Friday, March 16, 2012

എന്റെ കാറ്റേ..

                                                          
ചോര്‍ന്നൊലിക്കുമൊരു 
കൂരക്കു കീഴെ
വിറകൊള്ളുമൊരു കുഞ്ഞാണിന്നെന്‍ ഹൃത്തം,
വിറങ്ങലിച്ചിരിപ്പൂ 
നീയൊഴിഞ്ഞയീ , പെയ് തൊഴിഞ്ഞയീ രാവില്‍.

ആഞ്ഞടിച്ച  കാറ്റേ,....
ഇന്നു നീയെത്ര ശാന്തം?
ഒക്കെയും തകര്‍ത്തെറിയാനുള്ള
നിന്റെയാവേശമിന്നെവിടെ??

ആഞ്ഞുവീശി നീ പോയ് മറഞ്ഞപ്പോള്‍..
കാറ്റേ ..
നീ അറിയുന്നുവോ
എന്റെ നഷ്ട്ടമെന്തെന്നു ,
നീയറിഞ്ഞുവോ എന്‍ നോവതെന്തെന്നു ??

ആഞ്ഞടിച്ച കാറ്റേ ...
കാലമെല്ലാം മായ്ക്കുമെന്നോതുമ്പോഴും,
നീ തന്നെ ബാക്കിവെക്കുന്നു
നിന്റെ നഖക്ഷതങ്ങളെ...   
    
മായ്ച്ചുകളയാനാകുമോ
കാലമേ 
നിനക്കെല്ലാം ?
എങ്കിലീ
ശാന്തത മായ്ചെന്‍
രൌദ്രത നീ  തിരികെ താ...

 കാറ്റേ .....
നിന്‍ തലോടലേറ്റ് കുളിരണിയാന്‍,
 നിന്‍ പെരുമഴയത്തൊന്നു നനയാന്‍ ,
 നിന്നിലലിയാനൊന്നായൊഴുകാന്‍
 മോഹിപ്പൂ ഞാനിന്നെന്‍
വിരസമീ അവശേഷിപ്പില്‍ !!!
                 


                
                
                   
                        

Sunday, July 24, 2011

"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...

"നീ  ഒന്ന് വായടക്കുമോ"ഒരു അഞ്ചു മിനിറ്റ് മിണ്ടാതിരുന്നാല്‍ നിനക്കെന്തെങ്കിലും സംഭവിക്കുമോ ? ചെറുപ്പം മുതല്‍ ഞാന്‍ കേട്ട് മടുത്ത വാക്കുകള്‍ എന്‍റെ സംസാരം ഇത്രക്ക് മുഷിപ്പിക്കുന്നുവോ ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു !! ഉത്തരം പലപ്പോഴും ഇറ്റിവീഴുന്ന മിഴിനീര്‍ തുള്ളികള്‍ മാത്രമായിരുന്നു. കാരണം, എന്നെ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കിടയിലെ   ഈ ജീവിതം  എനിക്കെന്നേ മടുത്തിരുന്നു. പിന്നെ അതെനിക്കൊരു ശീലമായി.

                                               പിന്നീട്.. ഒരു പാട് കാലത്തിനുശേഷം എന്നെ കേള്‍ക്കാന്‍ എനിക്കൊരു കൂട്ടുകാരനെ കിട്ടി. ഞാനെത്ര പറഞ്ഞാലും മതിവരാത്ത പോലെ വീണ്ടും ആര്‍ത്തിയോടെ പറയുമ്പോള്‍, എത്ര കേട്ടിട്ടും മതിവരാത്ത പോലെ " എന്നിട്ട് " എന്ന ചോദ്യവുമായി അവന്‍ എന്നെ കേട്ടുകൊണ്ടേയിരുന്നു. എന്‍റെ സന്തോഷത്തിന് അതിരില്ലാതെയായി. ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു. മഴയും ,പൂവും ,മലയും ,പുഴയും എന്ന് വേണ്ട ഈ ഭൂമിയിലെ എല്ലാത്തിനെ കുറിച്ചും ഞങ്ങള്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞപ്പോള്‍ പലപ്പോഴും ഞങ്ങള്‍ രണ്ടു പക്ഷക്കാരായി. അത് പറഞ്ഞു നിര്‍ത്തുന്നിടം മുതല്‍ ഞങ്ങള്‍ വീണ്ടും ഒന്നായി. കഥകള്‍ കവിതകള്‍ എല്ലാം എല്ലാം ഞങ്ങള്‍ ചര്‍ച്ചചെയ്തു.എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി 'മാധവികുട്ടി' മുതല്‍ അവന്‍റെ പ്രിയപ്പെട്ട നേതാവ് വരെ ഞങ്ങളുടെ നാവുകള്‍ക്ക് ശക്തി പകര്‍ന്നു.എന്നിട്ടും എന്‍റെയുള്ളില്‍ വേവലാതിയായിരുന്നു. എന്നെ മുഷിഞ്ഞു കാണുമോ എന്ന ഭയമായിരുന്നെനിക്ക്. എന്നാലവന്‍ സംശയത്തിനൊരു അണുവിട  നല്‍കാതെ  കേട്ട് കൊണ്ടേയിരുന്നു.

                                       ഇടക്കെപ്പോഴോ ശബ്ദം വല്ലാതെ ഇടറി!! കൂടുതല്‍ സംസാരിച്ചിട്ടാണെന്നും പറഞ്ഞു വീട്ടുകാര്‍ വഴക്ക് പറഞ്ഞു (പണ്ടേ അതങ്ങിനെ ആയിരുന്നല്ലോ ) പക്ഷെ, അവന്‍ പറഞ്ഞു : "നിന്‍റെ സ്വരം വല്ലാതെ ഇടറുന്നു നീ ഒന്ന് പോയി ഡോക്ടറെ കാണിക്ക്". അധികം കാത്തിരിക്കേണ്ടി വന്നില്ല. "ശബ്ദത്തിനു വിശ്രമം കൊടുക്കണം "എന്ന ഉപദേശം കിട്ടി. പിന്നെ എനിക്ക് വിരസതയുടെ നാളുകളായിരുന്നു. അസുഖം മാറാതെ സംസാരിക്കേണ്ട എന്നു  പറഞ്ഞവനെന്നെയകറ്റി നിര്‍ത്തി. അതെനിക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു. ഇപ്പോള്‍ അനുഭവിക്കുന്ന വേദനയെക്കാളും അപ്പുറത്തായിരുന്നു അതെനിക്ക്. വീണ്ടും പലതവണ കയറിയിറങ്ങി ആശുപത്രിയുടെ വാതിലുകള്‍. പിന്നെ, താമസം മരുന്ന് മണക്കുന്ന ഇടുങ്ങിയ ഈ നാലു ചുവരുകള്‍ക്കുള്ളിലേക്ക് പറിച്ചു നടപെട്ടു. ഇവിടെ പക്ഷെ ഞാന്‍ എത്ര "ഭാഗ്യവതി ". എനിക്ക് ഇത് വരെ  കാണാന്‍ കഴിയാതെ പോയ ഒരു ലോകം ! പക്ഷെ ഞാന്‍ കാണേണ്ടിയിരുന്ന ഒരു ലോകം. അതാണെനിക്കീ കാന്‍സര്‍ വാര്‍ഡ്‌!!

                                     ചേച്ചി എന്താ വായിക്കുന്നേ ? എന്നെ ചിന്തകളില്‍  നിന്ന് ഉണര്‍ത്തിയത് 'ചിന്നുമോളുടെ' ചോദ്യമായിരുന്നു. ഒരു കഥാപുസ്തകമാണ് മോളു. ഞാന്‍ സ്നേഹത്തോടെ അവളെ എടുത്തു എന്‍റെ കട്ടിലിന്‍റെ അരികിലിരുത്തി. പേവാര്‍ഡ്‌ എടുക്കാം എന്ന് കുറെ പറഞ്ഞതാണ് വീട്ടുകാര്‍. എനിക്ക് പക്ഷെ ഇവിടമായിരുന്നു സന്തോഷം. ഒന്നുമില്ലേലും ഈ മോളുടെ കൂടെ ഇരിക്കല്ലോ..അത്രയേ ഞാന്‍ ഓര്‍ത്തുള്ളൂ. ."എനിക്കും പറഞ്ഞു തരുമോ അതിലെ കഥ "ചിന്നു മോള്‍ വീണ്ടും. എത്ര കഥ പറഞ്ഞാലും മതിവരാത്ത ആളാണീ ചേച്ചി എന്നവള്‍ക്കറിയില്ലല്ലോ.! ഇന്ന് പക്ഷെ ചേച്ചിക്ക് മിണ്ടാന്‍ വയ്യ. വേദന അസഹ്യമാകുമ്പോള്‍ വാവിട്ട് കരയാനല്ലാതെ ഇന്നീ ചേച്ചി വായ തുറക്കാറില്ലെന്നു പാവം കുഞ്ഞിനറിയില്ലല്ലോ.
                             
         സിസ്റ്റര്‍ ചിന്നു മോളെ കൊണ്ടുപോകാനായി വന്നു.  ഇനി അവള്‍ടെ കരച്ചില്‍ കേള്‍ക്കണം.എനിക്ക് വയ്യ. ഞാന്‍ ചെവി പൊത്തിപ്പിടിച്ചു. ഇന്നവള്‍ നാളെ ഞാന്‍..! ഈ ചികിതസകള്‍ എല്ലാം മതിയായിരിക്കുന്നു. വീട്ടില്‍ പോണം. പല തവണ ഡോക്ടറോട്‌ ചോദിച്ചതാണ് ആദ്യമൊന്നും സമ്മതിച്ചില്ല. അവസാനം, വാശി പിടിച്ചു ഞാനത്  നേടിയെടുത്തു.എന്‍റെ വീട്ടില്‍ കിടന്നാകണം എല്ലാം അവസാനിക്കേണ്ടത്.അതാണെന്‍റെ  ഇനിയവശേഷിക്കുന്ന ഒരു മോഹം.

