukondeyirikatte.......Konnappumarm poothu thudangiyirikkunnu evidake......Ormmakalil parathu aksharangal pirakkatte......
Deepthi
 
നല്ല എഴുത്ത്. വരികള്‍ ഇഷ്ട്ടായി
 
ഹായ് നല്ല എഴുത്ത് കേട്ടോ. ആളു കൊള്ളാലോ.
ഇന്നലെയിലേയ്ക്ക് കണ്ണയച്ച് എഴുതുമ്പോള്‍ നാളെയേപ്പറ്റിയുള്ള പ്രത്യാശകളും നിറയട്ടെ, “തൌദാരം നാമൂസ്” ഈ ലിങ്ക് അയച്ചുതന്നാണ് ഇവിടെയെത്തിയത്. നല്ല എഴുത്ത്. തുടരുക
 
ഇഷ്ടപ്പെട്ടു...
 
നിന്നെയോര്‍ത്ത് കരയുന്ന എന്‍റെ കണ്ണുനീര്‍ നീ കാണാറുണ്ടോ.. നിന്നെയോര്‍ത്ത് നോവുന്ന എന്‍റെ മനസ്സ് നീ അറിയാറുണ്ടോ ... നീ അല്ലേ എപ്പോഴും പറയാറുള്ളത്, ഇനി ഒരിക്കലും നമ്മള്‍ പിരിയില്ലെന്ന്... പിന്നെ എന്തിനാണ്, നമുക്കിടയില്‍ ഇപ്പോള്‍ നീ തന്നെ ഇങ്ങനെ ഒരു അകലം സൂക്ഷിക്കുന്നത്,.. ...നമ്മള്‍ ഇനിയും അടുത്താലോ എന്ന് ഭയന്നിട്ടോ? "

സമീല്‍ അബ്ദുല്‍ വാഹിദ്‌ .....
 
athmavishwasathode iniyum orupadorupadu kavithayum khadhayum nin thulikayil ninnum punarjanikkatte
 
നന്നായിട്ടുണ്ട്.
ആശംസകള്‍
 
പ്രണയം ,അതനുഭവിക്കുന്നതിലേറെ അനുസ്മരിക്കുമ്പോഴാണ് കൂടുതല്‍ തീവ്രമാകുന്നത് ,,,മനസ്സിന്റെ കടിഞ്ഞാണില്ലാത്ത അലച്ചിലാണല്ലോ പ്രണയം!
 
orupad ishtamaya post.. :-)
 
ആശംസകള്‍ ...
 
ഇവിടെ വന്നു എന്ന്റ്റെ എഴുത്ത് വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാവര്ക്കും എന്റ്റെ നന്ദി അറിയിക്കുന്നു .പ്രാര്‍ത്ഥനയോടെ സോന്നെറ്റ്
 
brilliant >>>>>
 
ആകര്‍ഷകമായ ശൈലിയില്‍ മനസ്സിനെ ഒട്ടും കൃത്രിമത്വം ഇല്ലാതെ പകര്‍ത്തിയിരിക്കുന്നു. സുഖമുള്ള ഒരു വായന തന്നു എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ബൂലോകത്ത് വല്ലപ്പോഴുമാണ് ഇങ്ങിനെ ഉള്ള പോസ്റ്റുകള്‍ ഉണ്ടാകുന്നത്.
 
എന്റെ ആദ്യത്തെ പോസ്റ്റ്‌ ,എന്റ്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്ത് ...അതാണെനിക്ക് "എന്റ്റെ മാത്രം പൂക്കാലം".വായിക്കാനും അഭിപ്രായം എഴുതാനും സമയം കണ്ടെത്തിയ എന്റ്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി.പ്രോത്സാഹനതിന്നു എങ്ങിനെ നന്ദി പറയും എന്നെനിക്കറിയില്ല ..പ്രാര്‍ത്ഥനയില്‍ എന്നും കൂടെ ഉണ്ടാകും (ഇന്ശാഹ് അല്ലാഹ് )
 
വീണ്ടെടുക്കപ്പെട്ട ഈ എഴുത്തിനു ആശംസകള്‍.. ഈ കൊന്ന മരം ഇനി എന്നും നിറഞ്ഞു പൂക്കട്ടെ..
 
നഷ്ടസ്വപ്നങ്ങള്‍ എന്ന പേര് കണ്ടാണ് ഇവിടെയെത്തിയത്. എഴുതുക, വീണ്ടും ഊര്‍ജമായി ഞങ്ങള്‍ ഉണ്ടാവും.
ആശംസകള്‍!
 
ആദ്യഭാഗം ഒരു കവിതപോലെ തോന്നി!അത് നന്നായിരിക്കുന്നു.
ഒരു പനിയുടെ പടിവാതിലിലിരുന്ന് വായിച്ചതിനാലാവാം, ആസ്വാദനമെനിക്ക് സാധ്യമായില്ല.
എന്തിനാ പോസ്റ്റ് നിറയേ കൊന്നപ്പൂക്കള് വാരി വിതറിയത്. ഒന്ന് മതിയായിരുന്നു.
 

Post a Comment

വല്ലതും പറയണമെന്ന് തോന്നുവോ.? എങ്കില്‍ {?}