                          നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു ഞാന്‍. സമ്മതം കിട്ടി എന്നറിഞ്ഞപ്പോള്‍ തന്നെ ഉടുപ്പുകള്‍ അടുക്കിവെച്ചു. യാത്ര ചോദിയ്ക്കാന്‍ ഒരു പാട് പേരുണ്ട്. ഇന്നലെ അഡ്മിറ്റ്‌ ചെയ്ത ദേവു അമ്മ മുതല്‍, വന്ന അന്ന് മുതല്‍ കൂടെ ഉണ്ടായിരുന്ന വിമല്‍ വരെ..ആരും കരഞ്ഞില്ല. കാരണം, ഇവിടെ ഒരാളും എത്തിപ്പെടല്ലേ എന്ന് തന്നെയാണെല്ലാവരും ആഗ്രഹിക്കുന്നത് എന്നത് തന്നെ.. വിമല്‍ പറഞ്ഞു "സോനു എന്നെങ്കിലും ഒരിക്കല്‍ ഇവിടുന്നു മോചനം ഉണ്ടെങ്കില്‍ ഞാന്‍ വരാം നിന്നെ കാണാന്‍. അന്ന് നിന്‍റെ  കൂടെ നിന്‍റെ കഥകള്‍ എഴുതുന്ന കൂടുകാരനും ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കാം" ഒന്ന് ചിരിച്ചു ..നിര്‍വികാരതയോടെ
                                                      പിന്നെ, തിരിഞ്ഞു നോക്കാതെ നടന്നു.  ഒരു ഒളിച്ചോട്ടം പോലെ വേഗത്തില്‍ അതിവേഗത്തില്‍.. പക്ഷെ, മുന്നിലൂടെ ഒരു സ്ട്രെക്ചെര്‍ കടന്നു പോയപ്പോള്‍ നില്‍ക്കാതെ കഴിഞ്ഞില്ല. പിന്നാലെ കണ്ണിലൂടെ ചോരയൊലിക്കുന്ന രൂപത്തില്‍ നില്‍ക്കുന്ന ചിന്നുവിന്‍റെ അമ്മയെ കണ്ടപ്പോള്‍ തലകറങ്ങി. ആ കുഞ്ഞു മുഖം ഒന്ന് കണ്ടു അവസാനമായി. അഞ്ചു വയസ്സാണ് അവളുടെ പ്രായം. വിരിഞ്ഞു നില്‍ക്കുന്ന റോസാപൂ കണക്കെ അവളെന്‍റെ മുന്നില്‍ ചിരിതൂകി നില്‍ക്കുന്നുവിപ്പോഴും. കഥപറഞ്ഞു തരുമോന്നു ചോദിച്ചു  ചിന്നുമോളിനി വരില്ല. ചേച്ചിയുടെ ദീനം മാറട്ടെ... എന്നിട്ട്  മോളുന് ഒരു നൂറു കഥ പറഞ്ഞു തരാം ഈ ചേച്ചി, എന്നിനി കള്ളം പറയേണ്ടിയും വരില്ല. മനസ്സ്  ഒരു നിമിഷം നിശ്ചലമായി.

                                   കാണാന്‍ വരുന്നവരുടെ തിരക്കായിരുന്നു കുറെ നേരം. ഇപ്പോള്‍ ഞാന്‍ സംസാരിക്കാത്ത സങ്കടമാണെല്ലാവര്‍ക്കും. ഞാനൊന്നു മിണ്ടാതിരിക്കാന്‍ പണ്ടിവരെല്ലാം  ഒള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്നോ ? അറിയാതെ ഒരു ശങ്ക... "ഏയ്‌ ..അങ്ങിനെ ഒന്നും ഉണ്ടാവില്ല " ഞാനെന്നെ തന്നെ സമാധാനിപ്പിച്ചു. ലാപ്ടോപ് ആകെ പൊടിപിടിച്ചു കിടക്കുകയാണ്. എന്‍റെ ഓര്‍മ്മകള്‍ പോലെ..ഈയിടെ  ഒന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറില്ല. എല്ലാം അങ്ങിനെ പൊടിപിടിച്ചു കിടക്കട്ടെയെന്നു കരുതിയെങ്കിലും  നിയന്ത്രിക്കാനായില്ല എനിക്കെന്‍റെ മനസ്സിനെ..
                                സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ് എന്‍റെ മുറിയില്‍ ഞാന്‍ മാത്രമായി. വേഗം ലാപ്ടോപ് ഓണ്‍ ചെയ്തു.അവനുണ്ടാകുമോ.? അറിയില്ല. മനസ് വല്ലാതെ പിടച്ചു.ആശുപത്രിയില്‍ കിടന്നപ്പോള്‍ രണ്ടു തവണ ഞാന്‍ മെസ്സേജ് അയച്ചിരുന്നു. മറുപടി ഒന്നും കിട്ടാതിരുന്നപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ആധിയായിരുന്നു. എന്തെ ഒന്ന് വിളിച്ചില്ല..? പലപ്പോഴും ഓര്‍ത്തു. തിരക്കായിക്കാണും,അങ്ങിനെ സമാധാനിച്ചു ഞാന്‍. അത്രയ്ക്ക് തിരക്കുണ്ടാകുമോ മനസ്സ് പലപ്പോഴും സംശയാലുവായി "എന്‍റെ സോനു നിന്‍റെ കഥകള്‍ കേള്‍ക്കാത്ത ദിവസം എനിക്ക് പൂക്കള്‍ വിരിയാത്ത പ്രഭാതം പോലെ" എന്നെത്ര തവണ പറഞ്ഞിരിക്കുന്നു. എന്നിട്ടുമെന്തേയൊന്നു വിളിച്ചില്ല ?? മനസ്സ് കലുഷമായി. തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങി..ശാന്തമായ കടല്‍ പെട്ടെന്ന് ക്ഷുഭിതമായി. മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഒന്നിച്ചുയര്‍ന്നു !

                           ഉണ്ട്.ആള്‍ ഓണ്‍ലൈനില്‍ ഉണ്ട്. ദൈവമേ നീ എത്ര മഹാന്‍! വേഗം ഒരു ഹായ് അടിച്ചു. കുറച്ചു നേരത്തേക്കൊരു മറുപടിയും കണ്ടില്ല. എന്തേ  തിരക്കിലാണോ.. ? വീണ്ടും ചോദിച്ചു. മറുപടി വന്നു "ബിറ്റ് ബിസി ,ഐ വില്‍ ക്യാച്ച് യു ലെടെര്‍". മനസ്സിന്‍റെ താളം തെറ്റുന്നുവോ..? ഭൂമി കീഴ്മേല്‍ മറിയുന്നുവോ ? തൊണ്ട വരണ്ടു. എന്നിട്ടും കാത്തിരുന്നു. തിരക്കൊഴിഞ്ഞിട്ട് വരാതിരിക്കില്ല. മനസ്സ് കൊച്ചുകുട്ടിയെ പോലെ വാശിപിടിച്ചു. ചിന്നു മോളെ ഓര്‍ത്തു, കാന്‍സര്‍ വാര്‍ഡ്‌ ഓര്‍ത്തു .വേണ്ടിയിരുന്നില്ല .വരേണ്ടിയിരുന്നില്ല ..അവിടെ തന്നെ മതിയായിരുന്നു. അല്ലെങ്കില്‍, ആ കുഞ്ഞു മോള്‍ക്ക്‌ പകരം ദൈവത്തിന് എന്നെ എടുത്തൂടയിരുന്നോ ? പലതും ഓര്‍ത്തു. അവസാനം തിരികെ പോകാമെന്ന് തീരുമാനിച്ചു അവിടെയാകുമ്പോള്‍ ഒന്നും ഓര്‍ക്കില്ല. തന്നെക്കാള്‍ വേദനിക്കുന്ന കുറെ ആള്‍ക്കാര്‍ക്കിടയില്‍  ഒന്നും ഓര്‍ക്കാതെ ..ഒന്നും അറിയാതെ ,സാവധാനം വേദനയില്ലാത്ത ലോകത്തേക്കെനിക്ക് യാത്രയാകാം.

                         ലാപ്‌ ടോപ്‌ അടക്കുവാനൊരുങ്ങുമ്പോള്‍ ഒരു മെസ്സേജ് കണ്ടു "സോനു ശബ്ദത്തിന്‍റെ ലോകമാണിത്  ചാറ്റിങ്.  ഇവിടെ സ്നേഹത്തിനോ  ആത്മാര്‍ത്ഥതക്കോ  സ്ഥാനം കുറവാണ്. ശബ്ദമില്ലാതെ നീ എങ്ങിനെ എന്നോട് സംസാരിക്കും..? ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്നെ ഓര്‍ത്തു ഞാനെന്തിനെന്‍റെ സമയം കളയണം..? .നീ എനിക്ക് കൂടെ ഉണ്ടായിരുന്നപ്പോള്‍ പ്രിയപ്പെട്ടവളായിരുന്നു. അന്ന് പക്ഷെ, നിന്നെയായിരുന്നില്ല നിന്‍റെ  ശബ്ദത്തെയായിരുന്നു ഞാനിഷ്ടപ്പെട്ടത് . ഇന്ന് നിനക്കത് നഷ്ടമായിരിക്കുന്നു.  നിന്നോടുള്ള എന്‍റെ  ഇഷ്ടവും മരിച്ചിരിക്കുന്നു.

                     ‍"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...,
                      ഓര്‍ക്കാതിരിക്കുക നീ ഇനിയുമീ എന്നെ ...."

                              മരുന്ന് മണക്കുന്ന ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാനിന്നു സ്വസ്ഥ. ആരോടും പരാതിയില്ല പരിഭവമില്ല. വേദന അസഹ്യമാകുമ്പോള്‍ പോലും ഇന്ന് ഞാന്‍ വാവിട്ട് കരയാറില്ല. അതിനായ് പോലും ഞാനെന്‍റെ  നാവ് ചലിപ്പിക്കാറില്ല. ഇന്നെനിക്ക് നന്ദി ദൈവത്തോട് മാത്രം.. ഇങ്ങനെ ഒരു രോഗം എനിക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ സ്നേഹിച്ചു സ്നേഹിച്ചവസാനം ഞാനെന്‍റെ  ജന്മം വെറുതെ ആക്കിയേനെ .....കളഞ്ഞേനെ ഞാനെന്‍റെയീ  ജന്മമൊരു പാഴ്ജന്മമായ് !
                        അവധി കാത്തിരിക്കുന്ന കുറ്റവാളിയെ പോലെ ജീവിതം മടുപ്പായി തുടങ്ങിയപ്പോള്‍ ഞാനിതിനെ എങ്ങിനെ ജീവിച്ചു തീര്‍ക്കാം എന്നാലോചിച്ചു.  പിന്നെ , തീരുമാനിച്ചു. കാന്‍സര്‍ വാര്‍ഡില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങള്‍..!! അവര്‍ക്കൊരു കൈ താങ്ങാവാനായാല്‍ ഈ ജന്മം സഫലമാക്കാം.. എന്നൊരു തോന്നല്‍. പിന്നെ സിസ്റ്റര്‍മാരുടെ കൂടെ അതിനുള്ള ശ്രമമായി.ആര്‍ക്കുമൊരു ഭാരമാവാതെ ഇതൊന്നു തീരുന്നവരെ ഇങ്ങനെ പോണം..ശേഷം, പൂക്കളുടെ ലോകത്തേക്ക് യാത്രയാവണം അതുവരേക്കും എല്ലാവര്‍ക്കും നല്ലതു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ....സ്നേഹത്തോടെ ...

Saturday, July 2, 2011

ഇത്, അവളുടെ കഥ.

പ്രിയപ്പെട്ടവരെ ......
ഇന്നെനിക്കെന്‍റെ  'നഷ്ട സ്വപ്നത്തിലൂടെ' നിങ്ങളോട്  ഒരു വേദന പങ്കുവെക്കാനുണ്ട്.  മനസ്സ് വല്ലാതെ നീറുമ്പോള്‍ നാം പ്രിയപ്പെട്ടവരെ ഓര്‍ത്തു പോകുന്നു. സന്തോഷത്തിലും ദു:ഖത്തിലും ഒരു പോലെ എല്ലാവരും  കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. നമ്മുടെ ആഗ്രഹങ്ങള്‍ എല്ലാം സംഭവ്യമാകുക എന്നത് അത്യാഗ്രഹമല്ലേ..?എങ്കിലും ഞാന്‍  ആഗ്രഹിച്ചു പോകുന്നു.. എല്ലാം സന്തോഷത്തിലായെങ്കിലെന്ന് .

                             ഒരു മാറാപ്പുകണക്കെ കെട്ടിപ്പൊതിഞ്ഞു വെച്ചിരുന്ന എന്‍റെ  നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടിന്നു  ഞാനഴിച്ചു.! എന്തിനന്നറിയേണ്ടേ? അതിലേക്കൊരു പുതിയ നഷ്ടത്തെക്കൂടെ ചേര്‍ത്തുവെക്കാന്‍. എന്നിട്ട് വീണ്ടുമതിനെ കെട്ടിമുറുക്കി ഭദ്രമാക്കാന്‍... എന്നിട്ടതും പേറിയുള്ള എന്‍റെയീ ജീവിത യാത്ര തുടരാന്‍..!(അതുമറ്റൊരവസരത്തില്‍ ). ഏതായാലും തുറന്നതല്ലേ എന്ന് കരുതി ഞാനതിന്‍റെ  താളുകള്‍ ഓരോന്നായി മറിച്ചു നോക്കാന്‍ തുടങ്ങി.പലതും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. കാലപ്പഴക്കം കൊണ്ടാണെന്ന് തോന്നുന്നു നിറം തീരെ മങ്ങി മിക്കതും ജീര്‍ണ്ണിച്ചു തുടങ്ങിയിരിക്കുന്നു. എനിക്കല്‍പ്പം ആശ്വാസം തോന്നി .കാരണം എന്‍റെ വേദനകള്‍ എനിക്കിന്ന് ഓര്‍ത്തെടുക്കാനാവാത്ത വിധം മായ്ഞ്ഞു കൊണ്ടിരിക്കുന്നുവെന്നതിന്‍റെ  അര്‍ത്ഥം എനിക്കവയില്‍ നിന്നും മോചനം കിട്ടിത്തുടങ്ങിയിരിക്കുന്നു എന്ന് തന്നെയല്ലെ ?

                         മുമ്പ്, വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഞാന്‍ ഹോസ്റ്റല്‍ മുറ്റത്തുള്ള തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത് എന്‍റെ ഡയറിയില്‍ സൂക്ഷിച്ചിരുന്ന റോസാപൂവിന്‍റെ  ഇതളുകള്‍ ഇന്ന് വെറും അസ്ഥിമാത്രമായി മാറിയിരിക്കുന്നു. എന്നാല്‍ അതിന്‍റെ ചുറ്റും പറ്റിപ്പിടിച്ചു കിടന്നിരുന്ന രക്തക്കറ നിറം മങ്ങാതെ അങ്ങിനെ തന്നെ ഉണ്ടല്ലോ.? എന്തേ, അതിന്നു മാത്രം കാലപ്പഴക്കം സംഭവിക്കാത്തെ..... എന്‍റെ  ഓര്‍മയിലെ നോവുകള്‍ക്ക് മരണമില്ലേ??? പലതും എന്നെ നോക്കി കണ്ണീര്‍ വാര്‍ക്കുന്നപോലെ തോന്നിയെനിക്ക്. പരിഭവം പറയാനൊരുങ്ങി ചിലര്‍. കുറേക്കാലം ഒന്ന് തുറന്നു നോക്കാതെ ..പൊടിതട്ടുകപോലും ചെയ്യാതെ അവഗണിച്ചു എന്നതായിരുന്നു പരിഭവത്തിന്നു കാരണം. ഞാന്‍ പറഞ്ഞു : എന്നുമുണ്ടായിരുന്നു  ഞാന്‍.. കൂടെത്തന്നെ...!  നിങ്ങള്‍ക്കെന്നെ കാണാനായില്ല എന്നതല്ലേ സത്യം.? മേല്‍ക്കുമേല്‍വന്നു കുമിഞ്ഞു കൂടിയ പുതിയ നഷ്ടങ്ങളും നൊമ്പരങ്ങളും കൊണ്ട് ഞാന്‍ നിങ്ങളില്‍ നിന്നും മറക്കപ്പെട്ടതാവണം.  

                      ഞാന്‍, താളുകള്‍ ഓരോന്നായി മറിക്കാന്‍ തുടങ്ങി .ഒന്നിന് പിറകെ ഒന്നായി പൊടി പറത്തികൊണ്ടെന്‍റെ  ഓര്‍മ്മയുടെ താളുകള്‍  മറിഞ്ഞു .എന്‍റെ നഷ്ടങ്ങളിലൂടെയുള്ള എന്‍റെ യാത്ര, അലസമെങ്കിലും വേദനയോടെയാണെന്‍റെ ഓരോ താളും മറിയപ്പെട്ടത്. പെട്ടെന്ന് എന്‍റെ കണ്ണുകള്‍ ഒരിടത്തുടക്കി. ചുവന്ന മഷിയാല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു "ഇന്നെനിക്ക് നഷ്ടമായതെന്‍റെ കൂടുകാരിയുടെ കണ്ണിലെ പ്രകാശമാണ്" പ്രസരിപ്പോടെ പുഞ്ചിരിച്ചിരുന്ന അവളിന്ന് എന്നോട് 'ഇളിച്ചു'  കാട്ടിയതായിട്ടാണെനിക്ക് അനുഭവമായത്.! എന്തുപറ്റി  അവള്‍ക്ക്. ? അറിയാനുള്ള ആശ നിങ്ങള്‍ക്കുമില്ലേ,  കേള്‍ക്കാനുള്ള ക്ഷമയുണ്ടോ നിങ്ങള്‍ക്ക് ? സ്വന്തം കാര്യം തന്നെ തീര്‍ന്നിട്ട് ഒന്നിനും നേരം തികയാത്ത നമുക്കെവിടെ അന്യന്‍റെ  വേദന അറിയാന്‍ സമയമല്ലെ..? എങ്കിലും പ്രിയമുള്ളവരെ സമയം കിട്ടുന്നെങ്കില്‍ ഒരിത്തിരി നേരം........  ഞാനൊന്നു പറയട്ടെ എന്‍റെ  വേദന ..പങ്കുവെക്കട്ടെ ഞാന്‍ നിങ്ങളോട്???

                              ഞാന്‍ ഒന്ന് തിരിഞ്ഞു നടക്കുകയാണ് കേട്ടോ .ഒരു 14 വര്‍ഷം പിറകിലേക്ക് ...കൂടെ നിങ്ങളും ഉണ്ടെന്ന വിശ്വാസത്തോടെ !!
                                              

ഹോസ്റ്റലിലെ വരാന്തയിലിരുന്നാല്‍ മഴ നന്നായിക്കാണാം. മുകളിലത്തെ നിലയിലാണിരിക്കുന്നതെങ്കില്‍ മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിന്‍റെ  താളം പോലും വളരെ വ്യക്തമായി കേള്‍ക്കാം. മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഹോസ്റ്റല്‍ വരാന്തയില്‍ മുഴുവന്‍ വെള്ള മായിരിക്കും പുറത്ത് ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഓരോരുത്തരും. മഴയില്‍ അതിന്‍റെ  വശ്യതയില്‍ ലയിച്ചിരുന്ന ഞാന്‍ മാത്രം പക്ഷെ ഒന്നും അറിഞ്ഞിരുന്നില്ല . "നിന്‍റെ  വസ്ത്രമല്ലേ ആ നനഞ്ഞു  കിടക്കുന്നത് എന്തെ എടുക്കുന്നില്ലേ" ഹോസ്റ്റല്‍ വാര്‍ഡന്‍ ആമിനത്തായുടെ ശബ്ദമാണ്. "ഏതായാലും നനഞ്ഞു  ഇനി മഴതോരട്ടെ അപ്പോള്‍ അവിടെ കിടന്നു തന്നെ ഉണങ്ങികൊള്ളും" മനസ്സില്‍ ഉറക്കെ പറഞ്ഞു ഞാന്‍.! മഴയുടെ താളം മനസ്സില്‍ നിറയുമ്പോള്‍ എനിക്ക് മറ്റൊന്നും ഓര്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു. അതിനു  ഭംഗം വന്നതിന്‍റെ  കലിപ്പായിരുന്നുവെനിക്ക്. "വെറുതെ ഇരുന്നു മഴകൊള്ളാതെ പോയി വല്ലതും വായിക്ക് കുട്ടി " വീണ്ടും ആമിനത്തയുടെ വാക്കുകള്‍. ഇപ്പോള്‍ എനിക്ക് ശരിക്കും 'ദേഷ്യം' വന്നു. അമര്‍ത്തി ചവിട്ടി ഞാനവിടുന്നെണീറ്റ് പോയി. നേരെ പോയത് മുകളിലത്തെ നിലയിലേക്കായിരുന്നു . . അവിടെയിരുന്നാല്‍ കൂടുതല്‍ ഭംഗിയോടെ എനിക്ക് മഴകാണാം. മഴയിലങ്ങനെ ലയിച്ചിരിക്കേ ഞാനാ കാഴ്ച കണ്ടു. വസ്ത്രങ്ങള്‍ വിരിച്ചിട്ട ഭാഗത്തേക്ക് കുടയും ചൂടി ആരോ പോകുന്നു. അവിടെ എന്‍റെ  ഡ്രസ്സ്‌ മാത്രമാണ് ബാക്കിയുള്ളത്. ഇതാരാവും? ഞാനേറെ ശ്രദ്ധയോടെ മഴയത്തെക്ക് നോക്കി . ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന ഒരു കുട്ടിയാണ്. എന്നേക്കാള്‍ രണ്ട് വര്‍ഷം മുതിര്‍ന്നത് .ഞാന്‍ നോക്കിയിരുന്നു .എന്താ ചെയ്യുന്നതെന്ന് അറിയണമല്ലോ? വസ്ത്രം എടുത്തു കൊണ്ട് വന്നു പിഴിഞ്ഞ്, കുടഞ്ഞു മഴ യില്ലാത്ത ഭാഗത്തേക്ക് മാറ്റി വിരിക്കുകയാണ് കക്ഷി !! എനിക്കാകെ അത്ഭുതമായിപ്പോയി. എല്ലാവരും അവനവന്‍റെ  കാര്യം മാത്രം നോക്കിപോയപ്പോള്‍, അതുപോലും നോക്കാന്‍ വയ്യാതെ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ ഇവര്‍ക്കിത് എന്തിന്‍റെ സൂക്കേടാ!!! ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്നു!! ഏതായാലും കക്ഷിയെ ഒന്ന് പരിചയപ്പെട്ടിട്ട് തന്നെ കാര്യം...ഞാന്‍ ഒന്നുഷാറായി. കോളേജിലെ കൂട്ടുകാരികളാല്‍ 'കുഴി മടിച്ചി'യെന്ന് നാമകരണം ചെയ്യപ്പെട്ട ഞാന്‍ അവരെ പരിചയപ്പെടണം എന്നാഗ്രഹിച്ചതില്‍ ഒരു തെറ്റും ഇല്ലെന്നു നിങ്ങള്‍ക്ക് അറിയാമായിരിക്കും അല്ലെ ? അങ്ങിനെ ഞങ്ങള്‍ അടുത്തറിയാന്‍ തുടങ്ങി പരസ്പരം അറിയുന്ന നല്ല കൂട്ടുകാരാകാന്‍ ഞങ്ങള്‍ക്കധികം സമയം വേണ്ടി വന്നില്ല. പാടാന്‍ കഴിവുള്ള നന്നായി ചിത്രം വരയ്ക്കുന്ന,സ്നേഹത്തോടെ, വിനയത്തോടെ മാത്രം സംസാരിക്കുന്ന അവളെനിക്ക് വേഗം പ്രിയപ്പെട്ടവളായി. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന, മുഖം നോക്കാതെ തെറ്റുകണ്ടാല്‍ പറയുന്ന കുഴിമടിച്ചിയായ, എല്ലാവരോടും വഴക്കടിക്കുന്ന,എന്നെ അവള്‍ക്കെങ്ങനെ
സ്വീകര്യമായെന്നത് എനിക്കിന്നും ഒരത്ഭുതമായിത്തന്നെ  നിലനില്‍ക്കുന്നു.

പഠനം കഴിഞ്ഞ ഇടവേളകളില്‍ ഞങ്ങള്‍ പസ്പരം സ്നേഹം പങ്കുവെച്ചു. സ്വപ്നങ്ങള്‍ പങ്കു വെച്ചു. ഞാന്‍ തിരിച്ചുവരുന്നത് വരെ കാത്തിരിക്കണമെന്നോതി  പ്രവാസത്തിന്‍റെ  ഊഷരതയിലേക്ക് യാത്രയായ, ഇന്നെന്‍റെ  ജീവിതത്തിനു  നിറം പകരുന്ന എന്‍റെ  പ്രിയപ്പെട്ടവനെ കുറിച്ചായിരുന്നു
എനിക്ക് പറയാനുണ്ടായിരുന്നത്. ഞാന്‍ പറയുന്നതെന്തും ക്ഷമയോടെ കേട്ടിരുന്ന അവള്‍ക്കൊരിക്കലുമെന്നെ മുഷിഞ്ഞിരുന്നില്ല. എന്‍റെ  കഥകള്‍ മുഴുവന്‍ പറഞ്ഞു തീരുമ്പോള്‍ ഞാനവളോട്‌ ചോദിക്കും നിനക്കുമില്ലേ ഇങ്ങനെ മോഹങ്ങള്‍,സ്വപ്നങ്ങള്‍? എന്തെ നീ ഒന്നും എന്നോട് പറയാത്തത്. അതിന്നവളുടെ മറുപടി പലപ്പോഴും ഭംഗിയുള്ള ഒരു ചിരിയായിരിക്കും. ഒരിക്കലവളെന്നോട് അവളുടെ മനസ്സ് തുറന്നു. "എന്‍റെ  ഉമ്മയും ഉപ്പയും ചൂണ്ടി കാണിക്കുന്ന ഒരാള്‍ അതാണെന്‍റെ  സ്വപ്നം. അങ്ങിനെ ഒരാള്‍ എന്‍റെ  ജീവിതത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എന്‍റെ മോഹങ്ങള്‍ക്ക് ചിറകു മുളക്കും. പിന്നെ ഞാനെന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കും." അതുവരെ എനിക്കെല്ലാം നിന്‍റെ  വാക്കിലൂടെയുള്ള സന്തോഷം മാത്രം. അവളതിനായി കാത്തിരുന്നു. ഒരിക്കലുമൊരു പ്രലോഭനവുമവളെ വീഴ്ത്തിയില്ല. ഒന്നിലുമവള്‍ ആകൃഷ്ടയായതുമില്ല. മാതാപിതാക്കള്‍ അവള്‍ക്ക് അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ നല്ലൊരിണയെ കാണിച്ചു കൊടുക്കും എന്നുതന്നെ ഞാനും വിശ്വസിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു... എല്ലാ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കാറില്ലത്രേ .....  ഇത്തിരി പാവത്താന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ പ്രത്യേകിച്ചും..!!!                                                              
                മഴക്കാലം കഴിഞ്ഞു. ചൂട് തുടങ്ങി. മനസ്സിനും ശരീരത്തിനും ഇനി പരീക്ഷ കാലം. എല്ലാവരും 'സ്റ്റഡി ലീവി'നു നാട്ടിലേക്ക് പോയി. ഞാനവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് പോയാല്‍ പഠനം നടക്കില്ല. അവിടെയെത്തിയാല്‍ തീറ്റ മാത്രമേ നടക്കൂ അതുകൊണ്ടാകും ഉമ്മ പറയും: "പഠിപ്പ് തീര്‍ന്നിട്ട് ഇങ്ങോട്ട് വന്നാല്‍ മതി". അതിനിടക്ക് എനിക്കൊരു ഫോണ്‍ വന്നു . അതവളായിരുന്നു എന്‍റെ  കൂടുകാരി. അവള്‍ സന്തോഷത്തിലായിരുന്നു. വല്ലാത്തൊരു ആവേശത്തിലായിരുന്നു അവള്‍. അവള്‍ടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു.വരന്‍   'കംപ്യൂട്ടര്‍ എഞ്ചിനീയര്‍'. നല്ല കുടുംബം. എല്ലാം കൊണ്ടും നല്ല കാര്യം. വീട്ടുകാര്‍ക്ക് എല്ലാം കൊണ്ടും ഇഷ്ടം പിന്നെ എന്തിനു മടിക്കണം എല്ലാം ഉറപ്പിച്ചു. പരീക്ഷ കഴിഞ്ഞാല്‍ കല്യാണം ...!!
                               പിന്നെ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു . കല്യാണത്തിന് ഞാനും എന്‍റെ  കൂട്ടുകാരികളും പോയി. ആര്‍ഭാടത്തോടെയുള്ള  കല്യാണം. ഒന്നിനും ഒരു കുറവുമില്ല .വരന്‍ കാണാന്‍  'മിടുക്കന്‍'. അവളെ പറഞ്ഞയക്കുന്ന വീടാണെങ്കില്‍ ഒരു കൊട്ടാരമാണെന്നേ തോന്നൂ. കണ്ടവരും അറിഞ്ഞവരും കൂടിയവരുമെല്ലാം  പറയുന്നു  "അവള്‍ ഭാഗ്യവതി". അതെ,  ഞാനും അതേറ്റുചൊല്ലി . പിന്നെ കുറച്ചു ദിവസത്തിനു  ശേഷം അവള്‍  കോളേജിലേക്ക് വന്നു. കല്യാണം കഴിഞ്ഞതിന്‍റെ  ട്രീറ്റ്‌ തരാന്‍. അന്ന് പക്ഷെ അവളില്‍ ഞാന്‍ മുമ്പ്  കണ്ട ആവേശം കണ്ടില്ല. മാത്രവുമല്ല, അവളുടെ കണ്ണിലെ പ്രകാശം നഷ്ടമായത് പോലെ എനിക്ക് തോന്നി . എന്തുപറ്റി നിനക്ക്? എന്‍റെ ചോദ്യത്തിനവള്‍ ഉത്തരം തന്നില്ല. പകരം, ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എനിക്കും ആകെ വല്ലാതെയായി . കൂട്ടുകാരൊക്കെയും പറഞ്ഞു:  "ഇവിടുന്നു പോകേണ്ടിവന്നതിലെ സങ്കടമാകും. കുറച്ചു  കഴിയുമ്പോള്‍ മാറിക്കൊള്ളും എന്നൊക്കെ". അങ്ങിനെ പഠിത്തം പാതിവഴിയില്‍ നിര്‍ത്തി അവള്‍ യാത്രയായി അവളുടെ സ്വസ്ഥതയിലേക്ക്... 
                        ഒരു സ്ത്രീയുടെ സ്വസ്ഥത അതവളുടെ കുടുംബജീവിതം തന്നെയാണെന്നാണ് എന്‍റെ വിശ്വാസം. അങ്ങിനെയെങ്കില്‍ അവളും സ്വസ്ഥമായിരിക്കുന്നുണ്ടാകും. അങ്ങിനെ വിശ്വസിച്ചു ഞാന്‍.

                              എന്‍റെ  പ്രീ ഡിഗ്രി കഴിഞ്ഞു .ഞാനും യാത്രയായി എന്‍റെ സ്വസ്ഥതയിലേക്ക് .തിരികെ വരുവോളം  കാത്തിരിക്കണമെന്നോതി പോയ എന്‍റെ  പ്രിയപ്പെട്ടവന്‍ തിരികെ എത്തി. ഞങ്ങളൊന്നായൊഴുകാന്‍ തുടങ്ങി .രണ്ടു മാസത്തെ സന്തോഷത്തിനു ശേഷം എന്നെ വീണ്ടും ഹോസ്റ്റലിലേക്കയച്ചു എന്‍റെ പ്രിയപ്പെട്ടവന്‍ യാത്രയായി പ്രവാസത്തിന്‍റെ  പൊള്ളുന്ന ചൂടിലേക്ക്. ഞാന്‍ പുതിയ കോളേജില്‍, പുതിയ ഹോസ്റ്റലില്‍, പുതിയ കൂട്ടുകാരികള്‍ക്കിടയില്‍ എന്‍റെ  ഡിഗ്രി പഠനം ആരംഭിച്ചു. പുതിയത് വന്നു ചേരുമ്പോള്‍ നാം സ്വാഭാവികമായും പഴയതിനെ മറന്നു പോകും.. എന്‍റെ  പ്രിയപ്പെട്ട കൂട്ടുകാരിയെ ഞാന്‍ മറന്നു എന്നല്ല. എങ്കിലും, ഞങ്ങള്‍ രണ്ടാളും രണ്ടു ലോകത്തായിത്തീര്‍ന്നു എന്നെതായിരുന്നു സത്യം. ഇടക്ക് മഴ കനത്തു പെയ്യുമ്പോള്‍ അവളെന്‍റെ  ഓര്‍മ്മയിലേക്കോടിയടുക്കാറുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവാത്ത വിധം അവളെന്നില്‍ ഉറച്ചു പോയിരുന്നു .
                                           അന്നും ഒരു പെരുമഴക്കാലമായിരുന്നു. ഞാന്‍ ഉപ്പാടെ കൂടെ ഹോസ്പിറ്റലില്‍ പോയതായിരുന്നു .എന്‍റെ കണ്ണ് ടെസ്റ്റ്‌ ചെയ്യണം ,കണ്ണട മാറ്റണം .ഡോക്ടറുടെ റൂമിനു  മുന്നില്‍ ഊഴം കാത്ത് ഇരിക്കുകയായിരുന്നു ഞാന്‍ .പെട്ടെന്നാണ് തൊട്ടപ്പുറത്തെ സീറ്റില്‍ ഇരിക്കുന്ന ആളെ ശ്രദ്ധിച്ചത്. എന്‍റെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച ശബനയായിരുന്നുവത്. അവളെന്നെ കണ്ടതും വേഗമെഴുന്നേറ്റ് എന്‍റെ  അടുത്ത് വന്നിരുന്നു. സംസാരത്തിനിടയില്‍ 'അവളുടെ' വിഷയവും വന്നു. ശബന ഒരു നിമിഷം മൌനിയായി. എന്തേ..?? എനിക്കാകെ ആകാംക്ഷയായി.! അവളുടെ കാര്യമൊന്നുമൊറിയാതെ ഞാനും വിഷമിച്ചിരിക്കുകയായിരുന്നു. പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം അവള്‍ മന:പൂര്‍വം ഒഴിഞ്ഞു മാറിയതായി എനിക്ക് തോന്നിയിരുന്നു. എന്തേലും തിരക്കാകും കാരണം എന്ന് ഞാനും സമാധാനിച്ചു.! പക്ഷെ ഇന്ന് ശബനയുടെ മൌനം അതെന്നെ വല്ലാതെ ആശയകുഴപ്പത്തിലാക്കി. എനിക്ക് ആകാംക്ഷ  കൂടിക്കൂടി വന്നു. പിന്നീടവള്‍ പറഞ്ഞ കാര്യം ഞാനൊരിക്കലും അവളെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത... എന്താണോ സംഭവിക്കരുതെന്നു ദിവസവും പ്രാര്‍ത്ഥിച്ചിരുന്നത്. അത് തന്നെ കേട്ടിരിക്കുന്നു. എനിക്ക് ഒന്നുറക്കെ കരയനാണ് തോന്നിയത്. അപ്പോഴേക്കും എന്‍റെ  നമ്പര്‍ വിളിച്ചു ഞാന്‍ ഡോക്ടറുടെ  മുറിയിലേക്ക് കയറിപ്പോയി. പരിശോധന കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ശബ്നയെ കണ്ടതുമില്ല .

                                  തിരികെയുള്ള യാത്രയില്‍ നല്ല മഴയായിരുന്നു. ബസിന്‍റെ സൈഡ് സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. മഴത്തുള്ളികള്‍ എന്‍റെ  മുഖത്തേക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു. പക്ഷെ  ആ സമയമെനിക്ക് മഴയുടെ വശ്യഭംഗി ആസ്വദിക്കാനായില്ല. പകരം മനസ്സിലത്രയും ശബന പറഞ്ഞിട്ടു  പോയ വാക്കുകളായിരുന്നു.  അതിലൂടെ ഞാന്‍ അവളിലേക്ക് സഞ്ചരിക്കുകയയിരുന്നു. എന്താണവള്‍ക്ക് സംഭവിച്ചത് ? അതറിയാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു. ശബ്ന പറഞ്ഞതനുസരിച്ചാണെങ്കില്‍ കോടതി പറഞ്ഞ ദിവസത്തിനു  ഇനി നാലു ദിവസമേ ബാക്കിയൊള്ളൂ. അതിനു മുമ്പ് എനിക്കവളെ കാണണം സംസാരിക്കണം. കോടതിയില്‍ പോയി വിവാഹ മോചനം തേടാന്‍ മാത്രം എന്താണവളുടെ ജീവിതത്തില്‍ സംഭവിച്ചത് ? ഒരു കാരണവുമി ല്ലാതെ അവള്‍ അങ്ങിനെ ചെയ്യില്ല. അതെനിക്കുറപ്പാണ്.പക്ഷെ അവള്‍ മാത്രമാണ് കാരണക്കാരി എന്നാണല്ലോ ശബ്ന പറഞ്ഞത് !!! അത് എങ്ങിനെ സംഭവിച്ചു ? എനിക്കൊന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.
                               എത്ര ശ്രമിച്ചിട്ടും ഒന്ന് സംസാരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല. മനുഷ്യര്‍ ഇത്രക്ക് മാറുമോ? എനിക്കവളോടല്‍പ്പം ദേഷ്യം പോലും തോന്നി. അവളുടെ ഭാഗത്ത് എന്തേലും കുഴപ്പം സംഭവിച്ചു കാണും. അല്ലെങ്കില്‍ പിന്നെന്തിനെനിക്ക് മുഖം തരാതെ ഇങ്ങനെ മാറിനില്‍ക്കണം ?

                                 ദിവസങ്ങള്‍ കടന്നു പോയി .എനിക്കവള്‍ ഒരു വേദനയായി ഉള്ളില്‍ വിങ്ങി നിന്നു. ഒരിക്കല്‍ അവളെ എന്‍റെ  മുന്നില്‍ കിട്ടി .വളരെ യാദൃശ്ചികമായണെങ്കിലും അതെന്നെ വല്ലാത്ത സന്തോഷത്തിലാക്കി. ഞാന്‍ അവളോട്‌ വളരെ 'പരുഷ'മായിത്തന്നെയാണ് സംസാരിച്ചത്. എനിക്കതിനേ  ആവുമായിരുന്നുള്ളൂ. കാരണം അവളെയോര്‍ത്തു ഞാന്‍ അത്രമേല്‍ വേദനിച്ചിരുന്നു ഈ കഴിഞ്ഞു പോയ കുറെ ദിവസങ്ങള്‍ക്കിടയില്‍. പക്ഷെ, അവള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ലജ്ജിച്ചു.! കാര്യമറിയാതെ ഞാന്‍ അവളെ പഴിച്ചതിനു എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. അവള്‍ പറയുകയായിരുന്നില്ല എന്‍റെ മുന്നില്‍ ആര്‍ത്തു കരയുകയായിരുന്നു . "വിവാഹമോചനം പോലും കിട്ടാതെ ഇങ്ങനെ നരകിക്കാന്‍ മാത്രം എന്ത് തെറ്റാണു ഞാനീ ഭൂമിയില്‍ ചെയ്തത്" എന്ന അവളുടെ ചോദ്യം ഇന്നുമുണ്ട് എന്‍റെയുള്ളില്‍ ഒരു നേരിപ്പോട് പോലെ. "നിനക്കറിയോ, ഞാന്‍ മരിക്കാതെ ഇങ്ങനെ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന്..?  എന്‍റെ  മാതാപിതാകള്‍ക്ക് ഞാന്‍ കാരണം അപമാനം ഉണ്ടാകരുതെന്ന് കരുതി മാത്രമാണ്." അല്ലെങ്കില്‍ ഞാന്‍..? വിവാഹത്തിന്‍റെ അന്ന് രാത്രി തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു എനിക്ക് തെറ്റിപ്പോയെന്നു. നീ പറഞ്ഞ പോലെ പരസ്പരം അറിഞ്ഞും   ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്നും  ഉറപ്പാക്കിയതിനു ശേഷമുള്ള വിവാഹം തന്നെയാണ് നല്ലത്. അങ്ങിനെ പരസ്പരം മനസ്സിലാക്കിയ രണ്ടാളുകളുടെ ഇടയിലേക്ക് പണത്തിന്‍റെ  ശക്തികൊണ്ട് എത്തപ്പെട്ടവളാണ് ഈ ഞാന്‍. "എന്നെ സ്നേഹിക്കാന്‍ ആവില്ല" എന്ന് തുറന്നു പറയുമ്പോഴെല്ലാം ഞാന്‍ കാത്തിരുന്നത്  ഒരിക്കല്‍, ഒരിക്കലെല്ലാം നേരയാകും എന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അയാള്‍ക്ക് ഒരു കുഞ്ഞുണ്ടായി എന്ന അറിവ് അതെന്നെ തളര്‍ത്തി. എന്നെ ഒഴിവാക്കി തന്നേക്കൂ...  ഞാനൊരിക്കലും നിങ്ങള്‍ക്കൊരു ബാധ്യതയാവില്ല എന്ന എന്‍റെ അപേക്ഷക്കുള്ള ഉത്തരം എന്തായിരുന്നു എന്നറിയേണ്ടേ  നിനക്ക് ?. "നീ എനിക്കൊരു മറയാണ് എന്‍റെ  കുടുംബക്കാര്‍ക്കും ഈ വൃത്തികെട്ട സമൂഹത്തിനും ഇടക്കുള്ള ഒരു മറ. ഞാന്‍ കാലുപിടിച്ചു പറഞ്ഞതായിരുന്നു എന്‍റെ മാതാപിതാക്കളോട് എനിക്കുള്ള പെണ്ണിനെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവളെയല്ലാതെ  വേറെ ഒരു പെണ്ണിനേയും സ്നേഹിക്കാനാവില്ല എന്ന്. പക്ഷെ, പണം സമൂഹത്തിലെ 'നിലയും വിലയും', മതം  അങ്ങിനെ പലതും പറഞ്ഞവരെന്നെ/എന്‍റെ ഇഷ്ടത്തെ വിലക്കി. എന്നിട്ടും ഞാന്‍ വഴങ്ങില്ലെന്ന് മനസ്സിലാക്കിയ അവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അവസാനം ഞാന്‍ സമ്മതിച്ചു. പക്ഷെ, ഞാനവരോട് പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടിയല്ല ഈ 'വിവാഹ'മെന്ന്. ഇനി നീ വിവാഹമോചനം നേടിപ്പോയാല്‍ അവര്‍ എന്നെ വീണ്ടും ഏതെങ്കിലും കുരുക്കില്‍ ചാടിക്കും അതിലും നല്ലത് നീ തന്നെയാണ് ഒന്നുമില്ലേലും ആരോടും ഒന്നും പറയാതെ ഇങ്ങനെ കഴിഞ്ഞു കൂടിക്കൊള്ളുമല്ലോ" ...!!!!! 

ഇങ്ങനെ പറയുന്ന ഒരാളില്‍ നിന്നും ഞാനെന്താണ്  പ്രതീക്ഷിക്കേണ്ടത് ? അങ്ങിനെയാണ് എനിക്ക് കോടതിയെ ആശ്രയിക്കേണ്ടി വന്നത്. രണ്ടു പേരും കൂടി ഒന്നിച്ചു ഒപ്പിടണം പോലും. എന്നാലേ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നുള്ളൂ...  അത് നടന്നില്ല. ജഡ്ജി എന്നോട് പറഞ്ഞതെന്തെന്നറിയാണോ നിനക്ക് ? "കുട്ടിയുടെ ഭര്‍ത്താവിന്നു വിവാഹമോചനത്തിന്  താല്പര്യമില്ലാത്തനിലക്ക് ഒരു 'ഒത്തു തീര്‍പ്പിന്' ശ്രമിച്ചു കൂടെ..?"  എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. മിണ്ടാതിരുന്ന എന്നെ നോക്കി ജഡ്ജി  ചോദ്യമാവര്‍ത്തിച്ചു..  കോടതിമുറിയില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. മൂന്നു വര്‍ഷം  'കന്യക'യായി ഭര്‍ത്താവിന്‍റെ  കൂടെ കഴിയേണ്ടി വന്ന എനിക്ക് എന്ത് തരം  ഒത്തുതീര്‍പ്പാണ് കോടതിക്ക് നിര്‍ദേശിക്കാനുള്ളത്..?‌ പക്ഷെ എന്‍റെ  ആ വാദം വിപരീത ഫലം ചെയ്തു. ഒരു പുരുഷന്‍റെ  ബലഹീനതയെയും അതിന്‍റെ  ചികിത്സയുടെ ആവശ്യകതയെയും കുറിച്ചായിരുന്നു കോടതിക്ക് പറയാനുണ്ടായിരുന്നത്. അയാളുടെ വികൃത മുഖം പിച്ചിച്ചീന്താന്‍ ഞാനാഗ്രഹിച്ചു. പക്ഷെ, ഞാനതിനു  അശക്തയാണെന്ന അറിവ് എന്നെ നിശബ്ദയാക്കി. വീണ്ടും ആ വീട്ടില്‍...... എല്ലാവരുടെയും മുന്നിലിന്ന് ഞാന്‍ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ  ക്രൂരയായ 'ഭാര്യ'യാണ് . എന്നെ മനസ്സിലാക്കാന്‍ ആരുമില്ല... എനിക്കൊരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍.! ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ  മുമ്പിലവള്‍  ഏങ്ങലടിച്ചു കരഞ്ഞു ആശ്വ സിപ്പിക്കാന്‍ ഒരു വാക്കുപോലും കിട്ടാതെ ഞാന്‍ തരിച്ചിരുന്നു. എന്‍റെ  തൊണ്ട വരളുന്നത്‌ പോലെ എനിക്കനുഭവമായി! "ഇല്ല, എനിക്കൊന്നും വിധിച്ചിട്ടില്ല"എല്ലാം സഹിക്കാന്‍ ഞാനിപ്പോള്‍ പഠിക്കുകയാണ്. 'വിധി' എന്ന് കരുതി ഞാന്‍ സമാധാനിച്ചു കൊള്ളാം ... അവള്‍ പറഞ്ഞു നിര്‍ത്തി.

                                   മഴ വീണ്ട്ടും പെയ്തു. കാലം വീണ്ടും ഒഴുകി അതിന്‍റെ കുത്തൊഴുക്കില്‍ ഞാനും കുറെ ദൂരം നീന്തി. തുഴഞ്ഞുതുഴഞ്ഞു മടുത്തുകാണുമോ  അവള്‍ക്കിന്ന്..? ഇവിടെ ഈ മരുഭൂമിയില്‍ ഇങ്ങനെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്നു മടുത്തപ്പോള്‍ എന്‍റെ  പ്രിയപ്പെട്ടവന്‍ എന്നെയും കൂടെ കൂട്ടി . ഞങ്ങള്‍ വീണ്ടും ഒന്നായിയൊഴുകാന്‍ തുടങ്ങി.  അതിന്നിടയില്‍ നാല് മക്കള്‍ ഞങ്ങള്‍ക്ക് കൂട്ടായെത്തി. ഇന്നും ഒരു ശാന്തമായ പുഴ കണക്കെ ഒഴുകുന്നു ഞങ്ങള്‍.. ഒന്നായി ചേര്‍ന്ന്...
                                പക്ഷെ,  നഷ്ടങ്ങളുടെ  കണക്കുപുസ്തകത്തില്‍ അവളിന്നും ഒരു നോവായി അവശേഷിക്കുന്നു. ഒരു  നെരിപ്പോട് കണക്കെ അവളിന്നുമെന്നില്‍ നീറിപ്പുകയുന്നു.
 
                            ചില സമയത്ത് നാം  ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാറില്ലേ  വെറും  കാഴ്ചക്കാര്‍  മാത്രമായി.! അങ്ങിനെ ഒരവസ്ഥയിലൂടെ ഞാനും കടന്നു പോയി. അവളുടെ കാര്യത്തില്‍ പിന്നെ  സൗകര്യ പൂര്‍വ്വം ഞാനെന്നെ ന്യായീകരിച്ചു. 

                           ഇന്നവള്‍ എവിടെയാണെന്നെനിക്ക് നിശ്ചയമില്ല . ഒരു പക്ഷെ എല്ലാം നേരെയായി സ്വസ്ഥയായി... അങ്ങിനെയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഇന്നെന്‍റെ  കൂടെ നിങ്ങളും ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിച്ചോട്ടെ..?  അതിനായി നമുക്ക് ചെവിയോര്‍ക്കാം. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍  മഴ പെയ്യുന്നതിനൊപ്പം മഴയത്ത്  നനയാന്‍ ഞാനും പോകുന്നു.. അതിലൂടെ എനിക്ക് നഷ്ടമായ പലതിനെയും വീണ്ടെടുക്കാന്‍ കൂടെ ഈ പെരുമഴക്കാലത്ത് എനിക്കവളെയും തിരിച്ചു കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പഴയപോലെ ഞങ്ങളൊന്നിച്ചു ചിരിച്ചുല്ലസിച്ച്‌ ജീവിതം പറയും, ജീവിതത്തെ പറയും. 

ആ നല്ല മനസ്സുള്ള എന്‍റെ പ്രിയപ്പെട്ട  കൂട്ടുകാരിക്ക് വേണ്ടി ഈപോസ്റ്റ് സമര്‍പ്പിച്ചു കൊണ്ട്   തല്‍ക്കാലം  ഞാന്‍  വിട പറയട്ടെ .എന്‍റെ  സ്വസ്ഥതയിലേ ക്ക്.......!!
              പ്രാര്‍ത്ഥനയോടെ .....

Saturday, April 2, 2011

എന്റെ നോവിന്റെ കണ്ണുനീർ




വിടചൊല്ലി പിരിയാനെനിക്കാകുമോ ?
എന്നിലലിഞ്ഞു ചേർന്ന നിന്നോട് തന്നെ.
സത്യം, അതിനാലാശംസകളർപ്പിച്ചു
ഞാനിന്നു തിരികെ പോകുന്നു,
ഇരുട്ടാർന്ന എൻ സ്വസ്ഥതയിലേക്ക്...

ഇറ്റിറ്റായെങ്കിലും നീയെനിക്കായ് തന്ന സ്നേഹം...
ഒരു മഴപോലെ, സുഖമുള്ളൊരു കാറ്റുപോലെ
എനിക്കനുഭവമായതെന്തേ ?
പുലര്‍കാലസ്വപ്നം കണക്കെ
നീയന്നുതന്ന നിമിഷങ്ങളത്രയും,
യുഗമായെന്നില്‍ വളരുന്നതെന്തേ ?

എല്ലാമൊരു തെളിനീരരുവിയെന്നപോല്‍
ഒഴുകുമെന്നന്ത്യം‍വരേക്കുമെന്നാകിലും
വരില്ല; ഇനിയൊരിക്കലും നിന്റെ
ഹൃദയത്തിലേക്കൊരു ബാധ്യതകണക്കെ ഞാൻ...
എന്നിലൊഴുകുന്ന നിന്നോർമകൾ
നിറഞ്ഞൊഴുകും പുഴയെന്നപോൽ
അതിലൊന്നുചേർന്നൊഴുകാനായ്
ആശിക്കുമെൻ മോഹവല്ലരിയെ
ശാസിക്കുന്നിന്നു ഞാൻ...

നീയൊഴിഞ്ഞയീ ഹൃദയത്തെ
ഞാനിന്നുവിൽക്കുന്നു, ഒരുപാഴ്വസ്തുകണക്കെ
പാഴ്വിലയാണിതിന്നെന്നറിയുകിലും
ഇന്നെൻ കണ്ണുനനയാത്തതെന്തേ ?
ഒരു പേമാരികണക്കേ
പെയ്തൊഴിയാത്തതെന്തേ ?

ഊഷരമീ ഭൂവിലും, തേങ്ങുമെൻ ഹൃത്തിലും
ഊർവരമെന്നും നിന്നോർമകൾ മാത്രം

Wednesday, February 23, 2011

'എന്‍റെ മാത്രം പൂക്കാലം'

നഷ്ട സ്വപനങ്ങളുടെ ഭാണ്ഡം പേറി വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പേന വീണ്ടും ചലിച്ചു തുടങ്ങുന്നു. ഒരിക്കലും ഞാന്‍ നിനച്ചില്ല. ഇതിങ്ങിനെ വന്നു ഭവിക്കുമെന്ന്. കാരണം, പ്രണയം ഉണ്ടെങ്കിലേ എന്നിലെ എഴുത്താണി ചലിക്കൂവെന്ന മിഥ്യാ ധാരണയില്‍ നിലച്ചു പോയ എന്‍റെ ശ്വാസത്തെ വീണ്ടും തുടിക്കുവാന്‍ പ്രേരിപ്പിച്ചത് ആരാണ്..? "തിട്ടമായൊരുത്തരമില്ലെനിക്കിതിന് " എന്നാല്‍, ഇപ്പോള്‍ എന്‍റെ മനസ്സിനെ വല്ലാതെ വരിഞ്ഞു മുറിക്കുന്ന ഈ നോവോ അതോ, കഴിയും നിനക്കെന്നോതി ആത്മ വിശ്വാസത്തെ എന്നിലൂട്ടിയ എന്‍റെ സുഹൃത്തോ.. അതോ, ഈ മരുഭൂമിയിലെ ഊഷരമായ ജീവിത പരിസരത്തു നിന്നും രക്ഷപ്പെടാന്‍ കൊതിക്കുന്ന ഈ ഭ്രാന്തന്‍ മനസ്സോ..? എന്തുമായിക്കൊള്ളട്ടെ, ഇവക്കുള്ള ഉത്തരമായി ഞാനിതാ എഴുതി തുടങ്ങുന്നു. ഇന്നലെകളിലേക്ക് കണ്ണയച്ചു കൊണ്ട്......

പിറകോട്ട് പിറകോട്ട് ഒരുപാട് പിറകോട്ട്. എന്നിട്ടിപ്പോള്‍ ഞാനെത്തി നില്‍ക്കുന്നു ആ കൊന്നപൂത്ത മരച്ചുവട്ടില്‍. വയ്യ, ഇനിയും പിറകോട്ട് നടക്കാന്‍ എനിക്ക് വയ്യ...!! അല്ലെങ്കിലും പണ്ട് മുതല്‍ക്ക് തന്നെ ഈ 'കണികൊന്ന'യെന്നെ പിടിച്ചു നിര്‍ത്തുമായിരുന്നുവല്ലോ..? ഇവിടെ നിന്നും ഒന്നനങ്ങാന്‍ പോലുമാവാതെ നിന്നിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നുവല്ലോ.?
'എന്‍റെ മാത്രം പൂക്കാലം'.

ഒരടി പിറകോട്ടോ മുന്നോട്ടോ ഓര്‍മ്മയെ നടത്താന്‍ എനിക്കുവയ്യാ.. സാധിക്കുമോ എനിക്കിവിടം വിട്ടു പോവ്വാന്‍..? കാലാന്തരത്തില്‍ മറഞ്ഞു പോയ ആ പൂക്കാലം തിരിച്ചു പിടിക്കാനായെങ്കില്‍ എന്നു ഞാന്‍ വെറുതെ മോഹിച്ചു പോകുന്നു.!!
ഇല്ല. എന്‍റെ ശരീരത്തിന്നാവില്ല. കാരണം, വെള്ളി കണ്ട മുടിയും, ചുളിവു വീണു തുടങ്ങിയ തൊലിയും, ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഈ ജീവിതവും ശേഷിപ്പായുള്ള എനിക്ക് പോയ കാലത്തെ കയ്യെത്തിപ്പിടിക്കാനാകുമോ...?
ഇല്ല..... എന്തിന്, ഇന്നിനെ പോലും കാണാന്‍ എന്‍റെ കണ്ണുകളുടെ കാഴ്ച മങ്ങിയിരിക്കുന്നു. എങ്കിലും എന്‍റെ മനസ്സു വല്ലാതെ വിസമ്മതിക്കുന്നു. ഇവിടംവിട്ടു മുന്നോട്ടു പോകാന്‍.

ഇന്നിവിടെ ഞാന്‍ തനിച്ചാണല്ലോ..? വര്‍ഷങ്ങള്‍ക്ക് പിറകിലേക്കുള്ള ഈ യാത്രയുടെ തുടക്കത്തില്‍ ഞാന്‍ ആഗ്രഹിച്ചത്‌ ഈ ഏകാന്തതയായിരുന്നില്ലല്ലോ..? എവിടെ ഇന്നെന്‍റെ സുഹൃത്തുക്കളും, ഒച്ചയും ബഹളവും, പിന്നെ കുറെ നല്ല നിമിഷങ്ങളും.. ആര്‍ത്തു തിമിര്‍ക്കുന്ന മഴയില്‍പ്പോലും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഇന്ന് മഴയുടെ ആരവവും എന്നിലെ ആഘോഷങ്ങളും പെയ്തൊഴിഞ്ഞിരിക്കുന്നു. ഞാന്‍ വീണ്ടും തനിച്ചായി... ഈ കൊന്നപ്പൂമരച്ചുവട്ടില്‍.

ഓര്‍മ്മകളില്‍, ഞങ്ങള്‍ ആമോദത്തില്‍ ജീവിക്കുകയായിരുന്നു. ഞങ്ങളില്‍ 'അവനോ അവളോ' ഇല്ലായിരുന്നു. ഞങ്ങള്‍ ഞങ്ങളായിരുന്നു. ഇതില്‍ ആരും ആരെയും പ്രണയിച്ചില്ല. പരസ്പരം ഉള്ളു തുറന്നു ചിരിച്ചു സ്നേഹത്തോടെ... ഹ്രദയപൂര്‍വ്വം. തമ്മില്‍ പറയാത്തതും അറിയാതതുമായി ഒന്നുമില്ലെന്ന് ഞങ്ങള്‍ അഹങ്കരിച്ചു. പക്ഷെ, ഇടക്കെപ്പോഴോ ഞാന്‍ കൂട്ടത്തില്‍ നിന്നുമല്‍പം മാറി നടന്നു. അതെ, അതൊരു വഞ്ചനയായിരുന്നു. മറ്റുള്ളവരോടോ ഈ എന്നോട് തന്നെയോ ഞാന്‍ ചെയ്ത ഒരു ചതിയായിരുന്നുവത്.

ഞാന്‍ അറിയാതെ നിന്നെ സ്നേഹിച്ചു പോയി. അല്ല പ്രണയിച്ചു പോയി. സ്നേഹമെന്നും നമ്മളില്‍ ഉണ്ടായിരുന്നുവല്ലോ..? അതെ, എനിക്ക് നിന്നോട് പ്രണയം തന്നെയായിരുന്നു. എനിക്കിതൊരു ചതിയായി തോന്നിയെങ്കിലും{?}നിന്നോടുള്ള എന്‍റെ ഇഷ്ടത്തെ/സ്നേഹത്തെ/പ്രണയത്തെ എനിക്ക് ഉപേക്ഷിക്കാനായില്ലാ. കാരണം,നീ എനിക്കത്രമേല്‍ പ്രിയമുള്ളവനായിരുന്നു. അതിനുശേഷമാണെന്ന് തോന്നുന്നു ഞാനീ കൊന്നമരച്ചുവട്ടിലിരിക്കിരിക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പക്ഷെ, അവരാരുമെന്നെയതിനു അനുവദിക്കാറില്ലായിരുന്നു. എന്നാല്‍, അന്ന് ഞാന്‍ കൊതിച്ചതെന്തുവോ അതിന്നു ഞാന്‍ വെറുക്കുന്നു. ഇന്നെനിക്ക് ഇങ്ങനെ ഒറ്റക്കിരിക്കുവാനാകുന്നില്ലാ. മുമ്പെന്നെത് പോലെ എല്ലാവരുമൊന്നൊത്തു കൂടിയിരുന്നെങ്കിലെന്നു ഞാന്‍ വൃഥാ മോഹിച്ചു പോകുന്നു.

പിന്നീടെന്നാണ് നിങ്ങളെന്‍റെ 'കള്ളം' കണ്ടു പിടിച്ചത്..? ഞാനതിനെ ഉച്ചത്തില്‍ പറഞ്ഞിരുന്നില്ലല്ലോ.? എനിക്കതിനെ എന്നോട് തന്നെയും പറയാന്‍ ഭയമായിരുന്നുവല്ലോ..? എന്നിട്ടും, നിങ്ങളത് വായിച്ചെടുത്തു. "മുഖം മനസ്സിന്‍റെ കണ്ണാടിയെന്നു" പറയുന്നതെത്ര ശരി..!! പിന്നീടെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു., അവസാന വര്‍ഷ പരീക്ഷാ ഹാള്‍ ഇന്നുമെന്‍റെ ഓര്‍മ്മയിലുണ്ട്. പൂപ്പലേല്‍ക്കാത്തൊരു ചിത്രം കണക്കെ അതിന്നുമെന്‍റെ മനസ്സില്‍ തിളങ്ങുന്നു. എന്നിട്ടും..... എല്ലാം മതിയാക്കി....... {മതിയായിട്ടായിരുന്നില്ലാ, പക്ഷെ, പിന്നീടവിടം നാം മാറ്റാര്‍ക്കോവേണ്ടി ഒഴിച്ചിടാന്‍ നാം നിര്‍ബന്ധിതരായിരുന്നുവല്ലോ..?} നമ്മള്‍ പിരിഞ്ഞ ആ ദിവസം നീ പറഞ്ഞ വാക്കുകള്‍. അതായിരുന്നുവല്ലോ എന്‍റെ അവസാന 'കവിത'.!!!

"ഓര്‍ക്കും,നിന്നെ ഞാന്‍ എന്നുടലില്‍
ചാരം പൊതിയും നാള്‍ വരെയും.
പക്ഷെ,ഓര്‍ക്കരുതെന്നെനീ നിന്നുടലില്‍
വാര്‍ദ്ധക്യം വന്നണയും വരെയും"

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരാ.... എന്തായിരുന്നു അതിന്‍റെ അര്‍ത്ഥം...?
അന്നതിനെ മനസ്സിലാക്കാന്‍ എനിക്കായില്ലാ... പക്ഷെ, ഇന്നതിനെ ഞാന്‍ ഇങ്ങിനെ കൂട്ടി വായിക്കുന്നു. നിന്‍റെ ഓര്‍മ്മയില്‍ ഞാനുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. നിന്നെ ഞാന്‍ ഓര്‍ക്കാതെ ആയതെന്നെന്നോ അതുമെനിക്കറിയില്ല. എന്നാല്‍ നിന്നെ ഞാനിന്നോര്‍ക്കുമ്പോള്‍ എനിക്കുറപ്പായി എന്നില്‍ വാര്‍ദ്ധ്യക്യത്തിന്‍റെ അടയാളങ്ങള്‍ പ്രകടമായിയെന്ന്‌. ഞാന്‍ നിന്നെ ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്നു ഞാന്‍ അനുഭവിക്കുന്നതും ഈ നിമിഷം തന്നെ...! അല്ലായിരുന്നുവെങ്കില്‍, നിന്‍റെയാ അവസാന വാക്ക് ഞാനിത്ര കണ്ടു അനുസരിക്കില്ലായിരുന്നുവല്ലോ...? എനിക്കിവിടം വിടാന്‍ സമയമായെന്നറിയിച്ചു കൊണ്ട് സമയ സൂചിക അതിവേഗത്തില്‍ ചലിക്കുന്നു..... വാര്‍ദ്ധക്യത്തിന്‍റെ മരുന്ന് മണക്കുന്ന ഇടുക്കത്തിലേക്ക് മടക്കയാത്രയാകുമ്പോള്‍, ഞാന്‍ വീണ്ടുമാശിച്ചു പോകുന്നു. "നിന്‍റെ 'വാക്കിനെ' മനസ്സാ വരിച്ച എന്നെയും തേടി ആ വാക്കിനെ സത്യമാക്കാന്‍ നീ വരുമെന്ന്".

പ്രിയമുള്ളവനെ... ഇന്നെന്നുടലില്‍ വാര്‍ദ്ധക്യം കടന്നാക്രമിച്ചു കഴിഞ്ഞു. ഇനി നിന്‍റെ സമ്മതത്തോടെ തന്നെ ഞാന്‍ നിന്നെ ആഗ്രഹിച്ചു കൊള്ളട്ടെ...!! എന്‍റെ കാത്തിരിപ്പിന്നൊടുവില്‍ നമ്മുടെ കൊന്നപ്പൂമരം വീണ്ടും പൂ പൊഴിക്കുമായിരിക്കുമല്ലേ.......???????